ദോഹ: അധ്യയന വർഷത്തിൽ സ്കൂൾ പ്രവേശനം ലഭിക്കാത്ത വിദ്യാർഥികൾക്കായി ഇന്ത്യൻ സ്കൂളുകളിൽ അനുവദിച്ച ഡബിൾ ഷിഫ്റ്റ് ക്ലാസുകൾക്ക് ഞായറാഴ്ച തുടക്കം. ശാന്തിനികേതൻ ഇന്ത്യൻ സ്കൂൾ, ഐഡിയൽ ഇന്ത്യൻ സ്കൂൾ എന്നിവിടങ്ങളിലെ ഡബിൾ ഷിഫ്റ്റ് ക്ലാസുകൾക്കാണ് ഞായറാഴ്ച തുടക്കമാവുന്നത്.
എം.ഇ.എസ് ഇന്ത്യൻ സ്കൂളിൽ നവംബർ ആറിനും ക്ലാസ് ആരംഭിക്കും. പുതുതായി സ്കൂളിലേക്കെത്തുന്ന വിദ്യാർഥികളെ സ്വീകരിക്കാൻ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ശാന്തിനികേതൻ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ റഫീഖ് റഹീം ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു.
കെ.ജി മുതൽ എട്ടാം ക്ലാസുവരെ 600ഓളം വിദ്യാർഥികളാണ് ശാന്തിനികേതൻ ഇന്ത്യൻ സ്കൂളിൽ ഡബിൾ ഷിഫ്റ്റിലേക്ക് പ്രവേശനം നേടിയത്. ആദ്യ ദിനമായ ഞായറാഴ്ച കുട്ടികൾക്കൊപ്പം രക്ഷിതാക്കളും സ്കൂളിലെത്തും. രക്ഷിതാക്കൾക്ക് പുതിയ ക്ലാസുകൾ സംബന്ധിച്ച് സംശയങ്ങൾ പരിഹരിക്കുന്നതിനായി ഓറിയന്റേഷൻ ക്യാമ്പും നടക്കുന്നുണ്ട്.
രാവിലെയുള്ള പതിവ് ഷിഫ്റ്റ് അവസാനിച്ച് 15 മിനിറ്റ് ഇടവേളക്കു ശേഷം ഉച്ച 1.05ഓടെയാവും ഉച്ച ഷിഫ്റ്റിലെ വിദ്യാർഥികൾക്ക് ക്ലാസുകൾ ആരംഭിക്കുന്നത്.
വൈകുന്നേരം ആറ് വരെയാണ് ക്ലാസുകൾ. ഇന്ത്യൻ സ്കൂളുകളിൽ പുതിയ അധ്യയന വർഷം ഏപ്രിലിൽ ആരംഭിച്ചിട്ടും നിരവധി പ്രവാസി വിദ്യാർഥികൾക്ക് സ്കൂൾ പ്രവേശനം ലഭിക്കാത്ത സാഹചര്യത്തിലാണ് ഖത്തർ വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം തിരഞ്ഞെടുക്കപ്പെട്ട ക്ലാസുകളിൽ ഡബിൾ ഷിഫ്റ്റ് അനുവദിച്ചത്.
ശാന്തിനികേതൻ ഇന്ത്യൻ സ്കൂൾ, എം.ഇ.എസ് ഇന്ത്യൻ സ്കൂൾ ദോഹ, അബൂഹമൂർ, ദോഹ മോഡേൺ ഇന്ത്യൻ സ്കൂൾ (ഡി.എം.ഐ.എസ്), ഐഡിയൽ ഇന്ത്യൻ സ്കൂൾ, ലൊയോള ഇന്റർനാഷനൽ സ്കൂൾ എന്നിവിടങ്ങളിലാണ് ഉച്ച മുതൽ വൈകുന്നേരം വരെയായി പുതിയ ഷിഫ്റ്റ് ആരംഭിക്കാൻ അനുവാദം നൽകിയത്. എം.ഇ.എസിൽ കെ.ജി മുതൽ ഏഴാം ക്ലാസ് വരെയാണ് അഡ്മിഷൻ നൽകുന്നത്. ഒക്ടോബർ 15ന് പ്രഖ്യാപനം വന്നതിനു പിന്നാലെ ആരംഭിച്ച പ്രവേശന നടപടികൾ ഇപ്പോഴും തുടരുകയാണ്.
സ്കൂൾ സീറ്റില്ലാത്തതിനാൽ, മക്കളെ നാട്ടിലേക്ക് അയച്ച രക്ഷിതാക്കളെ അവരെ തിരികെയെത്തിക്കാൻ ആരംഭിച്ചതോടെ പ്രവേശന നടപടികൾ സജീവമായി തുടരുന്നുണ്ട്. പുതിയ അധ്യാപകരെ നിയമിച്ചാണ് സ്കൂളുകൾ ഡബിൾ ഷിഫ്റ്റിലേക്ക് പ്രവേശിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.