ദോഹ: ലോകത്തിെൻറ കണ്ണും കാതും ഖത്തറിലേക്ക് പറിച്ചുനടുന്ന സുവർണവർഷത്തിലേക്ക് ഭൂലോകത്തെ കാൽപന്ത് ആസ്വാദകർക്ക് സ്വാഗതം.
'2022' -ഇത്രമേൽ മാന്ത്രികതയും വിസ്മയവും ഒതുക്കിവെച്ച വർഷത്തിലേക്കാണ് ഖത്തറും, ലോകവും ശനിയാഴ്ച കണ്ണു തുറക്കുന്നത്. ചിപ്പിയിൽ ഒളിപ്പിച്ച മുത്തുപോലെ വിസ്മയങ്ങളുടെ അത്ഭുതലോകത്തേക്ക് പുതുവർഷത്തിനൊപ്പം ഖത്തർ ലോകത്തെയും സ്വാഗതം ചെയ്യുന്നു. ഒരുപിടി വിശേഷങ്ങളും, അതിനിടയിൽ ഒത്തിരി അതിശയങ്ങളുമെല്ലാം ഖത്തറിെൻറ 2022നുണ്ട്.
11 വർഷത്തിലേറെയായി ഈ മാജിക്കൽ നമ്പർ മനസ്സിൽ കുറിച്ചാണ് ഖത്തർ തയാറെടുക്കുന്നത്. കളിയിടങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ, രാജ്യ വികസനം... അങ്ങനെ ഒരുപിടി ചുവടുകൾ കടന്നുകൊണ്ട് കാത്തുകാത്തിരുന്ന വർഷം ആഗതമായതിെൻറ സന്തോഷ നാളുകൾ.
മണ്ണിലും വിണ്ണിലും മനസ്സിലും ഫുട്ബാളിനെ പ്രണയിച്ച മണ്ണിന് ഇനിയുള്ള ഓരോ ദിനങ്ങളും ഉത്സവങ്ങളുടേതുമാണ്. ദോഹയുടെ മണ്ണുതൊടാനായി വിമാനങ്ങൾ ആകാശത്ത് വട്ടമിടുമ്പോൾ കാണുന്ന ആദ്യ കാഴ്ചയിൽ തന്നെയുണ്ട് ഈ വർഷത്തെ ഖത്തർ പ്രണയിച്ചതിെൻറ അടയാളം.
ആസ്പയറിലെ ടോർച്ച് ടവറിെൻറ തലപ്പൊക്കത്തിനപ്പുറത്തായി, ആകാശത്തേക്കും, മണ്ണിലേക്കും '2022' എന്ന കാഴ്ചയൊരുക്കി നിൽക്കുന്ന ബഹുനില സമുച്ചയം. മൂന്നു വർഷം മുമ്പ് നിർമാണം പൂർത്തിയാക്കിയ ഈ കെട്ടിട വിസ്മയം ലോകകപ്പിെൻറ മണ്ണിലെത്തുന്ന ഓരോ സഞ്ചാരിക്കും അതിശയത്തിെൻറ കാഴ്ചയാണ്. അവിടെ തുടങ്ങുന്നു ലോകകപ്പിനായി ഖത്തർ കാത്തുവെച്ച അത്ഭുതങ്ങൾ.
ഇത്രയേറെ ആത്മവിശ്വാസത്തോടെ ഒരു ആതിഥേയരും ലോകകപ്പിനെ വരവേറ്റുകാണില്ല. മുഖം ചുളിച്ചും ഭീഷണിപ്പെടുത്തിയുമാണ് മുൻകാല ലോകകപ്പുകളിൽ സംഘാടകരായ ഫിഫ ആതിഥേയരുടെ തയാറെടുപ്പുകൾക്ക് വേഗം കൂട്ടിയതെങ്കിൽ ഖത്തറിൽ മറിച്ചായിരുന്നു സ്ഥിതി. ലോകകപ്പിെൻറ ഒരു വർഷ കൗണ്ട് ഡൗൺ കഴിഞ്ഞ നവംബർ 21ന് കോർണിഷിൽ തുടക്കം കുറിക്കുന്നതിനും മുമ്പേ മത്സരങ്ങൾക്കുള്ള എട്ട് സ്റ്റേഡിയങ്ങളും സജ്ജമാക്കി കഴിഞ്ഞിരുന്നു. തൊട്ടുപിന്നാലെ നടന്ന ഫിഫ അറബ് കപ്പിലെ പോരാട്ടത്തോടെ എട്ടിൽ ആറ് സ്റ്റേഡിയങ്ങളുടെയും ട്രയൽ റണ്ണും കഴിഞ്ഞു. മറ്റൊരു വേദിയായ ഖലീഫ ഇന്റർനാഷനൽ സ്റ്റേഡിയം നേരത്തേ തന്നെ മത്സരങ്ങളുമായി സജീവമായതാണ്. ഡിസംബർ 18ന് നടക്കുന്ന ഫൈനലിെൻറ വേദിയായ ലുസൈൽ സ്റ്റേഡിയമാവട്ടെ നിർമാണമെല്ലാം പൂർത്തിയാക്കി, ഉദ്ഘാടനത്തിനായുള്ള കാത്തിരിപ്പിലാണ്.
