ദോഹ: ഖത്തറിന്റെ ഫുട്ബാൾ പ്രണയത്തെയും ലോകകപ്പിന്റെ ഒരുക്കങ്ങളെയുമെല്ലാം പുകഴ്ത്തി പി.എസ്.ജിയുടെ ഇറ്റാലിയൻ താരം മാർകോ വെറാറ്റി. ഞായറാഴ്ച ബനിയൻ ട്രീ ഹോട്ടലിൽ വാർത്തസമ്മേളനത്തിലായിരുന്നു 10 വർഷമായി ഫ്രഞ്ച് ടീമിനൊപ്പമുള്ള താരം തന്റെ ഖത്തർ പരിചയത്തെക്കുറിച്ച് വാചാലനായത്. 'ഏറെ പരിചയമുള്ള രാജ്യമാണ് ഖത്തർ. പലതവണ ഇവിടെ വരുകയും പരിശീലനം നടത്തുകയും ചെയ്തിട്ടുണ്ട്. ഫുട്ബാളിനോടുള്ള ആവേശവും ജനങ്ങളും ഈ നാടും ഏറെ ഇഷ്ടമാണ്. ജീവിതത്തിൽ ഒരിക്കലെങ്കിലും ഖത്തർ സന്ദർശിക്കണമെന്ന് സുഹൃത്തുക്കളോടും ബന്ധുക്കളോടും പറയാറുണ്ട്' -ഇറ്റാലിയൻ മധ്യനിര താരം കൂടിയായ വെറാറ്റി പറഞ്ഞു.
തുടർച്ചയായി രണ്ട് ലോകകപ്പുകളിൽ ടീമിന് യോഗ്യത നേടാനാവാതെ പോയതിന്റെ നിരാശയും താരം പങ്കുവെച്ചു. 'ഏതൊരു ഫുട്ബാൾ താരത്തിന്റെയും സ്വപ്നമാണ് ലോകകപ്പിൽ കളിക്കുകയെന്നത്. എന്നാൽ, മികച്ച ടീമും താരങ്ങളും ഉണ്ടായിട്ടും ഇറ്റലിക്ക് 2018 റഷ്യയും ഇപ്പോൾ ഖത്തർ ലോകകപ്പും നഷ്ടമായത് തീരാ വേദനയാണ്. യൂറോപ്യൻ ചാമ്പ്യന്മാരായിരിക്കെയാണ് ഞങ്ങൾക്ക് ലോകകപ്പ് നഷ്ടമാവുന്നത്. ഫുട്ബാളിൽ ജയവും തോൽവിയുമെല്ലാം സ്വാഭാവികമാണ്. നിരാശയുണ്ടെങ്കിലും ശക്തമായി തിരികെയെത്തും' -താരം പറഞ്ഞു.
ഫ്രാൻസ് തുടർച്ചയായി രണ്ടാം തവണയും ലോകകപ്പ് നേടുമെന്നായിരുന്നു പി.എസ്.ജിയുടെ ഫ്രഞ്ച് സെൻറർ ബാക്ക് പ്രെസ്നൽ കിംപെംബെയുടെ വാക്കുകൾ. 'മികച്ച കളിക്കാരും തയാറെടുപ്പുമായാണ് ഫ്രാൻസ് ലോകകപ്പിനൊരുങ്ങുന്നത്. ഗ്രൂപ് റൗണ്ടിലേത് ഉൾപ്പെടെ ഓരോ മത്സരവും ഞങ്ങൾക്ക് വിശേഷപ്പെട്ടതാണ്. കിരീടം നിലനിർത്താനുള്ള എല്ലാ സാധ്യതയുമുള്ള ടീമാണിത്. ലോകകപ്പിനായി തയാറെടുപ്പിന് കൂടുതൽ സമയം ലഭിച്ചതായും അദ്ദേഹം പറഞ്ഞു. പി.എസ്.ജി കോച്ച് മൗറിസിയോ പൊച്ചെട്ടിനോയും വാർത്ത സമ്മേളനത്തിലുണ്ടായിരുന്നു. യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടത്തിൽ എത്താൻ എന്തുകൊണ്ടും യോഗ്യതയുള്ള ടീമാണ് പി.എസ്.ജിയെന്നായിരുന്നു ഇതുസംബന്ധിച്ച ചോദ്യത്തിനുള്ള മറുപടി. സീസണിൽ നന്നായി കളിച്ചു. പക്ഷേ, പ്രീക്വാർട്ടറിൽ തോറ്റത് കിരീടം ഇത്തവണയും നഷ്ടപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.