ദോഹ: ജീവിതച്ചെലവ് സൂചിക കണക്കാക്കുന്ന മെർസർ റിപ്പോർട്ടിൽ ജി.സി.സിയിൽ ഏറ്റവും കുറഞ്ഞ ചെലവിൽ താമസിക്കാവുന്ന നഗരങ്ങളിലൊന്നായി ദോഹയും. പ്രവാസി തൊഴിലാളികൾക്ക് കുറഞ്ഞ ചെലവിൽ താമസവും ഭക്ഷണവും ഉൾപ്പെടെ ജീവിതം കഴിയാമെന്നാണ് മെർസർ റിപ്പോർട്ട് വ്യക്തമാക്കുന്നത്. ഗൾഫ് രാജ്യങ്ങളിൽ ഒന്നാമത് ഒമാനിലെ മസ്കത്തും, രണ്ടാം സ്ഥാനത്ത് ദോഹയുമാണ്. കുവൈത്ത് സിറ്റി, ബഹ്റൈൻ, ജിദ്ദ, റിയാദ്, അബൂദബി, ദുബൈ എന്നിവയാണ് പിന്നിലുള്ള നഗരങ്ങൾ.
അഞ്ച് വൻകരകളിലായി 226 നഗരങ്ങളാണ് പട്ടികയിലുള്ളത്. അന്താരാഷ്ട്ര തൊഴിലാളികളുടെ ജീവിതച്ചെലവ് സൂചിപ്പിക്കുന്ന ആഗോള റാങ്കിങ്ങിൽ 121ാം സ്ഥാനത്താണ് ഖത്തറിന്റെ തലസ്ഥാനമായ ദോഹ. മസ്കത്ത് 122ാം സ്ഥാനത്തും. അതേസമയം, ജി.സി.സിയിൽ തൊഴിലാളികൾക്ക് ഏറ്റവും ജീവിതച്ചെലവ് കൂടിയ നഗരം ദുബൈയാണ്. കൂടിയ ജീവിതച്ചെലവിൽ ആഗോള റാങ്കിങ്ങിൽ ദുബൈ 15ാം സ്ഥാനത്തുണ്ട്.
ഹോങ്കോങ്, സിംഗപ്പൂർ, സൂറിച്ച് നഗരങ്ങളാണ് ഏറ്റവും ജീവിതച്ചെലവ് ഏറിയ നഗരങ്ങളായി പട്ടികയിലുള്ളത്. അതേസമയം, നൈജീരിയയിലെ അബുജ (226), ലാഗോസ് (225), പാകിസ്താനിലെ ഇസ്ലാമാബാദ് (224)എന്നീ നഗരങ്ങൾ ലോകത്ത് ഏറ്റവും കുറഞ്ഞ ചെലവിൽ ജീവിക്കാൻ കഴിയുന്ന നഗരങ്ങളായും അടയാളപ്പെടുത്തുന്നു.
സാമ്പത്തിക, രാഷ്ട്രീയ, നയതന്ത്ര ഘടകങ്ങളുടെ കൂടി അടിസ്ഥാനത്തിലാണ് ഓരോ നഗരങ്ങളിലെയും ജീവിതച്ചെലവുകൾ വ്യത്യാസപ്പെടുന്നത്. പണപ്പെരുപ്പവും വിനിമയ നിരക്കിലെ ഏറ്റക്കുറച്ചിലുകളുമെല്ലാം വിവിധ രാജ്യങ്ങളിലെ പ്രവാസി തൊഴിലാളികളുടെ വരുമാനത്തെയും സമ്പാദ്യത്തെയും നേരിട്ട് ബാധിക്കുന്നതായി റിപ്പോർട്ട് സൂചിപ്പിച്ചു.
ഏറ്റവും ചെലവേറിയ നഗരങ്ങളായ ഹോങ്കോങ്, സിംഗപ്പൂർ, സൂറിച്ച് എന്നിവിടങ്ങളിൽ താമസ സൗകര്യങ്ങൾ, ഗതാഗത ചെലവ്, ഉൽപന്നങ്ങളുടെയും സേവനങ്ങളുടെയും ഉയർന്ന വില എന്നിവ ജീവിതച്ചെലവുയർത്താൻ കാരണമാവുന്നു.
അതേസമയം, ഈ നഗരങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ അബുജ, ഇസ്ലാമാബാദ് എന്നിവിടങ്ങളിൽ ചെലവ് വളരെ കുറവമാണ്. അവശ്യ വസ്തുക്കൾ, ഭക്ഷണ സാധനങ്ങൾ, പാചകവാതകം, ചായ, വസ്ത്രം തുടങ്ങിയ നിത്യജീവിതത്തിലെ ഓരോ ഘടകങ്ങളെയും താരതമ്യം ചെയ്താണ് ‘മെർസർ’ റിപ്പോർട്ട് തയാറാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.