ദോഹ: തുർക്കിയയിലെയും സിറിയയിലെയും ഭൂകമ്പ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ഖത്തർ ടി.വിയും ഖത്തർ മീഡിയ കോർപറേഷനും (ക്യു.എം.സി) വെള്ളിയാഴ്ച നടത്തിയ തത്സമയ കാമ്പയിനിലൂടെ 168 ഖത്തർ മില്യണിലധികം (17 കോടിയോളം റിയാൽ) ശേഖരിച്ചു. ഖത്തർ റെഡ് ക്രസന്റ് സൊസൈറ്റി, ഖത്തർ ചാരിറ്റി, റെഗുലേറ്ററി അതോറിറ്റി ഫോർ ചാരിറ്റബിൾ ആക്റ്റിവിറ്റീസ് (ആർ.എ.സി.എ) എന്നിവയുടെ സഹകരണത്തോടെയായിരുന്നു കാമ്പയിൻ.
വൈകീട്ട് 5.30ന് ആരംഭിച്ച ധനസമാഹരണ കാമ്പയിൻ അർധരാത്രിയോടെ 168,015,836 റിയാലിലെത്തി. ഖത്തരികളും പ്രവാസികളും വ്യവസായികളും വിവിധ കമ്പനികളും രാജ്യത്തുടനീളമുള്ള വിവിധ സ്ഥാപനങ്ങളും കാമ്പയിനിൽ പങ്കാളികളായി. കൂടാതെ നിരവധി ഖത്തരി കുട്ടികൾ ഉൾപ്പെടെ സമൂഹത്തിന്റെ എല്ലാ ഭാഗങ്ങളിൽനിന്ന് സംഭാവനകൾ ഒഴുകിയെത്തി.
ജനറൽ ഡയറക്ടറേറ്റ് ഓഫ് ഔഖാഫും ഖത്തർ നാഷനൽ ബാങ്കും (ക്യു.എൻ.ബി) 10 മില്യൺ റിയാൽ വീതം നൽകി. ഉരീദു ഖത്തർ, ദോഹ ബാങ്ക്, ഖത്തറിലെ പ്രമുഖ വ്യവസായി ഹുസൈൻ അൽഫർദാൻ എന്നിവർ ഒരു മില്യൺ റിയാൽ വീതം സംഭാവന നൽകിയവരിൽ ഉൾപ്പെടുന്നു. നിരവധി ആളുകൾ വലിയ തുകകൾ സംഭാവന ചെയ്തു. റൗദ ബിൻത് ഫഹദ് എന്ന കുട്ടി രണ്ടു മില്യൺ റിയാൽ സംഭാവന ചെയ്തു. പേരു വെളിപ്പെടുത്താതെ ഒരു വ്യക്തി 1.5 മില്യൺ റിയാൽ നൽകി. പേരു വെളിപ്പെടുത്തരുതെന്ന നിബന്ധനയോടെയും പലരും വൻതുകകൾ നൽകിയിട്ടുണ്ട്.
ഖത്തർ ടി.വി ആതിഥേയത്വം വഹിച്ച ചടങ്ങിൽ തുർക്കിയ അംബാസഡർ ഡോ. മുസ്തഫ ഗോക്സു 10,000 റിയാൽ സംഭാവന ചെയ്തു. ഭൂകമ്പബാധിതരെ സഹായിക്കാൻ വേഗത്തിലും മികച്ച രീതിയിലും പിന്തുണയും നൽകുന്ന ഖത്തറിലെ ജനങ്ങളുടെയും സർക്കാറിന്റെയും ശ്രമങ്ങളെ ഗോക്സു വളരെയധികം അഭിനന്ദിച്ചു. ദുരന്തത്തിന്റെ പ്രത്യാഘാതങ്ങളെ ഉടനടി നേരിടാൻ മാത്രമല്ല, ബാധിത പ്രദേശങ്ങളിലെ ജനങ്ങളുടെ സാധാരണജീവിതം പുനഃസ്ഥാപിക്കുന്നതിനായി അടിസ്ഥാന സൗകര്യങ്ങൾ പുനർനിർമിക്കുന്നതിന് തുർക്കിയ സർക്കാറിനുമുന്നിൽ ഏറെ കടുത്ത വെല്ലുവിളികളാണുള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എങ്കിലും, ഖത്തർ ഉൾപ്പെടെയുള്ള ആത്മാർഥ സുഹൃത്തുക്കളുടെ സഹായത്തോടെ അത്തരം സാഹചര്യങ്ങളെ നേരിടാൻ തുർക്കിയ സർക്കാർ പരിചയസമ്പന്നരും സജ്ജരുമാണെന്നും അദ്ദേഹം വ്യക്തമാക്കി. ദുരന്തത്തിന്റെ തുടക്കം മുതൽതന്നെ സിറിയൻ ജനതയെ വിവേചനങ്ങളൊന്നുമില്ലാതെ സഹായിക്കാനും തുർക്കിയ ഉത്സുകരായിരുന്നുവെന്നും അവർക്ക് ആവശ്യമായ എല്ലാ രക്ഷാപ്രവർത്തനങ്ങളും പിന്തുണയും വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കഠിനമായ ശൈത്യകാലത്തെ അതിജീവിക്കാൻ ഇരു രാജ്യങ്ങളിലെയും ദുരിതബാധിത പ്രദേശങ്ങളിലെ ജനങ്ങൾക്ക് അവശ്യസാധനങ്ങളായ പുതപ്പുകൾ, ഹീറ്ററുകൾ, വൈദ്യുതി ജനറേറ്ററുകൾ, മൊബൈൽ ടോയ്ലറ്റ് കാബിനുകൾ, മറ്റ് അടിസ്ഥാന സാമഗ്രികൾ എന്നിവ അത്യാവശ്യമാണെന്നും അംബാസഡർ പറഞ്ഞു. കടുത്ത തണുപ്പിലും കെട്ടിടങ്ങളിൽ താമസിക്കുന്നതിലുള്ള അപകടസാധ്യത കാരണം തുറന്ന സ്ഥലങ്ങളിലാണ് ജനങ്ങൾ പലരും കഴിഞ്ഞുകൂടുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ആർ.എ.സി.എയുടെ സഹായത്തോടെ, ഖത്തറിലെ ജനങ്ങളുടെ സംഭാവനകൾ ശേഖരിക്കുന്നതിനും അവ ദുരിതബാധിത പ്രദേശങ്ങളിലേക്ക് അയക്കുന്നതിനുമായി തുർക്കിയ എംബസിക്ക് മൂന്ന് കലക്ഷൻ പോയന്റുകളുണ്ട്. ഏറ്റവും ദുഷ്കരമായ സമയങ്ങളിലും സഹായിക്കാൻ തിരക്കുകൂട്ടുന്ന ഖത്തറും അവിടത്തെ ജനങ്ങളും എപ്പോഴും വിശ്വസ്തരായ സുഹൃത്തുക്കളായി തുടരുമെന്നും ഖത്തറിന്റെ ശ്രമങ്ങൾക്ക് തുർക്കിയ ജനതയുടെ അകമഴിഞ്ഞ നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.
വിവിധ ചാരിറ്റബിൾ ഓർഗനൈസേഷനുകളിൽനിന്നുള്ള നിരവധി ഉദ്യോഗസ്ഥർ ഖത്തർ ടി.വിയിലെ പരിപാടിയിൽ പങ്കെടുത്തു. ഇത്തരം ശ്രമങ്ങളിൽ പങ്കാളികളാകേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് പുരോഹിതന്മാരും ഇസ്ലാമിക പണ്ഡിതന്മാരും സംസാരിച്ചു. ദുരന്തങ്ങളിൽ പരസ്പരം സഹായിക്കാൻ ആളുകൾ പരമാവധി ശ്രമിക്കണമെന്ന് അവർ ആവശ്യപ്പെട്ടു. ഈ ഡ്രൈവിന് കീഴിൽ, കൾചറൽ വില്ലേജ് ഫൗണ്ടേഷൻ -കത്താറ, സൂഖ് വാഖിഫ്, ആസ്പയർ സോൺ പാർക്ക് എന്നിവയുൾപ്പെടെ രാജ്യത്തുടനീളമുള്ള നിരവധി സ്ഥലങ്ങളിൽ പണവും സാധനങ്ങളും ശേഖരിക്കുന്നതിനുള്ള നിരവധി പോയന്റുകൾ സ്ഥാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.