ദോഹ: തൊഴിലാളികളുടെ അവകാശങ്ങൾക്കും മനുഷ്യാവകാശങ്ങൾക്കും ഖത്തറും ഫിഫയും പ്രത്യേക മുൻഗണന നൽകുന്നുവെന്ന് ഫിഫ പ്രസിഡൻറ് ജിയോനി ഇൻഫാൻറിനോ. ഖത്തറിൽ നടക്കാനിരിക്കുന്ന 2022ലെ ലോകകപ്പ് ഫുട്ബാൾ ടൂർണമെൻറ് ലോകകപ്പ് ഫുട്ബാളിെൻറ മാതൃകപരമായ ടൂർണമെൻറായിരിക്കുമെന്നും ഇൻഫാൻറിനോ കൂട്ടിച്ചേർത്തു.
ഫുട്ബാളിെൻറ ചരിത്രത്തിലെ ഏറ്റവും വലുതും പ്രധാനപ്പെട്ടതുമായ ടൂർണമെൻറ് എന്നതിലുപരി, ഖത്തറിലും മേഖലയിലും നിരവധി സാമൂഹിക സ്വാധീനമുണ്ടാക്കാൻ ഈ ലോകകപ്പിന് സാധിക്കും.
വിഡിയോ കോൺഫറൻസിങ്ങിലൂടെ നടന്ന 71ാമത് ഫിഫ കോൺഗ്രസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് മഹാമാരി ഉയർത്തിയ വെല്ലുവിളികൾക്കിടയിലാണ് ഖത്തർ ലോകകപ്പ് എന്നതും ശ്രദ്ധേയമാണ്. ഖത്തർ ലോകകപ്പ് ഏറ്റവും വലിയ വിജയകരമാകുമെന്ന കാര്യത്തിൽ പൂർണ ആത്മവിശ്വാസമുണ്ട്. ലോകകപ്പിെൻറ ഏറ്റവും മികച്ച പതിപ്പായിരിക്കും ഖത്തറിൽ സംഭവിക്കുക.
ഖത്തറിെൻറ തയാറെടുപ്പുകൾ പ്രതീക്ഷയുളവാക്കുന്നതാണ്. എല്ലാ കാര്യത്തിലും ടൂർണമെൻറ് വേറിട്ടുനിൽക്കുമെന്നും അദ്ദേഹം വിശദീകരിച്ചു. ലോകകപ്പുമായി ബന്ധപ്പെട്ട നിർമാണപ്രവർത്തനങ്ങളിലേർപ്പെടുന്ന തൊഴിലാളികളുടെ അവകാശങ്ങളുമായും മനുഷ്യാവകാശങ്ങളുമായും ബന്ധപ്പെട്ട ആശങ്കകൾ സംബന്ധിച്ച ചോദ്യത്തിന്, ഈ വർഷം അവസാനത്തോടെ ഖത്തറിൽ ഫിഫ സംഘടിപ്പിക്കുന്ന അറബ് കപ്പ് നേരിട്ടുകണ്ട് സ്ഥിതിഗതികൾ വിലയിരുത്താൻ അന്താരാഷ്ട്ര സംഘടനപ്രതിനിധികൾ തയാറാകണമെന്നായിരുന്നു ഇൻഫാൻറിനോയുടെ മറുപടി.
ലോകകപ്പുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന തൊഴിലാളികളുടെ ക്ഷേമം നിരന്തരമായി വിലയിരുത്തി പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആൻഡ് ലെഗസി. ഇതിനായി ത്രൈമാസ ഓഡിറ്റിങ്ങാണ് നടത്തുന്നത്. ഇതോടെ ഈ രംഗത്ത് നിരവധി മികവുകൾ ഉണ്ടായതായി ലെഗസി സെക്രട്ടറി ജനറല്‍ ഹസ്സന് അല്‍ തവാദി പറയുന്നു.
തൊഴിലാളികളുടെ താമസസൗകര്യങ്ങള്‍, നിയമനങ്ങളിലെ ഗുണപരമായ മാറ്റം, കരാര്‍ പാലിക്കൽ, മികച്ച തൊഴില്‍ സാഹചര്യം, ശമ്പളം കൃത്യമായി ലഭിക്കൽ തുടങ്ങിയവയൊക്കെ ഇത്തരത്തിൽ കൃത്യമായ ഇടവേളകളിൽ വിലയിരുത്തുന്നുണ്ട്. ഈയടുത്ത് സുപ്രിം കമ്മിറ്റി ഫോര്‍ ഡെലിവറി ആൻഡ് ലെഗസിയുടെ അഞ്ചാമത് വര്‍ക്കേഴ്സ് വെല്‍ഫെയര്‍ പ്രോഗ്രസ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരുന്നു.
തൊഴിലാളികളുടെ ക്ഷേമരംഗത്ത് കൂടുതല്‍ മികച്ച നേട്ടങ്ങള്‍ ലഭ്യമായതായി റിപ്പോര്‍ട്ടിൽ പറയുന്നു. വര്‍ക്കേഴ്സ് വെല്‍ഫെയര്‍ ഫോറത്തിെൻറ നേട്ടം സുപ്രീം കമ്മിറ്റിയുടെ 23164 തൊഴിലാളികള്‍ക്കും മറ്റുള്ള 10140 തൊഴിലാളികള്‍ക്കും ലഭിക്കുന്നുണ്ട്.
ഇതോടൊപ്പം സുപ്രീംകമ്മിറ്റിയുടെ യൂനിവേഴ്സല്‍ റീഇംപേഴ്സ്മെൻറ് സ്കീം വഴി 220 കോണ്ട്രാക്ടര്മാരും മറ്റു കോണ്ട്രാക്ടര്മാരും റിക്രൂട്ട്മെൻറ് ഫീസായി വാങ്ങിയ തുക തൊഴിലാളികൾക്ക് മടക്കി നൽകുകയും ചെയ്തിട്ടുണ്ട്. സുപ്രീം കമ്മിറ്റിയുടെ 16500 തൊഴിലാളികള്‍ക്കും നിലവില്‍ ഇതിെൻറ ഗുണം ലഭിച്ചിട്ടുണ്ട്. അന്താരാഷ്ട്ര ലേബര്‍ ഓര്‍ഗനൈസേഷനുമായും ഭരണ വികസന തൊഴില്‍ സാമൂഹികകാര്യ മന്ത്രാലയവുമായും ചേര്‍ന്ന് സുപ്രീംകമ്മിറ്റി തൊഴിലാളികളില്‍ താപനില സൃഷ്ടിക്കുന്ന ഫലങ്ങളെകുറിച്ച് പഠനം നടത്തിയിട്ടുണ്ട്. അതിെൻറ ഭാഗമായി സുപ്രീംകമ്മിറ്റി തൊഴിലാളകിൾക്ക് കൂളിങ് സ്റ്റേ കൂള്‍ സ്യൂട്ടുകള്‍ വിതരണം ചെയ്യുന്നുണ്ട്. പൊതുജനാരോഗ്യ മന്ത്രാലയവുമായി ചേര്‍ന്ന് മാനസികാരോഗ്യ സംരക്ഷണ പദ്ധതിയും നടത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.