ഖ​ത്ത​ർ തൊ​ഴി​ൽ മ​ന്ത്രാ​ല​യ കാ​ര്യാ​ല​യം

ഗാർഹിക തൊഴിലാളികളുടെ പരാതികൾ തീർപ്പാക്കി

ദോഹ: തൊഴിലുടമകൾക്കെതിരെ ഗാർഹിക തൊഴിലാളികളുടെ 90ലധികം പരാതികൾ കഴിഞ്ഞമാസം തീർപ്പാക്കിയതായി തൊഴിൽ മന്ത്രാലയം അറിയിച്ചു.

ആഗസ്റ്റിൽ 117 പരാതിയാണ് ലഭിച്ചത്. ഇതിൽ 96 എണ്ണം തീർപ്പാക്കിയപ്പോൾ 11 പരാതി പരിശോധിച്ചുവരുകയാണെന്നും 10 എണ്ണം തുടർനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകളിലേക്ക് കൈമാറിയതായും മന്ത്രാലയം പുറത്തുവിട്ട പ്രതിമാസ റിപ്പോർട്ടിൽ വ്യക്തമാക്കി.

പുതിയ റിക്രൂട്ട്മെന്റുകൾക്കായി 9945 അപേക്ഷകൾ ലഭിച്ചതായും 5489 അപേക്ഷകൾക്ക് അംഗീകാരം നൽകിയപ്പോൾ 4456 അപേക്ഷകൾ തള്ളിയതായും മന്ത്രാലയം ചൂണ്ടിക്കാട്ടി. തൊഴിൽ അനുമതികൾക്കായുള്ള ലഭിച്ച 1756 അപേക്ഷകളിൽ 673 പുതിയ അപേക്ഷകളായിരുന്നുവെന്നും മന്ത്രാലയം സൂചിപ്പിച്ചു.

ആഗസ്റ്റ് മാസം റിക്രൂട്ട്മെൻറ് ഓഫിസുകളിൽ നടത്തിയ 19 പരിശോധനകളിൽ ഒരു നിയമലംഘനം കണ്ടെത്തി. തുറസ്സായ ഇടങ്ങളിൽ തൊഴിലാളികൾക്ക് വിശ്രമം അനുവദിച്ച് കൊണ്ടുള്ള 2021ലെ 17ാം നമ്പർ മന്ത്രാലയ ഉത്തരവ് ലംഘിച്ച 120 കമ്പനികൾക്കെതിരെ നിയമനടപടി സ്വീകരിച്ചു.

തൊഴിൽ മന്ത്രാലയം പുറത്തിറക്കിയ 2021ലെ 17ാം നമ്പർ തീരുമാന പ്രകാരം ജൂൺ ഒന്ന് മുതൽ സെപ്തംബർ 15 വരെ തുറന്ന ഇടങ്ങളിലെ തൊഴിലാളികൾക്ക് ഉച്ചവിശ്രമം അനുവദിക്കുന്ന മന്ത്രാലയ തീരുമാനം നടപ്പിലാക്കുന്നതിനും കടുത്ത ചൂടിൽ പുറത്ത് ജോലി ചെയ്യുന്നതിന്‍റെ അപകടങ്ങൾ അറിയിക്കുന്നതിനുമായി നിരവധി ബോധവൽക്കരണ പരിപാടികളാണ് മന്ത്രാലയം നടത്തി വരുന്നത്.

രാവിലെ 10 മുതൽ വൈകിട്ട് 3.30 വരെയാണ് തൊഴിലാളികളുടെ വിശ്രമ സമയം. നിയമ നിർദേശങ്ങൾ പാലിക്കാത്ത കമ്പനികൾക്കെതിരെ കടുത്ത നിയമനടപടി സ്വീകരിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകിയിരുന്നു.

എന്നാൽ, ഏത് സമയത്തായാലും അന്തരീക്ഷ താപനില വെറ്റ് ബൾബ് ഗ്ലോബ് ഗേജ് (ഡബ്ല്യൂ.ബി.ജി.ടി) സൂചികയിൽ 32.1 പിന്നിടുകയാണെങ്കിൽ തൊഴിലിലേർപ്പെടുന്നത് ഉടനടി നിർത്തണമെന്നും മന്ത്രാലയം തൊഴിലുടമകൾക്കും കമ്പനികൾക്കും നിർദേശം നൽകി. മന്ത്രാലയം പുറത്തിറക്കിയ തീരുമാനങ്ങൾ പ്രകാരം തൊഴിലുടമ പ്രതിദിന തൊഴിൽ സമയക്രമം വ്യക്തമാക്കുന്ന നോട്ടീസ് തൊഴിലിടങ്ങളിൽ ശ്രദ്ധയിൽപെടുന്ന രീതിയിൽ പതിച്ചിരിക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി.

കഠിനമായ ചൂട് മൂലമുണ്ടാകുന്ന ശാരീരിക പ്രയാസങ്ങൾ അകറ്റാനും വേനൽക്കാലത്ത് തൊഴിലാളികളുടെ ആരോഗ്യ, സുരക്ഷ മാനദണ്ഡങ്ങൾക്ക് കൂടുതൽ പിന്തുണയേകുന്നതിന്റെയും ഭാഗമായാണ് പ്രസ്തുത തീരുമാനം.

Tags:    
News Summary - Grievances of domestic workers have been redressed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.