ദോഹ: കുട്ടികളുടെ നോമ്പ് ആഘോഷദിനത്തെ വരവേറ്റ് വീടുകളും വിപണിയുമെല്ലാം. റമദാൻ 14 ആയ ബുധനാഴ്ചയാണ് ഖത്തറിലും വിവിധ അറബ് രാജ്യങ്ങളിലുമെല്ലാം ‘ഗരങ്കാവു’ ആഘോഷിക്കുന്നത്. നോമ്പെടുത്തവരും അല്ലാത്തവരുമായ കുട്ടികളെ സമ്മാനങ്ങളും മധുര പലഹാരങ്ങളും സ്നേഹവും നൽകി വീർപ്പുമുട്ടിക്കുന്ന ഗരങ്കാവൂ ആഘോഷത്തിന്റെ തിരക്കിലായിരിക്കും ബുധനാഴ്ച രാത്രിയിൽ ഖത്തറിലെ ജനവാസ മേഖലകളും തെരുവുകളുമെല്ലാം. ചൊവ്വാഴ്ച രാത്രി വരെ ആഘോഷങ്ങൾക്കുള്ള വസ്തുക്കൾ വാങ്ങുന്ന തിരക്കിലായിരുന്നു സൂഖുകളും കച്ചവട സ്ഥാപനങ്ങളുമെല്ലാം.
ഖത്തർ ടൂറിസവും പൊതുമരാമത്ത് വിഭാഗമായ അഷ്ഗാലും ചേർന്ന് ദോഹ കോർണിഷിൽ വിപുലമായ ‘ഗരങ്കാവു’ ആഘോഷം ഒരുക്കുന്നു. സ്റ്റേജ് കലാപരിപാടികൾ, ഡിസൈൻ വർക്ഷോപ്പ് ഉൾപ്പെടെ വൈവിധ്യമാർന്ന കലാപരിപാടികളോടെയാണ് ആഘോഷം. രാത്രി എട്ട് മണിയോടെ ആരംഭിക്കുന്ന ആഘോഷങ്ങളിൽ പാവകളി, കുട്ടികളുടെ ഫാഷൻഷോ എന്നിവരും അരങ്ങേറും. ബതൂല ഡിസൈൻ, സദു ബ്രേസ്ലെറ്റ് എന്നിവയും വർക്ഷോപ്പ്, കുട്ടികൾക്കുള്ള കലാ ശിൽപശാല, ഹെന്ന കോർണർ, സ്പെഷൽ സെൽഫി കോർണർ, സ്വീറ്റ് ട്രീറ്റ് തുടങ്ങി വിവിധ പരിപാടികളാണ് ഒരുക്കിയത്.
മിഷൈരിബ് ഡൗൺ ടൗണിൽ ബുധൻ, വ്യാഴം ദിവസങ്ങളിൽ വിപുലമായ പരിപാടികളോടെ ഗരങ്കാവൂ ആഘോഷങ്ങൾ. രാത്രി 7.30 മുതൽ 8.30 വരെ മിഷൈരിബ് ട്രാം യാത്ര, 8.30 മുതൽ 10.30വരെ ഗരങ്കാവു വേഷങ്ങളിൽ കുട്ടികളുടെ ഫാഷൻ ഫെസ്റ്റ് എന്നിവ നടക്കും. സികാത് അൽവാദി സ്ട്രീറ്റിലെ സഹത് അൽ നഖീലാണ് വേദിയാവുന്നത്.
ഗരങ്കാവൂ ആഘോഷ രാത്രിയിൽ കുട്ടികളുടെ ആരോഗ്യ കാര്യത്തിൽ നിർദേശങ്ങളുമായി പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ. കുട്ടികൾക്ക് നൽകുന്ന സമ്മാനങ്ങളും, മിഠായികൾ ഉൾപ്പെടെയുള്ള മധുര പലഹാരങ്ങളും സുരക്ഷിതമാണോ എന്ന് ഉറപ്പാക്കണമെന്ന് അൽ ഷഹാനിയ ഹെൽത്ത് സെന്റർ ജനറൽ പ്രാക്ടീഷണർ ഡോ. അബ സെലിമി നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.