ദോഹ: ഗള്‍ഫ് പ്രവാസം അമ്പതാണ്ട് പിന്നിട്ടിട്ടും പ്രവാസിയുടെ യാത്രാപ്രശ്നം ഇന്നും പരിഹരിക്കപ്പെടാതെ കൂടുതല്‍ രൂക്ഷമായി തുടരുകയാണെന്നും ഇത് പരിഹരിക്കാൻ പ്രവാസി സംഘടനകളുടെ ഒന്നിച്ചുള്ള മുന്നേറ്റം ഉണ്ടാകണമെന്നും കൾചറൽ ഫോറം സംഘടിപ്പിച്ച പ്രവാസിസഭ അഭിപ്രായപ്പെട്ടു. വിമാനചാർജ് നിശ്ചയിക്കുന്നതിൽ ഇന്ത്യൻ സർക്കാറിന് ഇപ്പോൾ ഒരു നിയന്ത്രണവും ഇല്ലെന്നും ചാർജ് നിയന്ത്രിക്കാൻ സർക്കാറിന് സാധിക്കുന്ന രീതിയിൽ നിയമനിർമാണം നടത്തണമെന്നും പ്രവാസിസഭ ആവശ്യപ്പെട്ടു.
അവധിക്കാലങ്ങളില്‍ നാട്ടില്‍ പോകുകയെന്നത് ഒരു സാധാരണക്കാരന് സ്വപ്നമായി മാറുകയാണ്. കൂടുതല്‍ യാത്രക്കാരുള്ള കേരള സെക്ടറിലേക്ക് ചെറിയ വിമാനങ്ങള്‍ സർവിസ് നടത്തുന്നതും അയാട്ടക്ക് കീഴിലെ ട്രാവല്‍ ഏജന്‍സികള്‍ അമിതവിലക്ക് വില്‍ക്കാനായി സീസണുകളില്‍ നേരത്തേതന്നെ ഗ്രൂപ് ടിക്കറ്റുകള്‍ എടുക്കുന്നതും നേരത്തെയുണ്ടായിരുന്ന ബുക്കിങ് സംവിധാനം എടുത്തുകളഞ്ഞതും ദുരിതത്തിന്റെ ആഴം വർധിപ്പിക്കുകയും ചൂഷണത്തിന് സൗകര്യമൊരുക്കുകയും ചെയ്യുന്നുവെന്നും ചർച്ചയിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. ഗള്‍ഫ് നാടുകളിലെ മറ്റ് രാജ്യക്കാര്‍ക്ക് അവധിക്കാലങ്ങളില്‍ ആശ്വാസമേകുന്നത് അവരുടെ ദേശീയ വിമാനക്കമ്പനികളാണ്.
എന്നാല്‍, സ്വന്തം രാജ്യത്തിന്റേതായ ദേശീയ വിമാനക്കമ്പനിപോലും ഇല്ലാത്ത പ്രവാസി സമൂഹമായി ഇന്ത്യക്കാര്‍ മാറിയിരിക്കുന്നു. പതിവ് മെമ്മോറാണ്ടങ്ങള്‍ക്കുപരി നിരന്തര സമ്മർദത്തിലൂടെയും ശക്തമായ സോഷ്യല്‍ മീഡിയ കാമ്പയിനിലൂടെയും അന്താരാഷ്ട്രതലത്തില്‍തന്നെ ഈ വിഷയം ഉയര്‍ത്തിക്കൊണ്ടു വരേണ്ടതുണ്ട്. രാജ്യത്തിന് ഏറ്റവും കൂടുതല്‍ വിദേശനാണ്യം നേടിത്തരുന്ന പ്രവാസികളുടെ യാത്രാപ്രശ്നം മറ്റ് കാര്യങ്ങളിലെന്നപോലെ അവര്‍തന്നെ പിരിവെടുത്ത് പരിഹരിക്കപ്പെടേണ്ട ഒന്നല്ല. എല്ലാ വര്‍ഷവും അവധിക്കാലത്തേക്ക് കൂടുതല്‍ വിമാന സർവിസുകള്‍ നടത്താനുള്ള സംവിധാനം സര്‍ക്കാര്‍തലത്തില്‍ ഉണ്ടാകണം. ടിക്കറ്റ് നിരക്കിന് പരിധി നിര്‍ണയിക്കണം. ഇതിനായി റെഗുലേറ്ററി അതോറിറ്റി രൂപവത്കരിക്കുകയും വേണം. ഇന്ത്യന്‍ എംബസികളും കേരള സര്‍ക്കാറും ഈ വിഷയത്തില്‍ ക്രിയാത്മക ഇടപെടല്‍ നടത്തണമെന്നും അതിനായി യോജിച്ച് മുന്നോട്ടുപോകണമെന്നും പ്രവാസി സഭയില്‍ സംസാരിച്ച വിവിധ സംഘടന പ്രതിനിധികള്‍ പറഞ്ഞു.
