ദോഹ: ലോകകപ്പ് ഫുട്ബാളിനും മറ്റും അന്താരാഷ്ട്ര മേളകൾക്കും വളൻറിയർകുപ്പായമണിഞ്ഞ് സംഘാടനത്തിൻെറ ഭാഗമായ അഭിമാനത്തിൽ കാത്തിരിക്കുന്നവർക്ക് അടുത്ത ചരിത്ര മുഹൂർത്തത്തിന് ഒരുങ്ങാൻ സമയമായി. രണ്ടു മാസം കഴിഞ്ഞ് ഒക്ടോബറിൽ ആരംഭിച്ച് ആറു മാസം നീണ്ടു നിൽക്കുന്ന ദോഹ ഹോർടികൾചറൽ എക്സ്പോയുടെ വളൻറിയറാവാൻ മോഹിക്കുന്നവർക്ക് തയ്യാറെടുപ്പിനുള്ള സമയമായി.
മിഡിൽഈസ്റ്റിലെ തന്നെ ഏറ്റവും വലിയ മേളയുടെ വളൻറിയർ രജിസ്ട്രേഷൻ ഉടൻ ആരംഭിക്കുമെന്ന് ദോഹ എക്സ്പോ 2023സംഘാടകർ അറിയിച്ചു. അതിന് മുമ്പായി വളൻറിയർ നടപടി ക്രമങ്ങളും ആവശ്യമായ നിബന്ധനകളുമെല്ലാം അധികൃതർ പുറത്തുവിട്ടു. ദോഹ എക്സ്പോ ഔദ്യോഗിക വെബ് പേജിൽ വിശദാംശങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഈ വർഷം സെപ്റ്റംബർ ഒന്നോടെ 18 വയസ്സ് പൂർത്തിയാകുന്ന ആർക്കും എക്സ്പോ വളൻറിയർ ആകാൻ അപേക്ഷിക്കാവുന്നതാണ്. ആറു മാസം നീണ്ടു നിൽക്കുന്ന എക്സ്പോയിൽ ഒരു മാസം ഏഴ് മുതൽ എട്ടു ദിവസം വരെ ഒരു വളൻറിയർ സേവനം ചെയ്യണം. ആറു മാസത്തിനുള്ളിൽ 45 ഷിഫ്റ്റിൽ ഡ്യൂട്ടി ചെയ്യണം എന്നാണ് നിർദേശം. ഒരു ഷിഫ്റ്റിൻെർ ദൈർഘ്യം ആറ് മുതൽ എട്ട് മണിക്കൂർ വരെയാവും. ഇത് ഡ്യൂട്ടിയുടെ സ്വഭാവം പോലെയിരിക്കും.
അടുത്ത വർഷം മാർക്ക് അവസാനം വരെ നീണ്ടു നിൽക്കുള്ള മേളയിൽ പ്രദർശനങ്ങൾക്കും വിവിധ സാംസ്കാരിക പരിപാടികൾ, ചർച്ചകൾ, അന്താരാഷ്ട്ര ഫോറങ്ങൾ, ഉദ്ഘാടന ചടങ്ങുകൾ തുടങ്ങിയ വിവിധ മേഖലകളുടെ സംഘാടനത്തിൽ വളൻറിയർമാർക്ക് കാര്യമായ ജോലികളാണ് കാത്തിരിക്കുന്നത്.
വിദേശികൾക്ക് വളൻറിയർ ആകാമോ?
വിദേശത്തു നിന്നുള്ളവർക്കും എക്സ്പോ വളൻറിയർ ആകാൻ അപേക്ഷിക്കാവുന്നതാണ്. എന്നാൽ, ആറുമാസക്കാലത്തെ താമസം, യാത്ര, വിസ ഉൾപ്പെടെയുള്ള ചിലവുകൾ സ്വന്തം നിലവിൽ വഹിക്കണം. ആറു മാസം രാജ്യത്ത് താമസിക്കാൻ സാധിക്കുന്ന വിസ അപേക്ഷകൻ തന്നെ സ്വന്തമാക്കണം. എക്സ്പോ സംഘാടകർ വിസയും യാത്രാ ചിലവും താമസവും വഹിക്കുന്നതല്ല.
