ദോഹ: ലോകകപ്പിനുശേഷം ഖത്തർ അണിയിച്ചൊരുക്കുന്ന ആറ് മാസം നീളുന്ന ദോഹ എക്സ്പോയിൽ ലോകമെമ്പാടുമുള്ള 30ലക്ഷം സന്ദർശകരെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി എക്സ്പോയുടെ ഔദ്യോഗിക വെബ്സൈറ്റിൽ അധികൃതർ വ്യക്തമാക്കി. കാർഷിക, സുസ്ഥിര മേഖലകളിലെ പുതിയ കണ്ടുപിടിത്തങ്ങളും സാങ്കേതികതകളും പ്രദർശിപ്പിക്കുന്ന എക്സ്പോ ഒക്ടോബർ രണ്ടുമുതൽ 2024 മാർച്ച് 28 വരെയാണ്. 80 രാജ്യങ്ങളാണ് എക്സ്പോയിൽ പവലിയനുകളൊരുക്കുന്നത്.
ഖത്തർ, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിൽ നടക്കുന്ന ആദ്യ എ1 ഇന്റർനാഷനൽ ഹോർട്ടികൾച്ചറൽ എക്സിബിഷനെന്ന് വിശേഷിപ്പിക്കുന്ന ‘എക്സ്പോ 2023 ദോഹ’യിൽ ദേശീയ അന്തർദേശീയ വ്യവസായങ്ങളിൽ നിന്നുള്ള വിദഗ്ധർ, സർക്കാർ സ്ഥാപനങ്ങൾ, ഉദ്യോഗസ്ഥർ എന്നിവരോടൊപ്പം അന്താരാഷ്ട്ര സന്ദർശകരും സംഘാടകരും അണിനിരക്കും. സ്വകാര്യ സംഘടനകളും വാണിജ്യ അനുബന്ധ സ്ഥാപനങ്ങളും പ്രദർശനത്തിന്റെ ഭാഗമാകും. എക്സ്പോക്കായി ദോഹയിലെ അൽ ബിദ പാർക്കിൽ 1.7 മില്യൺ ചതുരശ്ര മീറ്റർ വിസ്തൃതിയിൽ പവലിയനുകൾ സ്ഥാപിക്കാനുള്ള പ്രവർത്തനം പുരോഗമിക്കുകയാണ്.
ആധുനിക കൃഷി, സാങ്കേതികവിദ്യ, നൂതനാശയങ്ങൾ, പരിസ്ഥിതി അവബോധം, സുസ്ഥിരത എന്നിവക്കായി പ്രത്യേക മേഖലകൾ ഉണ്ടാകും. പവലിയനുകൾ ‘ഹരിത മരുഭൂമി, മെച്ചപ്പെട്ട പരിസ്ഥിതി’എന്ന ആശയം ഉയർത്തിപ്പിടിക്കുന്ന എക്സ്പോ സുസ്ഥിര നവീകരണത്തെയും മരുഭൂവത്കരണം കുറക്കുന്നതിനെയും പ്രോത്സാഹിപ്പിക്കും. ബ്യൂറോ ഇന്റർനാഷനൽ ഡെസ് എക്സ്പോസിഷൻസ് (ബി.ഐ.ഇ), ഇന്റർനാഷനൽ അസോസിയേഷൻ ഫോർ ഹോർട്ടികൾച്ചറൽ പ്രൊഡ്യൂസേഴ്സ് (എഐ.പി.എച്ച്) എന്നിവയുടെ ആഭിമുഖ്യത്തിൽ മുനിസിപ്പാലിറ്റി മന്ത്രാലയമാണ് എക്സ്പോ സംഘടിപ്പിക്കുന്നത്. ഖത്തറിലെ പരിസ്ഥിതി മാനേജ്മെന്റും സുസ്ഥിര വികസനവും കൈവരിക്കുന്നതിനായി ഖത്തർ നാഷനൽ വിഷൻ 2030 മുന്നോട്ടുവെക്കുന്ന ലക്ഷ്യങ്ങൾക്ക് അനുസൃതമായാണ് എക്സ്പോ യാഥാർഥ്യമാകുന്നത്. എക്സ്പോ ദോഹ 2023ൽ അലങ്കാര ഉദ്യാനങ്ങൾ, ചർച്ചകൾ, സമ്മേളനങ്ങൾ, തത്സമയ ഷോകൾ, കലാ, പാചക പ്രകടനങ്ങൾ എന്നിവയുമുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.