ഇന്ത്യയിലെ വിദേശ നാണയ വിപണിയുടെ പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടുപോവുന്നതിനും വിപുലീകരിക്കുന്നതിനും കയറ്റുമതി, ഇറക്കുമതി എന്നതിന്മേൽ പ്രോത്സാഹന - നിയന്ത്രണങ്ങൾ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടുള്ള നിയമമാണ് 1999 ലെ ഫെമ ആക്ട്. ഇതിലെ പല ചട്ടങ്ങളും പ്രവാസികളെ ഏറെ ബാധിക്കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ.
- പ്രവാസികൾ ആയ ഒരാൾക്ക് നാട്ടിലെ ബാങ്കുകളിൽ സേവിംഗ്സ് ബാങ്ക് അക്കൗണ്ട് നിലനിർത്താൻ പാടില്ല. എൻ.ആർ.ഇ, എൻ.ആർ.ഒ, എഫ്.സി.എൻ.ആർ തുടങ്ങിയ അക്കൗണ്ടുകൾ മാത്രമേ പാടുള്ളൂ. ഒരാൾ പ്രവാസിയാവുന്നതോടെ, സേവിംഗ്സ് അക്കൗണ്ട് നിർത്തലാക്കണം.
- പ്രവാസി ആയ ആൾക്ക് കൃഷി ഭൂമി എന്നിവ വാങ്ങാൻ പാടില്ല.
- ഭൂമി വാങ്ങി മറിച്ച് വിൽപന നടത്താൻ പാടില്ല. എന്നാൽ ഭൂമിയിൽ കെട്ടിട നിർമാണം ഉൾപ്പെടെ വികസനങ്ങൾ നടത്തി ഭൂമിയടക്കമുള്ളവ വിൽപന നടത്താം.
- ഇന്ത്യൻ റസിഡൻറ് ആയ വ്യക്തികൾക്ക് കടം കൊടുക്കുന്നതും അവരിൽ നിന്ന് കടം വാങ്ങുന്നതും രൂപ അടിസ്ഥാനമാക്കിയാവരുത്. പ്രവാസിയുടെ പേരിൽ ഇന്ത്യയിൽ നിന്നുള്ള ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചോ വിദേശത്ത് നിന്ന് പണം അയച്ചോ, എൻ.ആർ.ഇ, എൻ.ആർ. ഒ, എഫ്.സി.എൻ.ആർ, എൻ.ആർ.എൻ.ആർ തുടങ്ങിയവ മുഖേന മാത്രമേ കടം നൽകാൻ പാടുള്ളൂ. ഇങ്ങനെ നൽകുന്ന വായ്പയുടെ പരമാവധി കാലാവധി മൂന്ന് വർഷമായിരിക്കും. പലിശ ബാങ്ക് നിരക്കിനെക്കാൾ രണ്ടു ശതമാനത്തിൽ കൂടാൻ പാടില്ല. പ്രവാസിക്ക് കടം വാങ്ങാൻ ധനകാര്യ സ്ഥാപനങ്ങൾ വഴിയോ അതുപോലുള്ള സംവിധാനങ്ങൾ വഴിയോ മാത്രമേ പാടുള്ളൂ.
ഫെമ നിയമ ലംഘനങ്ങൾക്ക് കനത്ത പിഴയാണ് ചുമത്തുക.
- ലംഘനത്തിൽ ഉൾപ്പെട്ട തുക തിട്ടപ്പെടുത്താൻ സാധിച്ചാൽ 300% പിഴ ഒടുക്കേണ്ടിവരും. ഉദാഹരണമായി, ഒരു പ്രവാസി 25 ലക്ഷം രൂപയുടെ കാർഷിക ഭൂമി വാങ്ങിയാൽ ഫെമ നിയമ പ്രകാരം 75 ലക്ഷം രൂപ പിഴയായി നൽകേണ്ടതുണ്ട്.
- തിട്ടപ്പെടുത്താൻ സാധിക്കാത്ത സാഹചര്യത്തിൽ രണ്ട് ലക്ഷം രൂപയും ലംഘനം തുടരുന്ന ഓരോ ദിനത്തേക്കും അയ്യായിരം രൂപ വീതവും പിഴ ഒടുക്കണം.
- പിഴക്ക് പുറമെ, നിയമം ലംഘിച്ച് വാങ്ങിയ കാർഷിക ഭൂമി, പ്ലാന്റേഷൻ, ഫാം ഹൗസ് എന്നിവ ഇന്ത്യൻ റസിഡന്റ് ആയ ഒരാൾക്ക് വിറ്റൊഴിയേണ്ടതുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.