ദോഹ: സർവീസ് ആരംഭിച്ച് വെറും അഞ്ച് വർഷം കൊണ്ട് 20 കോടി യാത്രക്കാർ എന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ഖത്തറിലെ ദോഹ മെട്രോ റെയിൽ. 2019 മെയ് മാസത്തിലാണ് ദോഹ മെട്രോ സർവീസ് ആരംഭിച്ചത്. ദോഹ മെട്രോ 200 ദശലക്ഷത്തിലധികം റൈഡർഷിപ്പ് രേഖപ്പെടുത്തിയതായി ഖത്തർ റെയിൽ അറിയിച്ചു. 2023ൽ 100 ദശലക്ഷത്തിലധികം യാത്രക്കാർ എന്ന നേട്ടം മെട്രോ സ്വന്തമാക്കിയിരുന്നു. ഇതിന് ശേഷം വെറും ഒരു വർഷം കൊണ്ടാണ് 200 ദശലക്ഷം യാത്രക്കാരിലേക്ക് മെട്രോയുടെ കുതിപ്പ്.
ഇതോടൊപ്പം മറ്റ് ചില നേട്ടങ്ങളും മെട്രോ കൈവിരിച്ചിട്ടുണ്ട്. ഉപഭോക്തൃ സംതൃപ്തി നിരക്കിൽ 99.75%, 99.85% സേവന വിശ്വാസ്യതയും 99.64% കൃത്യനിഷ്ഠയും, 99.99% സേവന ലഭ്യതയും ദോഹ മെട്രോ സ്വന്തമാക്കി. രാജ്യത്ത് മെട്രോ സർവീസിന്റെ വിശ്വാസ്യതയും സ്വീകാര്യതയുമെല്ലാം വർധിച്ചുവരുന്നതിന് അടിവരയിടുന്നതാണ് ഈ നേട്ടങ്ങൾ. പ്രവാസികൾ അടക്കമുള്ളവർ ദൈനംദിന യാത്രക്കായി ആശ്രയിക്കുന്ന മെട്രോ, ഖത്തറിൽ നടക്കുന്ന വിവിധ പരിപാടികളിലും യാത്രക്കാർക്ക് ആശ്വാസമാകാറുണ്ട്. റെഡ്, ഗോൾഡ്, ഗ്രീൻ എന്നീ മൂന്ന് ലൈനുകളിലായി 37 സ്റ്റേഷനുകൾ അടങ്ങുന്ന വിപുലമായ നെറ്റ്‌വർക്കാണ് മെട്രോയുടേത്.
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഖത്തറിൽ നടന്ന ഫിഫ ലോകകപ്പ് അടക്കം വിവിധ കായിക മത്സരങ്ങളുടെ വിജയത്തിൽ മെട്രോക്കും സുപ്രധാന പങ്കുണ്ട്. ഫിഫ അറബ് കപ്പ് 2021, ഫിഫ ലോകകപ്പ് ഖത്തർ 2022, എ.എഫ്.സി ഏഷ്യൻ കപ്പ് ഖത്തർ 2023 തുടങ്ങിയ പ്രമുഖ ടൂർണമെന്റുകളിൽ മെട്രോ സുപ്രധാന പങ്കുവഹിച്ചു. പ്രധാനപ്പെട്ട എല്ലാ സ്ഥലങ്ങൾക്ക് അരികിലും മെട്രോ സ്റ്റേഷനുകളും അവയെ ബന്ധിപ്പിക്കുന്ന മെട്രോ ലിങ്ക് ബസുകളും സർവീസുകൾ നടത്തുന്നുണ്ട്. 2019ൽ വെറും 13 റൂട്ടുകളിലായി ആരംഭിച്ച മെട്രോ ഇപ്പോൾ 30 സ്റ്റേഷനുകളുമായി 61 റൂട്ടുകളിലാണ് സർവീസ് നടത്തുന്നത്. മെട്രോ എക്സ്പ്രസ് സർവീസിൽ നിലവിൽ 10 സ്റ്റേഷനുകളിലും 12 ട്രാം സ്റ്റേഷനുകളുമാണുള്ളത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.