ദോഹ: പിതാവിെൻറ അപ്രതീക്ഷിത വേർപാടിനു പിന്നാലെ, അന്ത്യകർമങ്ങൾ നിർവഹിക്കാനും ഒരു നോക്ക് കാണാനുമായി നാട്ടിലെത്താൻ ശ്രമിച്ചിട്ടും നടക്കാതെ, ഖത്തറിലെ താമസസ്ഥലത്ത് കണ്ണീരോടെ കഴിയുന്ന ഒരു മകന്റെ വേദനയുടെ കഥയാണ് ഇത്. തൃശൂർ സ്വദേശിയും മുംബൈയിൽ സ്ഥിരതാമസക്കാരുമായ പി.എസ്. സത്യൻ തിങ്കളാഴ്ച പുലർച്ചെ മൂന്നിനാണ് മുംബൈയിലെ എം.ജി.എം മെഡിക്കൽ കോളജിൽ മരണപ്പെട്ടത്. പിതാവിെൻറ മരണവാർത്തയെത്തുമ്പോൾ ഖത്തറിലായിരുന്നു മകൻ സുരാഗ് സത്യൻ. ഉടൻ നാട്ടിലേക്ക് പോകാനുള്ള ഒരുക്കം തുടങ്ങി. ജോലിചെയ്യുന്ന ഓറിയന്റ് ടെക് കമ്പനിയുടെ ഡയറക്ടർ രൂപേഷ് മോഹനും സഹപ്രവർത്തകരുമെല്ലാം സുരാഗിനെ എങ്ങനെയെങ്കിലും നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലായി. രാത്രി ഏഴിനുള്ള ഇൻഡിഗോ എയർലൈൻസിൽ മുംബൈയിലേക്ക് ടിക്കറ്റെടുത്തു. രാവിലെ തന്നെ ലാബിലെത്തി കോവിഡ് പരിശോധനക്ക് സാമ്പിൾ നൽകി. പിന്നീടായിരുന്നു തടസ്സങ്ങളുടെ തുടക്കം.
വിദേശരാജ്യങ്ങളിൽ നിന്ന് നാട്ടിലേക്ക് മടങ്ങുന്നവർ എല്ലാവരും എയർസുവിധ വഴി രജിസ്റ്റർ ചെയ്ത് അനുമതി വാങ്ങണം എന്ന കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രാലയത്തിെൻറ നിബന്ധനയായിരുന്നു കടമ്പ. കോവിഡ് വ്യാപന സാഹചര്യത്തിൽ ആർ.ടി.പി.സി.ആർ പരിശോധനക്കുള്ള തിരക്ക് കൂടിയതോടെ ഫലം ലഭിക്കാൻ 32 മുതൽ 48 മണിക്കൂർ വരെ സമയമെടുക്കും എന്നതിനാൽ സുരാഗിെൻറ അടിയന്തര സാഹചര്യത്തിലെ യാത്ര മുടങ്ങുമെന്ന നിലയിലായി. അവസാന ശ്രമം എന്ന നിലയിൽ ആന്റിജൻ നെഗറ്റിവ് പരിശോധന ഫലവുമായി എയർ സുവിധയിൽ രജിസ്റ്റർ ചെയ്തെങ്കിലും അപേക്ഷ നിരസിച്ചു. മരണ സർട്ടിഫിക്കറ്റും അടിയന്തര ഘട്ടത്തിലുള്ള യാത്ര അനുവദിക്കണമെന്ന ഖത്തറിലെ ഇന്ത്യൻ എംബസിയുടെ സാക്ഷ്യപത്രവുമായി വിമാനത്താവളത്തിലെത്തിയിട്ടും യാത്ര അനുവദിച്ചില്ല.
ടിക്കറ്റ് എടുത്ത ഇൻഡിഗോ എയർലൈൻസ് വഴിയും എയർ ഇന്ത്യ ഉദ്യോഗസ്ഥർ വഴിയും ഇന്ത്യയിലെ സിവിൽ ഏവിയേഷൻ വിഭാഗവുമായി ബന്ധപ്പെട്ടിട്ടും യാത്ര ചെയ്യാൻ അനുവദിച്ചില്ലെന്ന് സുരാഗിെൻറ സുഹൃത്തുക്കൾ 'ഗൾഫ് മാധ്യമ'ത്തോട് പറഞ്ഞു. തിങ്കളാഴ്ച ഉച്ചയോടെ ഹമദ് വിമാനത്താവളത്തിലെത്തിയ സുരാഗ് നാട്ടിലേക്ക് പോകാമെന്ന പ്രതീക്ഷയിൽ അഞ്ച് മണിക്കൂറിലേറെ പ്രതീക്ഷയോടെ കാത്തെങ്കിലും ഫലമുണ്ടായില്ല. ഒടുവിൽ പിതാവിനെ അവസാനമായി കാണാനും അന്ത്യശുശ്രൂഷ നടത്താനുമുള്ള സ്വപ്നം ബാക്കിയാക്കി രാത്രിയോടെ താമസ സ്ഥലത്തേക്ക് മടങ്ങി. ഏകമകനായ സുരാഗിെൻറ അസാന്നിധ്യത്തിൽ പിതൃസഹോദരൻ സംസ്കാര ചടങ്ങിന് നേതൃത്വം നൽകി.
'മാനുഷിക പരിഗണന നൽകണം'
ദോഹ: കേന്ദ്ര സർക്കാർ യാത്രാ ചട്ടത്തിലെ ഇളവ് റദ്ദാക്കിയത് കാരണം അടിയന്തര യാത്രികർ ബുദ്ധിമുട്ട് നേരിടുന്നതായി ലോകകേരള സഭാംഗവും ഖത്തറിലെ പൊതു പ്രവർത്തകനുമായ അബ്ദുൽറഊഫ് കൊണ്ടോട്ടി പറഞ്ഞു. എയർ സുവിധയിൽ അടിയന്തര യാത്രികർക്ക് നേരത്തേ നൽകിയ ഇളവുകൾ പുനഃസ്ഥാപിക്കണമെന്നും സൗകര്യപ്രദമായ നിബന്ധന വെക്കണമെന്നും നിർദേശിച്ചു. രണ്ട് ഡോസ് വാക്സിൻ എടുത്തവർക്ക് ആന്റിജൻ ടെസ്റ്റ് ഫലം പരിഗണിച്ചുകൊണ്ട് യാത്രാനുമതി നൽകണമെന്ന് എം.പിമാർക്കും മറ്റും നൽകിയ പരാതിയിൽ ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു. ഉറ്റവരുടെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാനും അവസാന നോക്കുകാണാനുമായി നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മാനുഷിക പരിഗണ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.