ദോഹ: ഖത്തറിലെ ബാഡ്മിന്റൺ പ്രതിഭകളെത്തേടി ഇന്ത്യയുടെ സൂപ്പർ കോച്ച് പുല്ലേല ഗോപിചന്ദ് വരുന്നു. ഇന്ത്യൻ സ്പോർട്സ് സെന്ററും അത്ലൻ സ്പോർട്സ് ഇവന്റ്സും സംഘടിപ്പിക്കുന്ന ടാലന്റ് ഹണ്ടിൽ മിടുക്കരായ താരങ്ങളെ കണ്ടെത്താനും കളി പഠിപ്പിക്കാനുമായാണ് മുൻ ഓൾ ഇംഗ്ലണ്ട് ജേതാവും ഇന്ത്യയുടെ സൂപ്പർ താരങ്ങളുടെ പരിശീലകനുമായ പി. ഗോപിചന്ദ് ഖത്തറിലെത്തുന്നത്. സെപ്റ്റംബർ മൂന്നിന് അൽ അറബി സ്പോർട്സ് ക്ലബിലെ ഇൻഡോർ ഹാളിൽ നടക്കുന്ന ക്യാമ്പിലേക്ക് ഏഴുവയസ്സിന് മുകളിലുള്ളവർക്ക് രജിസ്റ്റർ ചെയ്യാം.
രാവിലെ എട്ടുമുതലാണ് ഗോപിചന്ദ് നേതൃത്വം നൽകുന്ന ടാലന്റ് ഹണ്ട് നടക്കുന്നത്. ഹൈദരാബാദിലെ ഗോപിചന്ദ് ബാഡ്മിന്റൺ അക്കാദമിയിൽനിന്നുള്ള പരിശീലകരും അദ്ദേഹത്തിനൊപ്പമുണ്ടാവും. സെലക്ഷൻ ട്രയൽസിൽ തെരഞ്ഞെടുക്കുന്നവർക്ക് അത്ലൻ സ്പോർട്സ് ബാഡ്മിന്റൺ അക്കാദമിയിലും ഹൈദരാബാദിലെ ഗോപിചന്ദ് ബാഡ്മിന്റൺ അക്കാദമിയിലും സ്കോളർഷിപ്പോടെ പരിശീലനം നൽകും. ഇന്ത്യൻ സ്പോർട്സ് സെന്റർ അംഗങ്ങളുടെ മക്കൾക്ക് അക്കാദമി പ്രവേശനത്തിന് പ്രത്യേക ഇളവുകളും നൽകുമെന്ന് സംഘാടകർ അറിയിച്ചു. ഇന്ത്യക്കാർ ഉൾപ്പെടെ ഏത് രാജ്യക്കാർക്കും ട്രയൽസിൽ പങ്കെടുക്കാവുന്നതാണ്. രജിസ്ട്രേഷന് 6002 9290, 6002 9291 നമ്പറുകളിൽ ബന്ധപ്പെടാം.
ഇന്ത്യയുടെ ഒളിമ്പിക്സ് മെഡൽ ജേതാക്കളായ പി.വി. സിന്ധു, സൈന നെഹ്വാൾ, രാജ്യാന്തര മെഡൽ ജേതാക്കളായ സായ് പ്രണീത്, പി. കശ്യപ്, കെ. ശ്രീകാന്ത് തുടങ്ങി ഒട്ടനവധി താരങ്ങളുടെ സൂപ്പർ കോച്ച് കൂടിയാണ് പി. ഗോപിചന്ദ്. ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ഐ.എസ്.സി സംഘടിപ്പിക്കുന്ന ഇന്ത്യ കപ്പ് ഓപൺ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ മുഖ്യാതിഥിയായാണ് ഗോപിചന്ദ് ഖത്തറിലെത്തുന്നത്. ഞായറാഴ്ച ആരംഭിക്കുന്ന ചാമ്പ്യൻഷിപ്പിൽ നിരവധി താരങ്ങൾ മാറ്റുരക്കും. സെപ്റ്റംബർ രണ്ടിന് അൽഅറബി സ്റ്റേഡിയത്തിലാണ് ഇന്ത്യ കപ്പ് ഓപണിന്റെ സമാപനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.