ദോഹ: അടുത്ത ഏഴു വർഷത്തിനുള്ളിൽ ഗതാഗത മേഖല കൂടുതൽ വേഗത്തിൽ വൈദ്യുതിവത്ക്കരിക്കാനുള്ള പദ്ധതികളുമായി അധികൃതർ. പൊതുഗതാഗതത്തിനുള്ള ബസുകൾ പൂർണമായും, മൊത്തം വാഹനങ്ങൾ 35 ശതമാനവും വൈദ്യുതി വത്കരിക്കാനാണ് ലക്ഷ്യമെന്ന് ഖത്തർ പരിസ്ഥിതി കാലാവസ്ഥ വ്യതിയാന മന്ത്രി ശൈഖ് ഫാലിഹ് ബിൻ നാസർ ബിൻ അഹമ്മദ് ബിൻ അലി ആൽഥാനി പറഞ്ഞു. രാജ്യത്തെ സുസ്ഥിര വികസനം ഉറപ്പാക്കുക എന്ന 2030 ദേശീയ വിഷന്റെ ഭാഗമായാണ് ഈ നീക്കവും.
പരിസ്ഥിതിക്ക് ദോഷം ചെയ്യുന്ന ഊർജ മാർഗങ്ങൾ ഒഴിവാക്കി, സംശുദ്ധ ഊർജം, സൗരോർജം ഉൾപ്പെടെ മറ്റു പുനരുപയോഗ ഊർജ വിഭവങ്ങൾ ഉപയോഗിച്ച് സുസ്ഥിര വികസനം എന്ന ലക്ഷ്യത്തിന്റെ ഭാഗമാണ് ഈ നീക്കമെന്ന് മന്ത്രി പറഞ്ഞു.
ഭൗമദിനത്തിന്റെ ഭാഗമായി ഗവ. കമ്യൂണിക്കേഷൻ ഓഫിസ് പങ്കുവെച്ച വിഡിയോ സന്ദേശത്തിലായിരുന്നു മന്ത്രി, ഖത്തറിന്റെ ഭാവി പൊതുഗതാഗത സംവിധാനത്തിലെ കാഴ്ചപ്പാട് വ്യക്തമാക്കിയത്. ‘നമ്മുടെ ഗ്രഹത്തിൽ നിക്ഷേപിക്കുക’ എന്ന പ്രമേയത്തിലാണ് ഇത്തവണ അന്താരാഷ്ട്ര ഭൗമദിനം ആചരിക്കുന്നത്. പരിസ്ഥിതിക്കും പ്രകൃതിക്കും കോട്ടമില്ലാത്ത വികസന കാഴ്ചപ്പാട് എന്ന ലക്ഷ്യമാണ് ഭൗമ ദിനം മുന്നോട്ടുവെക്കുന്നത്. പ്രാദേശിക ആവാസവ്യവസ്ഥയെക്കുറിച്ചും അത് എങ്ങനെ സംരക്ഷിക്കാമെന്നും പഠിക്കാൻ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതിനായി ഖത്തർ സർക്കാർ കഴിഞ്ഞ കാലയളവിൽ പ്രവർത്തിച്ചതായി മന്ത്രി വിശദമാക്കി.
ശക്തമായ നേതൃത്വവും അവരുടെ ദീർഘവീക്ഷണത്തോടെയുള്ള കാഴ്ചപ്പാടും രാജ്യത്തിന്റെ ഊർജ മേഖലയെ പരിസ്ഥിതി സൗഹൃദ ഊർജ പദ്ധതികളിലേക്ക് നയിക്കുന്നതായി ഗതാഗത മന്ത്രാലയം ആക്ടിങ് അണ്ടർ സെക്രട്ടറി എൻജി. ഹമദ് ഈസ അബ്ദുല്ല പറഞ്ഞു.
ലോകകപ്പിന് മുന്നോടിയായി തയാറാക്കിയ ലുസൈൽ ബസ് ഡിപ്പോ ലോകത്തെ ഏറ്റവും വലിയ ഇലക്ട്രിക് ബസ് ഡിപ്പോക്കുള്ള ഗിന്നസ് ലോക റെക്കോഡ് സ്വന്തമാക്കിയതാണ്. 2030ഓടെ രാജ്യത്തെ പൊതുഗതാഗത സംവിധാനങ്ങൾ പൂർണമായും വൈദ്യുതീകരിക്കാനാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്. മറ്റു ഗതാഗത സംവിധാനങ്ങൾ 35 ശതമാനം ഇലക്ട്രിക്കാക്കി മാറ്റാനാവും.
പൊതു ഗതാഗത ബസുകൾ 100 ശതമാനവും വൈദ്യുതി വാഹനങ്ങളായി മാറും-എൻജി. ഹമദ് ഈസ അബ്ദുല്ല പറഞ്ഞു. പാരിസ്ഥിതികവും സുസ്ഥിരവുമായ ശ്രമങ്ങളെ പിന്തുണക്കുന്നതിലൂടെ ആഗോള പാരിസ്ഥിതിക വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിൽ രാഷ്ട്രം കൈവരിച്ച നിരവധി മുന്നേറ്റങ്ങൾ പ്രദർശിപ്പിക്കുന്നതിൽ ഖത്തർ അഭിമാനിക്കുന്നുവെന്ന് ഭൗമദിന സന്ദേശത്തിൽ അദ്ദേഹം വ്യക്തമാക്കി. ഒരേസമയം 478 ഇലക്ട്രിക് ബസുകളെ ഉൾക്കൊള്ളാൻ ശേഷിയോടെയാണ് ലുസൈൽ ബസ് ഡിപ്പോ ഗിന്നസ് റെക്കോഡ് സ്വന്തമാക്കിയത്. 11,000 പി.വി സോളാർ പാനലുകളിലൂടെ പ്രതിദിനം നാല് മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിച്ച് കെട്ടിടത്തിന്റെ ആവശ്യം നിറവേറ്റുന്ന മിഡിൽ ഈസ്റ്റിലെ ആദ്യ ഡിപ്പോ എന്ന സവിശേഷതയും ലുസൈലിനുണ്ട്. അൽ ഖർസ പവർ പ്ലാൻറിലൂടെ സൗരോർജ ഉൽപാദന രംഗത്തും ഖത്തർ നേട്ടങ്ങൾ കൊയ്തു. 800 മെഗാവാട്ട് ശേഷിയുള്ള അൽ ഖർസ പവർ പ്ലാൻറ് ഖത്തറിലെ ഏറ്റവും ശ്രദ്ധേയമായ പുനരുപയോഗ ഊർജ പദ്ധതി കൂടിയാണ്.
2035ഓടെ ഖത്തർ എനർജിയുടെ സൗരോർജ ഉൽപാദനം 5000 മെഗാവാട്ടായി വർധിക്കും. 875 മെഗാവാട്ട് ഊർജ ഉൽപാദക ശേഷിയുള്ള റാസ് ലഫാൻ സിറ്റിയിലെയും ഉംസ ഈദ് സിറ്റിയിലെയും പദ്ധതികൾ ഖത്തർ എനർജിക്കുകീഴിൽ ഇതിനകം നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചുകഴിഞ്ഞു. ഈ രണ്ട് പദ്ധതികളോടെ 2024ൽ ഖത്തറിലെ സൗരോർജ ഉൽപാദനശേഷം 17000 മെഗാവാട്സിലെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.