ദോഹ: കോവിഡിനെ മാതൃകാപരമായി പ്രതിരോധിച്ച ഖത്തറിന് രാജ്യാന്തര തലത്തിൽ വീണ്ടുമൊരു തിലകച്ചാർത്തായി ഹമദ് ഇൻറർനാഷനൽ വിമാനത്താവളം. 2021ലെ ലോകത്തെ ഏറ്റവും മികച്ച വിമാനത്താവളമെന്ന ബഹുമതി ഹമദിന് സ്വന്തം.
ബ്രിട്ടൻ ആസ്ഥാനമായ 'സ്കൈട്രാക്സ് 2021' ആണ് വൻ വിമാനത്താവളങ്ങൾ മത്സരിച്ച പുരസ്കാര പട്ടികയിൽ ദോഹയുടെ അടയാളമായ ഹമദ് രാജ്യാന്തര വിമാനത്താവളത്തെ ലോകത്തെ ഏറ്റവും മികച്ച വ്യോമ കേന്ദ്രമായി െതരെഞ്ഞടുത്തത്. വ്യാഴാഴ്ച രാത്രിയിൽ ലണ്ടനിൽ നടന്ന പുരസ്കാര പ്രഖ്യാപനം, തത്സമയം ദോഹയിലും പ്രദർശിപ്പിച്ചു. വിശിഷ്ട വ്യക്തികൾ സാക്ഷിയായ ചടങ്ങിൽ കൈയടികളോടെയായിരുന്നു പ്രഖ്യാപനം സ്വീകരിച്ചത്. കോവിഡ് മഹാമാരി ലോകത്തെ എല്ലാ മേഖലയെയും പ്രതികൂലമായി ബാധിക്കുകയും, വിമാനത്താവളങ്ങൾ ഭാഗികമായോ പൂർണമായോ അടച്ചുപൂട്ടപ്പെടുകയും ചെയ്തപ്പോൾ ഏറ്റവും മികച്ച സർവിസ് നടത്തി ഏഷ്യയുടെ ട്രാൻസിറ്റ് പോയൻറായി മാറിയാണ് ഹമദ് തിളങ്ങിയത്.
'ഖത്തറിന് ഏറ്റവും അഭിമാനം നൽകുന്ന അംഗീകാരമാണിത്. ലോകത്തെ ഏറ്റവും മികച്ച വിമാനത്താവളമായി ഹമദിനെ തെരഞ്ഞെടുത്തത് അഭിമാന നിമിഷമാണ്. സേവന മികവിനും പ്രതിബദ്ധതക്കും യാത്രക്കാരിൽ നിന്ന് ലഭിച്ച അംഗീകാരം കൂടിയാണിത്' -പുരസ്കാര പ്രഖ്യാപനത്തിനു പിന്നാലെ ഹമദ് വിമാനത്താവളം ചീഫ് ഓപറേറിങ് ഓഫിസർ ബദ്ർ മുഹമ്മദ് അൽ മീർ പറഞ്ഞു.
കഴിഞ്ഞ 18 മാസത്തെ കോവിഡ് കാലയളവിൽ ഏറ്റവും ദുഷ്കരമായ സാഹചര്യത്തിലും യാത്രക്കാർക്ക് കൂടുതൽ സൗകര്യമൊരുക്കിയും, മികച്ച സേവനങ്ങൾ ഉറപ്പിച്ചും നടത്തിയ പ്രവർത്തനങ്ങളാണ് അവാർഡിന് പരിഗണിച്ചത്.
മധ്യേഷ്യയിലെ ഏറ്റവും മികച്ച വിമാനത്താവളം, 25 - 35 ദശലക്ഷം യാത്രക്കാരുടെ പട്ടികയിൽ വേൾഡ് ബെസ്റ്റ്, മധ്യേഷ്യയിലെ ബെസ്റ്റ് എയർപോർട്ട് സ്റ്റാഫ് തുടങ്ങിയ വിഭാഗങ്ങളിലും ഹമദ് പുരസ്കാരങ്ങൾ നേടി.
2014ൽ പ്രവർത്തനം ആരംഭിച്ച വിമാനത്താവളം ചുരുങ്ങിയ കാലയളവിനുള്ളിലാണ് ലോകത്തെ തന്നെ ശ്രദ്ധേയമായി മാറിയത്. ഖത്തറിലെ ലോകകപ്പ് ഒരുക്കങ്ങളിൽ നിർണായകം കൂടിയായിരുന്നു.
2020 ലോകത്തെ ഏറ്റവും മികച്ച മൂന്നാമത്തെ വിമാനത്താവളമായി. ഇപ്പോൾ നമ്പർ വൺ പദവിയും സ്വന്തമാക്കി. സുരക്ഷ, സേവനം, യാത്രക്കാർക്കുള്ള സൗകര്യങ്ങൾ, സാങ്കേതിക തികവ് തുടങ്ങിയ വിവിധ മാനദണ്ഡങ്ങൾ പരിഗണിച്ച് യാത്രക്കാരുടെ വോട്ടിങ്ങിെൻറ കൂടി അടിസ്ഥാനത്തിലാണ് പുരസ്കാരം പ്രഖ്യാപിക്കുന്നത്.
ഹമദ് രാജ്യാന്തര വിമാനത്താവളം
ടോക്യോ ഹനേഡ വിമാനത്താവളം
സിംഗപ്പൂർ ചാങ്കി എയർപോർട്ട്
ഇഞ്ചിയോൺ ഇൻറർ നാഷനൽ എയർപോർട്ട്
ടോക്യോ നരിത എയർപോർട്ട്
മ്യുണിക് എയർപോർട്ട്
സൂറിച് എയർപോർട്ട്
ലണ്ടൻ ഹീത്രൂ വിമാനത്താവളം
കൻസായ് ഇൻറർനാഷനൽ എയർപോർട്ട്
ഹോങ്കോങ് വിമാനത്താവളം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.