കളിമുറ്റങ്ങളെല്ലാം സജ്ജമായ ഖത്തറിന് ഇനി കളിയുടെ നാളുകളാണ്. നവംബർ 21നാണ് ലോകകപ്പിെൻറ കിക്കോഫ് എങ്കിലും ഈ വേദികളിൽ വിവിധ മത്സരങ്ങൾക്ക് അതിനു മുമ്പേ പന്തുരുണ്ട് തുടങ്ങും.
അറബ് കപ്പ് കഴിഞ്ഞതിനു പിന്നാലെ ആഫ്രിക്കൻ സൂപ്പർ കപ്പിനും ഖത്തർ ഡിസംബറിൽ വേദിയായി. ജനുവരി അഞ്ചിന് തുർക്കിയിലെ പ്രമുഖ ക്ലബുകൾ മാറ്റുരക്കുന്ന തുർക്കിഷ് സൂപ്പർ കപ്പ് മത്സരത്തോടെ ഈ വർഷത്തെ ഫുട്ബാൾ മേളകൾക്ക് തുടക്കമാവും. പിന്നാലെ കാത്തിരിക്കുന്നത് വിവിധ രാജ്യന്തര ടീമുകളുടെയും ക്ലബുകളുടെയും ഖത്തറിലേക്കുള്ള യാത്രകളാണ്. ഈ മണ്ണും കാലാവസ്ഥയും പരിചയപ്പെടാനായി ലോകകപ്പിൽ പന്തുതട്ടുന്ന വിവിധ ടീമുകൾ തന്നെ സന്നാഹ മത്സരങ്ങൾക്കായി ഖത്തർ യാത്രകൾ ഷെഡ്യൂൾ ചെയ്യും.
ലോകകപ്പിെൻറ വർഷത്തിൽ ഖത്തറിന് ഫുട്ബാൾ ആവേശം ഇരട്ടിയാക്കുന്നതായിരുന്നു ഫ്രഞ്ച് ലീഗ് ചാമ്പ്യന്മാരായ പി.എസ്.ജിയുടെ സന്ദർശനം. നിലവിലെ കോവിഡ് സാഹചര്യങ്ങൾ പ്രതികൂലമായില്ലെങ്കിൽ ജനുവരി 16 മുതൽ 20വരെ മെസ്സിയും നെയ്മറും എംബാപ്പെയുമെല്ലാം ഖത്തറിെൻറ മണ്ണിലുണ്ടാവും. ലീഗ് സീസണിലെ ഇടവേളയിലാണ് ശൈത്യകാല ടൂറിെൻറ ഭാഗമായി ടീം ദോഹയിലെത്തുന്നത്.
കഴിഞ്ഞ സെപ്റ്റംബറിൽ പ്രഖ്യാപിച്ച ഖത്തർ ടൂർ സംബന്ധിച്ച് പുതിയ മാറ്റങ്ങളൊന്നും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. അതേസമയം, ഒരുമാസം മുമ്പ് തുടങ്ങിയ കോവിഡ് പുതിയ വകഭേദങ്ങൾ സംബന്ധിച്ച കണക്കുകൾ പ്രതികൂലമായാൽ മാത്രമേ തിരിച്ചടിയുണ്ടാവൂ. 2019ന് ശേഷം ആദ്യമായാണ് പി.എസ്.ജി ടീം ഖത്തർ സന്ദർശനത്തിനെത്തുന്നത്. ലോകകപ്പ് വേദികളുടെ സന്ദർശനം, ആസ്പയർ സോണിലെ പരിശീലനം തുടങ്ങിയ ഉൾപ്പെടുത്തിയാവും ഖത്തർ ടൂർ.
ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കിയ സംഘാടകർക്ക് ഇനി ലോകമെങ്ങും ഖത്തറിെൻറ തയാറെടുപ്പ് വിശേഷങ്ങളെത്തിക്കലാണ് പ്രധാന ജോലി.
അതിനായി തെരഞ്ഞെടുത്ത വഴിയാണ് ലോകമെങ്ങും നിന്നുള്ള ആരാധരെ കോർത്തിണക്കിയ ഫാൻ ലീഡർ നെറ്റ് വർക്ക്.
വിവിധ രാജ്യങ്ങളിലെ പ്രധാന ഫുട്ബാൾ ആരാധകരുടെ കൂട്ടായ്മയായ ഫാൻ ലീഡർ നെറ്റ്വർക്കാണ് പ്രധാന ആശ്രയം. 500ഓളം അംഗങ്ങളുള്ള ഈ നെറ്റ്വർക്കിൽ ലോകത്തെ എല്ലാരാജ്യത്തിെൻറയും പ്രതിനിധികളുണ്ട്. അവരിലൂടെ ഖത്തറിെൻറ ലോകകപ്പ് വിശേഷങ്ങൾ ഇനിയുള്ള 10 മാസം ആരാധകരിലേക്ക് പടർന്നുകൊണ്ടിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.