എ.പി.എം. മുഹമ്മദ് ഹനീഷ് ഐ.എ.എസ്, ആർഥി രാജരത്നം, മെന്റലിസ്റ്റ് ആദി, ഡോ. മാണി പോൾ, സി.എം. മഹ്റൂഫ്
ദോഹ: മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ കരിയർ-വിദ്യാഭ്യാസ പ്രദർശനമായ ഗൾഫ് മാധ്യമം ‘എജു കഫേ’യുടെ ഖത്തറിലെ ആദ്യ പതിപ്പിൽ അണിനിരക്കുന്നത് വിവിധ മേഖലകളിൽനിന്നുള്ള പ്രമുഖരുടെ നിര.
ജനുവരി 19, 20 തീയതികളിലായി അൽ മെഷാഫിലെ പൊഡാർ പേൾ സ്കൂളിലാണ് ഉന്നതപഠനവും മികച്ച തൊഴിൽ സാധ്യതയും തേടുന്ന രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കും വഴികാട്ടിയായി ‘എജു കഫേ’ എത്തുന്നത്.
രണ്ടു ദിനങ്ങളിലായി നടക്കുന്ന സെഷനിൽ ഇന്ത്യയിൽ നിന്നുള്ള വിദ്യാഭ്യാസ-കരിയർ വിദഗ്ധരും ഇന്ത്യയിലെയും ഗൾഫിലെയും മറ്റു വിദേശരാജ്യങ്ങളിലെയും ഉൾപ്പെടെ സർവകലാശാല പ്രതിനിധികളും പ്രഭാഷകരും പങ്കെടുക്കും.
മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനും നിലവിൽ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയും സ്കൂൾ വിദ്യാഭ്യാസ വിഭാഗം ഡയറക്ടർ പദവി ഉൾപ്പെടെ ഒട്ടേറെ ചുമതലകളും വഹിച്ച എ.പി.എം. മുഹമ്മദ് ഹനീഷ് ആണ് എജുകഫേയിലെ ശ്രദ്ധേയ സാന്നിധ്യം. മികച്ച സിവിൽ സർവിസ് ഉദ്യോഗസ്ഥൻ എന്നതിനൊപ്പം പ്രഭാഷകനും എഴുത്തുകാരനുമായി തിളങ്ങുന്ന ഇദ്ദേഹം ഖത്തറിലെ വിദ്യാർഥികളും രക്ഷിതാക്കളുമായി തന്റെ സിവിൽ സർവിസ് അനുഭവങ്ങളുടെ കൂടി വെളിച്ചത്തിൽ സംവദിക്കും. ‘ലൈഫ് ഓഫ് എ സിവിൽ സെർവന്റ്’ എന്ന തലക്കെട്ടിലാണ് ശ്രദ്ധേയമായ സെഷൻ.
പൊതു സേവകൻ എന്ന നിലയിൽ നിരവധി ചുമതലകൾ വഹിക്കുമ്പോൾ നേരിട്ട വെല്ലുവിളികളും മറ്റും അദ്ദേഹം വിശദീകരിക്കും.
ഇന്ത്യയിലെ തന്നെ അറിയപ്പെടുന്ന മനഃശാസ്ത്ര വിദഗ്ധയും എഴുത്തുകാരിയുമായ ആർഥി രാജരത്നം കുട്ടികളും രക്ഷിതാക്കളുമായി വ്യത്യസ്ത വിഷയങ്ങളിൽ സംവദിക്കും. കൗമാരത്തിൽ വിദ്യാർഥികളുടെ വ്യക്തിത്വം മനസ്സിലാക്കാനും പിന്തുണക്കാനും ആവശ്യമായ പരിശീലനവും അറിവുകളും നൽകുന്ന ഗഹനമായ സെഷനുമായാണ് ആർഥി രാജരത്നം ഖത്തറിലെത്തുന്നത്. ‘ഡീടോക്സ് ഡിസ്ട്രാക്ഷൻ’ വിഷയത്തിൽ വിദ്യാർഥികളുമായും ‘കൗമാരം തിരിച്ചറിയുക’ വിഷയത്തിൽ രക്ഷിതാക്കളുമായും അവർ സംവദിക്കും.
കുട്ടികൾക്കുള്ള മനക്കളികളുമായാണ് ഇന്ത്യയിലെ പ്രശസ്ത മെന്റലിസ്റ്റായ ആദിയെത്തുന്നത്. ‘ഇൻസോമ്നിയ’ എന്നപേരിൽ നടക്കുന്ന പ്രത്യേക ഷോ കാഴ്ചക്കാരന്റെ മനസ്സുകളിലേക്ക് തീവ്രമായ സന്ദേശം പകരുന്നതായിരിക്കും.
ഇവർക്കൊപ്പം ഇന്ത്യയിലെ അറിയപ്പെടുന്ന മോട്ടിവേഷനൽ സ്പീക്കർ ഡോ. മാണി പോൾ പ്രചോദിതമാവുന്ന വാക്കുകളിലൂടെ കേൾവിക്കാരനെ തൊട്ടുണർത്താനുള്ള കരുത്തുമായാണ് എത്തുന്നത്. വിദ്യാർഥികൾക്ക് പഠനങ്ങൾ എളുപ്പമാക്കാനും ആവശ്യമുള്ളത് പഠിച്ചെടുക്കാനുമുള്ള രഹസ്യങ്ങൾ പകരുന്നതായിരിക്കും സെഷൻ.
പുതുതലമുറയിൽ ശ്രദ്ധേയനായ സി.എം. മഹ്റൂഫിന്റെ സെഷനും പഠിതാക്കൾക്ക് മികച്ച അനുഭവം സമ്മാനിക്കും. ഉറക്കിൽപോലും പഠനം സാധ്യമാക്കാനുള്ള പൊടിക്കൈകളുമായാണ് പേഴ്സനൽ ട്രെയിനറായ ഇദ്ദേഹം ഖത്തറിലെത്തുന്നത്.
ആദ്യ ദിനമായ വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതൽ 11 വരെയും ഉച്ച കഴിഞ്ഞ് രണ്ടു മുതൽ രാത്രി ഒമ്പതു വരെയും രണ്ടാം ദിനം രാവിലെ ഒമ്പതു മുതൽ വൈകീട്ട് 6.30 വരെയുമാണ് എജുകഫേയിലേക്ക് സന്ദർശനം ക്രമീകരിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.