ദോഹ: ഈവർഷത്തെ ഖത്തർ എയർവേസ് ജി.കെ.എ കൈറ്റ് വേൾഡ് ടൂറിന്റെ ഭാഗമായ വിസിറ്റ് ഖത്തർ ജി.കെ.എ ഫ്രീ സ്റ്റൈൽ കൈറ്റ് ലോകകപ്പ് 2023 ചൊവ്വാഴ്ച മുതൽ ആരംഭിക്കും. അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന ഇവന്റ് ഫെബ്രുവരി നാലിന് അവസാനിക്കും. വലിയ എയർ ട്രിക്കുകൾ, ലൂപ്പുകൾ, ജംപുകൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഫ്രീസ്റ്റൽ കൈറ്റിങ് പ്രവേശനം സൗജന്യമായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു. പുരുഷന്മാരുടെ ലോക ഒന്നാം നമ്പർ താരം ജിയാൻമരിയ കൊകോലൂറ്റോയും വനിത വിഭാഗം ഒന്നാം നമ്പർ താരം മികൈലി സോളുമുൾപ്പെടെ ലോകത്തിലെ മികച്ച കൈറ്റ് സർഫർമാർ വിസിറ്റ് ഖത്തർ ജി.കെ.എ ഫ്രീസ്റ്റൈയിൽ കൈറ്റ് ലോകകപ്പിൽ പങ്കെടുക്കുന്നുണ്ട്.
ജി.കെ.എ (ഗ്ലോബൽ കൈറ്റ്സ്പോർട്സ് അസോസിയേഷൻ) കൈറ്റ് വേൾഡ് ടൂറിന്റെ ഔദ്യോഗിക ടൂറിസം പങ്കാളിയാണ്. ജി.കെ.എ കായികതാരങ്ങളെയും ആരാധകരെയും ഖത്തർ ടൂറിസം സ്വാഗതം ചെയ്തു. മത്സരങ്ങൾ അവിസ്മരണീയമാക്കുന്നതിന് അവരെ ക്ഷണിക്കുന്നുവെന്ന് ഖത്തർ ടൂറിസം ചെയർമാനും ഖത്തർ എയർവേസ് ഗ്രൂപ് സി.ഇ.ഒയുമായ അക്ബർ അൽ ബാകിർ പറഞ്ഞു.
ഫിഫ ലോകകപ്പ് ഫുട്ബാൾ വൻ വിജയമായി സമാപിച്ചതിന് ശേഷം തൊട്ടടുത്ത ദിവസങ്ങളിൽ തന്നെ ജി.കെ.എ ഫ്രീസ്റ്റൈൽ കൈറ്റ് ലോകകപ്പ് ഖത്തറിലെത്തുന്നതിൽ അതിയായ സന്തോഷമുണ്ടെന്നും ഖത്തർ അതിവേഗം കായിക മേളകളുടെ പ്രധാന ലക്ഷ്യമാകുകയാണെന്നും അക്ബർ അൽ ബാകിർ കൂട്ടിച്ചേർത്തു. ഖത്തർ എയർവേസിനെ ജി.കെ.എ കൈറ്റ് വേൾഡ് ടൂറിന്റെ ടൈറ്റിൽ പാർട്ട്ണറും ഔദ്യോഗിക എയർലൈനുമായി പ്രഖ്യാപിച്ചത് കഴിഞ്ഞ വർഷമാണ്.
രാജ്യത്തെ പുതിയ ആകർഷണങ്ങളിലൊന്നാണ് ഫുവൈരിത് കൈറ്റ് ബീച്ച്. വരാനിരിക്കുന്ന ആഗോള കൈറ്റ് സർഫിങ്ങിന്റെ ഹോട്ട്സ്പോട്ടും ഇതാണ്. കഴിഞ്ഞ വർഷം ഒക്ടോബറിൽ സന്ദർശകർക്കായി തുറന്നുകൊടുത്ത ഫുവൈരിത് കൈറ്റ് ബീച്ച്, ലോകത്തിലെ മികച്ച കൈറ്റ് സർഫിങ് കേന്ദ്രങ്ങളിലൊന്നായാണ് അറിയപ്പെടുന്നത്. ഒമ്പത് മാസം നീണ്ടുനിൽക്കുന്ന കാറ്റും പരന്ന ലഗൂണുമാണ് ഫുവൈരിതിനെ മികച്ച കൈറ്റ് ബീച്ചാക്കി മാറ്റുന്നതിലെ പ്രധാന ഘടകം. കടൽ-ജല കായികപ്രേമികൾക്ക് കൈറ്റ് സർഫിങ്, പാഡിൽ-ബോർഡിങ്, പാരാ സെയിലിങ്, വേക്ക് ബോർഡിങ്, കയാക്കിങ്, സ്നോർക്കലിങ്, സ്കൂബ ഡൈവിങ് തുടങ്ങിയവക്ക് അനുകൂല അന്തരീക്ഷമാണ് ഇവിടെ.
കൈറ്റ് ബോർഡിങ്ങിന് പുറമേ, തീരത്ത് നിന്നും 30 മീറ്റർ അകലെയായി താമസം ഒരുക്കുന്ന റിസോർട്ട്, യോഗ സ്റ്റുഡിയോ, ജിം, പൂൾ, സ്നോർക്കലിങ്ങിനും ഡൈവിങ്ങിനുമുൾപ്പെടെയുള്ള സേവനവും ലഭ്യമാണ്. ഖത്തറിന്റെ തനത് രുചിഭേദങ്ങളും അന്താരാഷ്ട്ര രുചിവൈവിധ്യങ്ങളും ഇവിടെ ലഭ്യമാണ്. ജി.കെ.എ വേൾഡ് ടൂറിന്റെ 2023ലെ ലോഞ്ചിങ്ങിനും ഫൈനൽ മത്സരങ്ങൾക്കും ഫുവൈരിത് കൈറ്റ് ബീച്ചായിരിക്കും വേദിയാകുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.