ഗസ്സ വെടിനിർത്തൽ; ചർച്ച വീണ്ടും ദോഹയിലേക്ക്

ദോഹ: അനിശ്ചിതത്വങ്ങളുടെ കാർമേഘങ്ങളൊഴിയാതെ തുടരുന്ന ഗസ്സ വെടിനിർത്തൽ ചർച്ചകൾ വീണ്ടും ദോഹയിൽ കേന്ദ്രീകരിക്കുന്നു.

ആഗസ്റ്റ് രണ്ടാം വാരം ദോഹയിലും പിന്നാലെ, ​ഈജിപ്തിലെ കൈറോയിലും നടന്ന ചർച്ചകൾക്കൊടുവിലാണ് മധ്യസ്ഥ സംഘം വീണ്ടും ദോഹയിൽ ഒന്നിക്കുന്നത്.

10 മാസമായി തുടരുന്ന ഗസ്സയിലെ ഇസ്രായേൽ ആക്രമണം അവസാനിപ്പിക്കാനും ബന്ദിമോചനം, മാനുഷിക സഹായമെത്തിക്കൽ എന്നിവ സംബന്ധിച്ച കരാർ സാധ്യമാക്കുന്നതിന് ഖത്തര്‍ തലസ്ഥാനത്ത് പ്രാരംഭ ചര്‍ച്ചകള്‍ തുടങ്ങിയതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയ്യയെ തെഹ്റാനിൽ വെച്ച് ഇസ്രായേല്‍ കൊലപ്പെടുത്തിയതിനെ തുടര്‍ന്ന് നിലച്ച ഗസ്സ സമാധാന ചര്‍ച്ചകള്‍ അമേരിക്ക, ഖത്തര്‍, ഈജിപ്ത് രാജ്യങ്ങളുടെ നേതൃത്വത്തിലാണ് പുനരാരംഭിച്ചത്. ആഗസ്റ്റ് 15, 16 തീയതികളിൽ ഈജിപ്ത്, ഖത്തർ, അമേരിക്ക രാജ്യങ്ങൾക്കൊപ്പം ഇസ്രായേൽ സംഘവും പ​ങ്കെടുത്ത ദോഹ ചർച്ചയിൽ കാര്യമായ പുരോഗതിയുണ്ടായിരുന്നു.

മേയ് 31ന് അമേരിക്കൻ പ്രസിഡന്റ് ജോബൈഡൻ മുന്നോട്ട് വെച്ച നിർദേശങ്ങളുടെയും യു.എൻ സുരക്ഷ കൗൺസിൽ പ്രമേയത്തിന്റെയും അടിസ്ഥാനത്തില്‍ ചര്‍ച്ചകള്‍ മുന്നോട്ടുകൊണ്ടുപോകാനായിരുന്നു നിർദേശം. ചർച്ചയുടെ രണ്ടാം ഘട്ടം ​കൈറോയിൽ തുടരുമെന്നറിയിച്ച് പിരിഞ്ഞെങ്കിലും കാര്യമായ മുന്നേറ്റമുണ്ടായില്ല.

ഇതിനെത്തുടര്‍ന്ന് അനിശ്ചിതത്വത്തിലായ മധ്യസ്ഥ ശ്രമങ്ങളാണ് ദോഹയില്‍ വീണ്ടും പുനരാരംഭിക്കുന്നത്. ഖത്തര്‍ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ ആൽഥാനിയും അമേരിക്കന്‍ പ്രസിഡന്റിന്റെ മിഡിലീസ്റ്റ് ഉപദേഷ്ടാവ് ബ്രെറ്റ് മക്ഗര്‍ക്കും കൂടിക്കാഴ്ച നടത്തിയതായി വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്തു. ഇസ്രായേല്‍ പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെട‌ുക്കുന്നുണ്ട്. എന്നാല്‍, മധ്യസ്ഥ ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ഖത്തര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Tags:    
News Summary - Gaza Ceasefire; Talks back to Doha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.