ദോഹ: കാലാവസ്ഥാവ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങൾ ലഘൂകരിക്കാനും ഭൂമി അഭിമുഖീകരിക്കുന്ന അടിയന്തര പ്രതിസന്ധികളിലേക്ക് ലോകശ്രദ്ധ തിരിക്കാനും ഭാവിതലമുറക്കായി പ്രകൃതിയെ സംരക്ഷിക്കാനുമുള്ള ഖത്തറിന്റെ പ്രതിബദ്ധതയാണ് എക്സ്പോക്ക് ആതിഥ്യം വഹിക്കുന്നതിലൂടെ പ്രതിഫലിപ്പിക്കുന്നതെന്ന് എക്സ്പോ നടത്തിപ്പുകാരായ ബ്യൂറോ ഓഫ് ഇന്റർനാഷനൽ ഡെസ് എക്സ്പോസിഷൻ (ബി.ഐ.ഇ) സെക്രട്ടറി ജനറൽ ദിമിത്രി കെർകെന്റ്സെസ് പറഞ്ഞു.
ഹരിതമരുഭൂമി, മെച്ചപ്പെട്ട പരിസ്ഥിതി എന്ന എക്സ്പോ പ്രമേയം മരുഭൂവത്കരണത്തിനെതിരെ പോരാടാനും ഭൂമിയുടെ നാശം തടയാനുമുള്ള ആഹ്വാനത്തെ പ്രതിനിധീകരിക്കുന്നു. ഏറ്റവും പ്രയാസകരമായ സാഹചര്യങ്ങളിൽപോലും പ്രകൃതിയുടെ കരുത്തും പ്രതിരോധശേഷിയും സംഭവിക്കാമെന്നും എക്സ്പോ ദോഹ 2023 ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്ത് കെർകെന്റ്സെസ് വ്യക്തമാക്കി.
ഭൂമിയെ ചൂഷണം ചെയ്യുന്നതിനെതിരായി ലോകത്തോടുള്ള അഭ്യർഥനയാണ് എക്സ്പോ. അന്താരാഷ്ട്ര സംഘടനകളുടെയും രാജ്യങ്ങളുടെയും ദശലക്ഷക്കണക്കിന് വ്യക്തികളുടെയും പങ്കാളിത്തത്തിലൂടെ എല്ലാവർക്കും മികച്ച സുസ്ഥിരമായ ഭാവി പ്രദാനം ചെയ്യുന്നതിന് പ്രകൃതിയെക്കുറിച്ച് ആഴത്തിലറിയുന്നതിന് ആറ് മാസം നീണ്ടുനിൽക്കുന്ന എക്സ്പോ വെളിച്ചം വീശും. എക്സ്പോ ദോഹ 2023 ഉജ്ജ്വല വിജയമായിരിക്കുമെന്നും പരിസ്ഥിതി സംരക്ഷിക്കാനുള്ള ആഗോളസമൂഹത്തിന്റെ ശ്രമങ്ങളെ ഒന്നിപ്പിക്കുന്ന നാഴികക്കല്ലായി മാറുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.