ദോഹ: ലോക ഒന്നാം നമ്പർ താരവും ലോക ചാമ്പ്യനുമായ മാഗ്നസ് കാൾസൻ, മുൻനിര താരങ്ങളായ ഹികാരു നകാമുറ, അനിഷ് ഗിരി, ഇന്ത്യയുടെ അത്ഭുത ബാലൻ ആർ. പ്രഗ്നാനന്ദ തുടങ്ങി ചതുരംഗത്തിലെ ലോകതാരങ്ങളുടെ പോരാട്ടത്തിനൊരുങ്ങി ഖത്തർ. ഖത്തർ ചെസ് അസോസിയേഷൻ സംഘടിപ്പിക്കുന്ന മൂന്നാമത് ഖത്തർ മാസ്റ്റേഴ്സ് ഇന്റർനാഷനൽ ഓപൺ ചെസ് ചാമ്പ്യൻഷിപ്പിന് ബുധനാഴ്ച തുടക്കമാകും. ലുസൈൽ സ്പോർട്സ് ഹാളിലാണ് ലോകതാരങ്ങൾ മാറ്റുരക്കുന്ന ചതുരംഗ പോരാട്ടം നടക്കുന്നത്. ഒക്ടോബർ 20 വരെ നീളുന്ന പോരാട്ടത്തിൽ 42 രാജ്യങ്ങളിൽ നിന്നായി 250 താരങ്ങൾ മാറ്റുരക്കുന്നു. 62 സീനിയർ ഇന്റർനാഷനൽ ഗ്രാൻഡ്മാസ്റ്റർമാർ ഉൾപ്പെടെയുള്ള സൂപ്പർ താരങ്ങളാണ് അങ്കം വെട്ടുന്നത്. 16 അറബ് രാജ്യങ്ങളിൽനിന്നും താരങ്ങളുണ്ട്. പുരുഷ-വനിതകളിലായി 76 കളിക്കാരാണ് ഇന്ത്യയിൽ നിന്നുള്ളത്. ഏറ്റവും കൂടുതൽ താരങ്ങളുടെ പങ്കാളിത്തവും ഇന്ത്യക്കാണെന്ന് ഖത്തർ ചെസ് അസോസിയേഷൻ എക്സിക്യൂട്ടിവ് ഡയറക്ടർ ഹമദ് അൽ തമീമി അറിയിച്ചു.
2014, 2015 സീസണുകളിലായിരുന്നു ലോകതാരങ്ങൾ മാറ്റുരച്ച ഖത്തർ മാസ്റ്റേഴ്സ് ഓപണിന് ദോഹ വേദിയായത്.
ഏതാനും ആഴ്ചകൾ മുമ്പ് ബകുവിൽ നടന്ന ഫിഡെ ലോകകപ്പിൽ കാൾസനെ വിറപ്പിച്ച് ശ്രദ്ധേയനായ പ്രഗ്നാനന്ദയുടെ സാന്നിധ്യമാണ് പ്രധാനം. ഇന്ത്യയുടെ രമേഷ് വൈശാലി, വന്തിക അഗർവാൾ എന്നിവരും വനിത വിഭാഗത്തിൽ കരുക്കൾ നീക്കുന്നുണ്ട്. ഖത്തറിന്റെ താരങ്ങളും മത്സരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.