ദോഹ: ഇസ്രായേൽ ആക്രമണം തുടരുന്ന ഗസ്സയിലെ ദുരിതബാധിത സമൂഹത്തിന് ആശ്വാസവും പിന്തുണയും നൽകാനുള്ള ശ്രമങ്ങൾ ഊർജിതമാക്കി ഖത്തർ ആസ്ഥാനമായ എജുക്കേഷൻ എബൗവ് ഓൾ ഫൗണ്ടേഷൻ (ഇ.എ.എ). ഗസ്സയിലെ അടിയന്തരാവശ്യങ്ങൾ പരിഹരിക്കുന്നതിന് 2,33,000 ഗുണഭോക്താക്കൾക്ക് 33 ദശലക്ഷം റിയാലിന്റെ ദുരിതാശ്വാസ സഹായമെത്തിക്കാനാണ് ഇ.എ.എ ശ്രമം. മാനുഷിക സഹായം, സംഘർഷങ്ങളുടെ ആഘാതം പരിഹരിക്കുന്നതിനുള്ള മാനസിക സാമൂഹിക പിന്തുണ എന്നിവ ഉൾപ്പെടുന്നതാണ് സഹായം. സ്ത്രീകൾക്കും പെൺകുട്ടികൾക്കുമായി ആരോഗ്യ ശുചിത്വ കിറ്റുകൾ, ഫലസ്തീൻ യുവാക്കൾക്കും കുട്ടികൾക്കും തുടർ വിദ്യാഭ്യാസ സ്കോളർഷിപ്പുകൾ, കുടിയിറക്കപ്പെട്ടവർക്ക് ഭക്ഷ്യ വിതരണം എന്നിവ ഉൾപ്പെടെയാണ് പദ്ധതികൾ.
റമദാനിൽ 25,000 ലധികം ഗുണഭോക്താക്കളെ ലക്ഷ്യമിട്ട് 16 വിവിധ സംരംഭങ്ങളാണ് ഇ.എ.എ അവതരിപ്പിക്കുന്നത്. സ്ത്രീകൾക്കായി പ്രത്യേക സംരംഭങ്ങളുമുൾപ്പെടും. റമദാൻ മധുര പലഹാര വിതരണം, ഇഫ്താർ കുടുംബ ഭക്ഷണം, റമദാൻ ഫുട്ബാൾ ചാമ്പ്യൻഷിപ്, ഗസ്സയിൽ താമസിക്കുന്നവർക്കുള്ള ദുരിതാശ്വാസ പരിപാടികൾ എന്നിവ ഉൾപ്പെടും. റമദാൻ കാമ്പയിനിലൂടെ ഗസ്സയിലെ കുട്ടികൾക്കും യുവാക്കൾക്കും ഭക്ഷണം നൽകാനും വസ്ത്രം എത്തിക്കാനും വിദ്യാഭ്യാസം ഉറപ്പുവരുത്താനും ലക്ഷ്യമിട്ട് ബോധവത്കരണവും ഫണ്ട് ശേഖരണവും ഇ.എ.എ നടത്തുന്നുണ്ട്. സംഭാവനകൾ ഇ.എ.എ വെബ്സൈറ്റ് വഴിയോ, വിവിധ മാളുകളിലെ ഇ.എ.എ ചെക്കൗട്ട് കൗണ്ടറുകൾ വഴിയോ എത്തിക്കാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.