ആറു മാസം നീണ്ടു നിൽക്കുന്ന എക്സ്പോ വളൻറിയർ ഡ്യൂട്ടിയുടെ ഭാഗമാവാൻ ആഗ്രഹിക്കുന്നവരെല്ലാം ചോദിക്കുന്ന കാര്യമാണ് പ്രതിഫലമുണ്ടോ എന്നത്. എന്നാൽ, എക്സ്പോ വളൻറിയർ ഡ്യൂട്ടിക്ക് പ്രതിഫലമുണ്ടാവില്ലെന്ന് അധികൃതർ വിശദീകരിച്ചു.
അതേസമയം, വളൻറിയർ യൂണിഫോം, സേവനം അടയാളപ്പെടുത്തുന്ന സർട്ടിഫിക്കറ്റ്, വളൻറിയർമാർക്ക് മാത്രമായുള്ള പരിപാടികളിലേക്ക് പ്രവേശനം ഉൾപ്പെടെ ആനുകൂല്യങ്ങൾ ലഭിക്കും. ഡ്യൂട്ടി സമയത്തിനിടയിൽ ഭക്ഷണം, റിഫ്രഷ്മെൻറ് എന്നിവയും ലഭ്യമാക്കും.
സന്ദർശകർക്ക് ആവശ്യമായ വിവിരങ്ങൾ നൽകുന്ന രീതിയിൽ ഇംഗ്ലീഷിൽ ഫലപ്രദമായി ആശയ വിനിമയം നടത്താൻ ശേഷിയുള്ളവരായിരിക്കണം അപേക്ഷകർ.
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പരിശീലനം നൽകും. ഒപ്പം ഡ്യൂട്ടി വേളയിൽ അണിയാനുള്ള യൂണിഫോമും നൽകും. ലോകത്തിൻെറ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സന്ദർശകർ, മാധ്യമ പ്രവർത്തകർ, പങ്കാളികൾ തുടങ്ങിയവർക്ക് ആവശ്യമായ സേവനങ്ങൾ ലഭ്യമാക്കുകയാണ് വളൻറിയറുടെ പ്രധാന ഡ്യൂട്ടി.
വളൻറിയറാവാൻ അപേക്ഷിക്കുന്നവർക്ക് ഇംഗ്ലീഷിൽ ആശയ വിനിമയം നടത്താൻ കഴിഞ്ഞിരിക്കണം എന്നതാണ് പ്രധാനം. എന്നാൽ, ചെയ്യുന്ന ജോലിക്ക് പ്രഫഷണൽ യോഗ്യത ആവശ്യമില്ല. നല്ലൊരു കേൾവിക്കാരനും, സഹായിക്കാനുള്ള മനസ്സുമുണ്ടെങ്കിൽ വളൻറിയറാവാൻ അപേക്ഷിക്കാമെന്ന് ചുരുക്കം.
അക്രഡിറ്റേഷൻ സെൻറർ, ഉദ്ഘാടന ചടങ്ങുകൾ, ടിക്കറ്റിങ്, ഇവൻറ്സ്, കൾചറൽ എക്സ്പീരിയൻസ്, ഹെൽത് ആൻറ് സേഫ്റ്റി, ഭാഷാ സേവനങ്ങൾ, മീഡിയ ആൻറ് ബ്രോഡ്കാസ്റ്റിങ്, മേളയിലെ പങ്കാളികളുടെ പ്രവർത്തനങ്ങൾ, പ്രോട്ടോകോൾ സർവീസ്, വിസിറ്റേഴ്സ് എക്സ്പീരിയൻസ്, വർക് ഫോഴ്സ് തുടങ്ങിയവയാണ് പ്രധാന സേവന കേന്ദ്രങ്ങൾ.
ദോഹ: ഒക്ടോബർ രണ്ട് ആരംഭിച്ച് 2024 മാർച്ച് 28 വരെ നീണ്ടു നിൽക്കുന്ന ദോഹ എക്സ്പോയിൽ ആവശ്യമുള്ളത് 2200 വളന്റിയർമാരുടെ സേവനമാണ്. ഇവരിൽ ഒരു വിഭാഗത്തിന്റെ സേവനം ഒരു മാസം മുമ്പ് തന്നെ നേരത്തെ അറിയിച്ചിരുന്നു. അക്രഡിറ്റേഷൻ, എക്സിബിഷൻ, സന്ദർശകർ, പങ്കാളികൾ തുടങ്ങി വിവിധ മേഖലകളിൽ സേവനം ആവശ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.