ദോഹ: ഖത്തറിലെ വിദ്യഭ്യാസ ലോകം ആവേശത്തോടെ കാത്തിരിക്കുന്ന ഗൾഫ് മാധ്യമം-എജു കഫെയുടെ രണ്ടു ദിനങ്ങളിൽ പ്രമുഖർ വിദ്യാർഥികളുമായി സംവദിക്കും. വെള്ളി, ശനി ദിവസങ്ങളിലായി അൽ മെഷാഫിലെ പൊഡാർ പേൾ സ്കൂളിലെ വേദിയിൽ നടക്കുന്ന എജു കഫെയുടെ സ്റ്റാളുകൾ രാവിലെ ഒമ്പതിന് ഉദ്ഘാടനം ചെയ്യും. ഇന്ത്യയിലെയും വിവിധ ഗൾഫ് രാജ്യങ്ങളിലെയും മറ്റുമായി സർവകലാശാലകളുടെയും മറ്റും പ്രതിനിധികളാണ് വിദ്യഭ്യാസ അവസരങ്ങളുമായി വിദ്യാർഥികളെ തേടിയെത്തുന്നത്.
ആദ്യ ദിനത്തിൽ ഏറെ ശ്രദ്ധേയമായ മൂന്ന് സെഷനുകളാണ് എജു കഫെയിൽ ഒരുക്കിയത്. ഉച്ചക്ക് 2.30ന് ഖത്തറിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള മിടുക്കരായ വിദ്യാർഥികൾ പങ്കെടുക്കുന്ന ടോപ്പേഴ്സ് ടോക്ക് അരങ്ങേറും. തുടർന്ന് നാലു മണിക്ക് പ്രശസ്ത മോട്ടിവേഷനൽ സ്പീക്കർ ഡോ. മാണി പോൾ സംസാരിക്കും. പഠനങ്ങൾ എളുപ്പമാക്കാനും ആവശ്യമുള്ളത് പഠിച്ചെടുക്കാനുമുള്ള രഹസ്യങ്ങൾ പകരുന്നതായിരിക്കും സെഷൻ. വൈകുന്നേരം 5.30ന് എജു കഫെയുടെ ഔദ്യോഗിക ഉദ്ഘാടനം നടക്കും. തുടർന്ന് 6.30ന് രക്ഷിതാക്കൾക്കുള്ള സെഷനിൽ പ്രമുഖ മനഃശാസ്ത്ര വിദഗ്ധയും എഴുത്തുകാരിയുമായ ആർഥി രാജരത്നം സംസാരിക്കും. രാത്രി 7.30ന് കേരളത്തിലെ മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥൻ എ.പി.എം മുഹമ്മദ് ഹനീഷ് ‘ദി വേ ടു ദി സ്റ്റാർസ്’ എന്ന വിഷയത്തിൽ സംവദിക്കും.
രണ്ടാം ദിനമായ ശനിയാഴ്ച രാവിലെ ഒമ്പതിന് രജിസ്ട്രേഷനോടെ എജു കഫെ സജീവമാകും. 11.30ന് ‘ഡീ ടോക്സ് ഡിസ്ട്രാക്ഷൻ’ എന്ന വിഷയത്തിൽ ആർഥി രാജരത്നം സംസാരിക്കും. ഉച്ച 1.30ന് സി.എം മെഹ്റൂഫും വൈകു 5.30ന് മെന്റലിസ്റ്റ് ആദിയും സെഷനുകൾ നയിക്കും. ഇതിനു പുറമെ, വിവിധ വിദഗ്ധ തൊഴിൽ മേഖലകളിൽ വിജയം നേടിയ പ്രഫഷനലുകളും വിദ്യാർഥികളുമായി സംവദിക്കുന്നുണ്ട്.
രജിസ്റ്റർ ചെയ്യാം
വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ‘www.myeducafe.com’ എന്ന ലിങ്കിൽ പ്രവേശിച്ച് എജു കഫെയിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്യാവുന്നതാണ്. ഒപ്പം, കരിയർ ഗൈഡൻസ് വിഭാഗമായി സിജി നേതൃത്വത്തിൽ നടക്കുന്ന ‘സി ഡാറ്റ്’ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിന്റെ രജിസ്ട്രേഷനും പുരോഗമിക്കുന്നു. ഏറെ ശാസ്ത്രീയമായി നടത്തുന്ന അഭിരുചി പരീക്ഷക്ക് 100 റിയാലാണ് രജിസ്ട്രേഷൻ ഫീസ്. www.cigicareer.com/cdat എന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്ത്, എജു കഫെ വേദിയിൽ ഫീസ് അടച്ച് അഭിരുചി പരീക്ഷയെഴുതാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.