ദോഹ: പൊതുമേഖല ആശുപത്രികളായ ഹമദ് മെഡിക്കൽ കോർപറേഷൻ, പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ (പി.എച്ച്.സി.സി) എന്നിവടങ്ങളിൽ പ്രഖ്യാപിച്ച ചികിത്സ നിരക്കുകൾ ആദ്യ ഘട്ടത്തിൽ സന്ദർശകർക്കു മാത്രമായിരിക്കും ബാധകമെന്ന് വ്യക്തമാക്കി ആരോഗ്യ മന്ത്രാലയം. ചൊവ്വാഴ്ച നീതിന്യായ മന്ത്രാലയം പ്രസിദ്ധീകരിച്ച ഗസറ്റ് വിജ്ഞാപനം സംബന്ധിച്ച് പ്രാദേശിക മാധ്യമങ്ങളിൽ വന്ന വാർത്തകൾക്കു പിന്നാലെയാണ് ആരോഗ്യ മന്ത്രാലയം വ്യക്ത വരുത്തിയത്.താമസക്കാർക്കോ, സ്വദേശികൾക്കോ ഈ നിരക്കുകൾ ബാധകമായിരിക്കില്ലെന്നും, ഹമദിലും പി.എച്ച്.സി.സിയിലും ചികിത്സക്കായുള്ള നിലവിലെ സംവിധാനങ്ങൾ ഇവർക്കായി തുടരുമെന്നും അറിയിച്ചു. താമസക്കാർക്കായി നടപ്പാക്കുന്ന നിർബന്ധിത ആരോഗ്യ ഇൻഷുറൻസ് പ്രാബല്യത്തിൽ വന്ന ശേഷമായിരിക്കും പുതിയ നിരക്കുകൾ ബാധകമാവുന്നത്.ചികിത്സയുടെയും സേവനങ്ങളുടെയും ചെലവ് മാനദണ്ഡമാക്കിയാണ് പി.എച്ച്.സി.സിയിലെയും ഹമദിലെയും നിരക്കുകൾ നിശ്ചയിക്കുന്നതെന്ന് ആരോഗ്യ മന്ത്രാലയം കുറിപ്പിൽ വ്യക്തമാക്കി. കഴിഞ്ഞ ഫെബ്രുവരി മുതൽ തന്നെ സന്ദർശകർക്ക് ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കിയിരുന്നു. അടിയന്തര മെഡിക്കൽ സാഹചര്യം, അപകടം തുടങ്ങിയവയിൽ ചികിത്സ പരിരക്ഷ ഉറപ്പുനൽകുന്നതാണ് സന്ദർശകർക്കുള്ള ആരോഗ്യ ഇൻഷുറൻസുകൾ. മറ്റ് അധിക ഇൻഷുറൻസ് പാക്കേജുകൾ വഴി സന്ദർശകർക്ക് കൂടുതൽ പരിരക്ഷ ലഭിക്കുന്നതിനും ഇതുവഴി കഴിയും.
ആരോഗ്യ മന്ത്രാലായത്തിനു കീഴിൽ പി.എച്ച്.സി.സിയുടെ 28ാം നമ്പർ, ഹമദ് മെഡിക്കൽ കോർപറേഷന്റെ 29ാം നമ്പർ വിജ്ഞാപനങ്ങളായാണ് ചികിത്സകൾക്കും ആരോഗ്യ സേവനങ്ങൾക്കുമുള്ള ഫീസ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. വിവിധ പരിശോധനകൾ, ലാബ് ടെസ്റ്റുകൾ, ഡോക്ടർ കൾസൾട്ടേഷൻ, പി.എച്ച്.സി.സി പ്രവേശനം, അഡ്മിഷിൻ നിരക്ക്, ശസ്ത്രക്രിയകൾ ഉൾപ്പെടെ ചികിത്സകൾ, മെഡിക്കൽ ഉപകരണങ്ങൾ, പാലിയേറ്റിവ് കെയർ, റീഹാബിലിറ്റേഷൻ, തുടങ്ങിയവയുടെയും മുഴുവൻ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട നിരക്കുകളും വിജ്ഞാപനത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പി.എച്ച്.സിയിൽ 202 വിഭാഗങ്ങളുടെ നിരക്കുകൾ വിജ്ഞാപനത്തിൽ ഉൾപ്പെടുത്തി.
പി.എച്ച്.സി.സികളിലെ നിരക്കുകൾ: -വിഷ്വൽ അക്വിറ്റി സ്ക്രീനിങ് ടെസ്റ്റ് 45 റിയാൽ, സിസ്റ്റ് നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയ: 1500റിയാൽ, റൂട്ട് കനാൽ -518 റിയാൽ, ഇ.സി.ജി -207 റിയാൽ, ഫാർമസി ഉൽപന്നങ്ങൾ: മുഖ വിലയുടെ 20 ശതമാനം, ചികിത്സക്കും സേവനങ്ങൾക്കുമുള്ള നിരക്കുകൾ ആശുപത്രി-ക്ലിനിക് സന്ദർശനം,അഡ്മിഷൻ എന്നിവക്കുശേഷമായിരിക്കും തീരുമാനിക്കുക. ഹമദ്മെഡിക്കൽ കോർപറേഷനു കീഴിൽ ചെറിയ ചികിത്സ മുതൽ മേജർ ശസ്ത്രക്രിയകൾ ഉൾപ്പെടെയുള്ള പട്ടികയും 380ൽ ഏറെ പേജ് വരുന്ന ഗസറ്റിൽ വിജ്ഞാപനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.