‘വിമാനയാത്ര നിരക്ക് നിയന്ത്രിക്കുന്നതിന് നിയമം ഭേദഗതി ചെയ്യുക, പ്രവാസി ചൂഷണം അവസാനിപ്പിക്കുക’ ശീര്‍ഷകത്തില്‍ കൾചറല്‍ ഫോറം സംഘടിപ്പിക്കുന്ന കാമ്പയിന്റെ ഭാഗമായാണ് പ്രവാസിസഭ സംഘടിപ്പിച്ചത്. കള്‍ചറല്‍ ഫോറം വൈസ് പ്രസിഡന്റ് ചന്ദ്രമോഹന് പ്രവാസി സഭ നിയന്ത്രിച്ചു. സംസ്ഥാന കമ്മിറ്റി അംഗം സാദിഖ് ചെന്നാടന്‍ വിഷയം അവതരിപ്പിച്ചു. കെ.എം.സി.സി ജനറല്‍ സെക്രട്ടറി സലീം നാലകത്ത്, ഇന്‍കാസ് ജനറൽ സെക്രട്ടറി ബഷീര്‍ തുവാരിക്കല്‍, ഗപാക് ജനറല്‍ സെക്രട്ടറി ഫരീദ് തിക്കോടി, സമൂഹിക പ്രവര്ത്തകന് റഊഫ് കൊണ്ടോട്ടി, തിരുവനന്തപുരം എയര്‍പോര്‍ട്ട് യൂസേഴ്സ് ഫോറം കൺവീനർ തോമസ് കുര്യന്, യൂത്ത്ഫോറം വൈസ് പ്രസിഡന്റ് അസ്ലം തൗഫീഖ്, ചാലിയാര്‍ ദോഹ പ്രസിഡന്റ് സമീല്‍ അബ്ദുല്‍ വാഹിദ്, നോർവ ജനറൽ സെക്രട്ടറി സിമിന് ചന്ദ്രന്, നിഖില്‍ ശശിധരന്, യുനിക് വൈസ് പ്രസിഡന്റ് സ്മിത ദീപു, സലീന കൂലത്ത്, ഫെഡറേഷൻ ഓഫ് ഇന്ത്യൻ നഴ്സസ് പ്രതിനിധി ഷിജു ആർ., പ്രവാസി മലയാളി ഫെഡറേഷൻ പ്രതിനിധി സിദ്ദീഖ്, റഷീദ് ഐ.സി.എഫ്, കള്‍ചറല്‍ ഫോറം സെക്രട്ടറി കെ.ടി. മുബാറക് തുടങ്ങിയവര്‍ സംസാരിച്ചു. കൾചറല്‍ ഫോറം വൈസ് പ്രസിഡന്റ് മുഹമ്മദ് റാഫി സമാപന പ്രസംഗം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.