ദോഹ: 2023-2024 കാലയളവിലെ പുതിയ അധ്യായന വർഷത്തേക്കുള്ള വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പദ്ധതി പ്രകാരം എല്ലാവർക്കും ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കുമെന്ന് ഡോ. ഇബ്റാഹിം ബിൻ സാലിഹ് അൽ നുഐമി. ഖത്തറിലെ എല്ലാ വിദ്യാർഥികൾക്കും വിദ്യാഭ്യാസം നൽകുകയെന്നതാണ് പദ്ധതിയുടെ പ്രധാന സവിശേഷതയെന്നും മന്ത്രാലയം അണ്ടർ സെക്രട്ടറിയായ ഡോ. ഇബ്റാഹിം സാലിഹ് അൽ നുഐമി വ്യക്തമാക്കി.
വിവിധ സാങ്കേതിക-വിദ്യാഭ്യാസ വിഭവങ്ങളുടെ സഹായത്തോടെ അധ്യാപകർക്ക് കൂടുതൽ കരുത്ത് നൽകുകയാണ് ലക്ഷ്യം.
പ്രാരംഭ വിദ്യാഭ്യാസത്തിനുശേഷം പൊതുവിദ്യാഭ്യാസ ഘട്ടത്തിലും ഉന്നതതലത്തിലുള്ള സർവകലാശാല വിദ്യാഭ്യാസത്തിലുമായിരിക്കും സ്ട്രാറ്റജിക് പ്ലാൻ ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നും അന്താരാഷ്ട്ര നിലവാരവുമായി കിടപിടിക്കുന്ന ഏറ്റവും മികച്ച വിദ്യാഭ്യാസമാണ് ഉയർന്ന തലങ്ങളിൽ നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 2023-24 കാലയളവിലെ പുതിയ അധ്യയനവർഷത്തിന് ഞായറാഴ്ചയാണ് തുടക്കംകുറിച്ചത്.
പുതിയ അധ്യയനവർഷത്തിന്റെ തുടക്കത്തോടെ വിദ്യാർഥികളുടെ ശാരീരികവും മാനസികവും സാമൂഹികവുമായ ക്ഷേമവും ഭിന്നശേഷിക്കാരായ വിദ്യാർഥികളുടെ ശാക്തീകരണവുമായും ബന്ധപ്പെട്ട നയങ്ങൾ വികസിപ്പിക്കുന്നതിന് വിദ്യാഭ്യാസ മന്ത്രാലയം തീവ്രശ്രമങ്ങളാണ് നടത്തിയത്. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പുതിയ നയങ്ങൾ സ്കൂൾ പ്രിൻസിപ്പൽമാർ, അധ്യാപകർ, വിദ്യാഭ്യാസ മേഖലയിലെ വിദഗ്ധർ എന്നിവരിൽനിന്നുള്ള നിരീക്ഷണങ്ങളോടും നിർദേശങ്ങളോടും പ്രതികരിക്കുകയും വിദ്യാർഥികളുടെ അക്കാദമിക് നേട്ടങ്ങൾ വർധിപ്പിക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
പ്രീ സ്കൂൾ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനും ഇതിൽ നഴ്സറികളുടെ പങ്ക് വിപുലീകരിക്കുന്നതിനും സമൂഹത്തിൽ പ്രാരംഭ വിദ്യാഭ്യാസത്തെക്കുറിച്ച അവബോധം വളർത്തുന്നതിനും മന്ത്രാലയം വിവിധ പരിപാടികൾ ആവിഷ്കരിച്ച് നടപ്പാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.