ദോഹ: കൃഷിയെ പിന്തുണക്കാനും മരുഭൂവത്കരണത്തെ ചെറുക്കാനുമുള്ള പോരാട്ടമാണ് ദോഹ എക്സ്പോയെന്ന് സെക്രട്ടറി ജനറൽ മുഹമ്മദ് അൽ ഖൗരി. എക്സ്പോ ദോഹ-2023ലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുകയാണെന്നും വൈവിധ്യമാർന്ന പരിപാടികളാണ് എക്സ്പോയുടെ ഭാഗമായി തയാറായിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മരുഭൂമിയിലാണ് എക്സ്പോ നടക്കുന്നത്. കൃഷിക്കുവേണ്ടിയും മരുഭൂവത്കരണത്തിന് എതിരായുമുള്ളതാണ് ഈ മഹത്തായ പരിപാടി. ‘ഹരിത മരുഭൂമി, മെച്ചപ്പെട്ട പരിസ്ഥിതി’ എന്നതാണ് മുദ്രാവാക്യം -അൽ ഖൗരി പറഞ്ഞു.
80 രാജ്യങ്ങളാണ് എക്സ്പോയിൽ പങ്കെടുക്കുന്നത്.
ഓരോ രാജ്യവും അവരുടെ രാജ്യത്തെ കാർഷിക ആശയങ്ങളും അനുഭവങ്ങളും എക്സ്പോയിൽ അവതരിപ്പിക്കും.
വിദ്യാർഥി, യുവജനങ്ങളുടെ ഹൃദയങ്ങളിൽ പരിസ്ഥിതി അവബോധവും പരിസ്ഥിതി സംരക്ഷണവും വേരുപിടിപ്പിക്കുന്നതിന് വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ സഹകരണത്തോടെ പ്രത്യേക പരിപാടികളും എക്സ്പോ-2023നോടനുബന്ധിച്ച് സംഘടിപ്പിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അൽ ബിദ്ദ പാർക്കിൽ ആറുമാസം നീളുന്ന എക്സ്പോ സന്ദർശകരെ ആകർഷിക്കുമെന്ന് ഗൾഫ് ഓർഗനൈസേഷൻ ഫോർ റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഡയറക്ടർ ബോർഡ് ചെയർമാൻ ഡോ. യൂസുഫ് അൽഹോർ പറഞ്ഞു.
30 ലക്ഷത്തോളം സന്ദർശകർ എക്സ്പോയിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇതിന്റെ ഭാഗമാകുന്ന 80 രാജ്യങ്ങളിൽനിന്നുള്ള മന്ത്രിമാരുടെയും നയതന്ത്ര പ്രതിനിധികളുടെയും വ്യവസായികളുടെയും പങ്കാളിത്തം എക്സ്പോയെ സമ്പന്നമാക്കുമെന്നും അൽഹോർ കൂട്ടിച്ചേർത്തു. നടത്തം, സൈക്ലിങ്, കായിക ഉപകരണങ്ങൾ, വിശാലമായ ഹരിത പ്രദേശങ്ങൾ, കുട്ടികൾക്കായുള്ള കളിസ്ഥലങ്ങൾ, വ്യായാമ ഉപകരണങ്ങൾ എന്നിവ ഏറെയുള്ളതിനാൽ സന്ദർശകർക്കും വിനോദസഞ്ചാരികൾക്കും അൽ ബിദ്ദ പാർക്ക് മികച്ച അനുഭവം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. എക്സ്പോ ദോഹ-2023മായി ബന്ധപ്പെട്ട സുരക്ഷ ഉറപ്പാക്കുന്നതിന് സുരക്ഷാസമിതി പ്രതിജ്ഞാബദ്ധമാണെന്നും അതിന്റെ വിവിധ യൂനിറ്റുകൾ മുഖേന എല്ലാ ശ്രമങ്ങളും നടത്തുമെന്നും ആഭ്യന്തര മന്ത്രാലയത്തിലെ എക്സ്പോ ദോഹ സമിതി അംഗമായ ഡോ. അലി ഖാജിം അൽ അദ്ബി പറഞ്ഞു. വിവിധ പരിപാടികളിൽ പങ്കെടുക്കുന്ന പ്രതിനിധികളുടെയും സന്ദർശകരുടെയും അതിഥികളുടെയും സുരക്ഷ, പ്രത്യേകിച്ച് വരവും പോക്കും സുരക്ഷിതമാക്കുന്നതിന് പ്രത്യേക സുരക്ഷാപദ്ധതികൾ തയാറാക്കിയിട്ടുണ്ടെന്നും അൽ അദ്ബി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.