ദോഹ: പ്രസിഡന്റ് ഇബ്രാഹീം റഈസിയുടെയും വിദേശകാര്യ മന്ത്രി അമീർ അബ്ദുല്ലഹിയാന്റെയും സഹയാത്രികരുടെയും ഹെലികോപ്ടർ അപകട മരണത്തിന്റെ ദുരന്തത്തിൽ നീറുന്ന ഇറാന് സമാശ്വാസവുമായി ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയെത്തി. ബുധനാഴ്ച ഉച്ചയോടെ തെഹ്റാനിലെത്തിയ അമീറും പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനിയും ഇറാൻ പരമോന്നത നേതാവ് ആയുത്തുല്ല അലി ഖാംനഇയെ സന്ദർശിച്ച് അനുശോചനം അറിയിച്ചു. തലസ്ഥാനമായ തെഹ്റാനിലെ ഓഫിസിലായിരുന്നു ഖത്തർ അമീർ ഇറാൻ രാഷ്ട്ര നേതാവിനെ സന്ദർശിച്ചത്. ഇടക്കാല പ്രസിഡന്റ് ഡോ. മുഹമ്മദ് മുഖ്ബറിനെയും അമീർ സന്ദർശിച്ചിരുന്നു.
ഉച്ചയോടെ മിഹ്റാബാദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറാൻ തൊഴിൽ-കോർപറേഷൻ മന്ത്രി സലാത് മുർതസവി, ഇറാനിലെ ഖത്തർ എംബസി അംഗങ്ങൾ ഉൾപ്പെടെ അമീറിനെ സ്വീകരിച്ചു. ഞായറാഴ്ച ഉച്ചയോടെ ഹെലികോപ്റ്റർ അപകടം നടന്നതിനു പിന്നാലെ തിരച്ചിലിന് പ്രത്യേക സംഘം ഉൾപ്പെടെ എല്ലാ സഹായങ്ങളും ഖത്തർ വാഗ്ദാനം ചെയ്തിരുന്നു. തിങ്കളാഴ്ച മരണം സ്ഥിരീകരിച്ചതിനു പിന്നാലെ അമീർ ഇറാൻ വൈസ് പ്രസിഡന്റിനെ ഫോണിൽ വിളിച്ച് ദുഃഖം പങ്കുവെക്കുകയും ചെയ്തു. ഖത്തറുമായി അടുത്ത സൗഹൃദം പങ്കുവെക്കുന്ന രാജ്യമാണ് ഇറാൻ. കൊല്ലപ്പെട്ട പ്രസിഡന്റ് ഇബ്രാഹിം റഈസിയും വിദേശകാര്യമന്ത്രിയും അടുത്തിടെയും ഖത്തർ സന്ദർശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.