ഹൃദയം തകർത്ത 'ഹെഡ് ബട്ട്'

2006 ലോകകപ്പിന്റെ ഫൈനൽമത്സരം ജർമനിയിലെ ബെർലിൻ സ്റ്റേഡിയത്തിൽ പുരോഗമിക്കുകയാണ്. യൂറോപ്പിലെ കരുത്തരായ ഫ്രാൻസും ഇറ്റലിയും തമ്മിലാണ് ഏറ്റുമുട്ടുന്നത്. നിശ്ചിതസമയത്ത് 1-1 തുല്യത പാലിച്ചതുകൊണ്ട് മത്സരം എക്സ്ട്രാ ടൈമിലേക്ക് കടന്നു. എക്സ്ട്രാ ടൈമിന്റെ 20ാം മിനിറ്റിലേക്കടുക്കുമ്പോൾ ഇറ്റാലിയൻ തരാം മാർക്കോ മറ്റരാസി മൈതാനത്തു വീണു കിടക്കുന്നതാണ് സ്‌ക്രീനിൽ കാണുന്നത്. പെട്ടെന്ന് ആർക്കും ഒന്നും മനസ്സിലായില്ല. ഫ്രഞ്ച് ക്യാപ്റ്റൻ സിദാൻ മറ്റരാസിയെ തലകൊണ്ട് ഇടിച്ചുവീഴ്ത്തുന്നത് റീപ്ലേയിൽ വ്യക്തം. റഫറിക്ക് ചുവപ്പ് കാർഡ് നല്കാൻ രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല. അതുവരെ മനസ്സിൽ കൊണ്ടുനടന്ന സ്വപ്നങ്ങളെല്ലാം ഉപേക്ഷിച്ച് സിദാൻ ഡ്രസിങ് റൂമിലേക്ക് തിരിഞ്ഞുനടന്നു. ഇടികൊണ്ടത് മറ്റരാസിയുടെ നെഞ്ചിലേക്കാണെങ്കിലും വേദനിച്ചത് ലോകത്തുള്ള ഫ്രഞ്ച് ആരാധകരുടെ ഹൃദയമാണ്.

എന്നും വേൾഡ് കപ്പ് വരുമ്പോൾ കടുത്ത ഫ്രഞ്ച് ആരാധകനായ എന്റെ മനസ്സിൽ ആദ്യം ഓർമവരുക വേൾഡ് കപ്പിനരികിലൂടെ തിരിഞ്ഞുനടക്കുന്ന സിദാന്റെ മുഖമാണ്. ഒരുപേക്ഷ സിദാൻ ചുവപ്പ് കാർഡ് കണ്ടു പുറത്തായില്ലായിരുന്നെങ്കിൽ ഫ്രാൻസ് കിരീടം ചൂടുമായിരുന്നു എന്ന് വിശ്വസിക്കുന്നവരാണ് എല്ലാ ഫ്രഞ്ച് ആരാധകരും. ഇറ്റലി കിരീടം നേടിയതിനേക്കാൾ ഫുട്ബാൾ ലോകം ചർച്ച ചെയ്തത് സിദാൻ എന്തിനാണ് മറ്റരാസിയെ ഇടിച്ചുവീഴ്ത്തിയത് എന്നതാണ്.

പിന്നീട് നടന്ന രണ്ടു വേൾഡ് കപ്പിലും ഫ്രാൻസിന് കാര്യമായ നേട്ടമുണ്ടാക്കാൻ കഴിഞ്ഞില്ല. ദക്ഷിണാഫ്രിക്കയിൽ ആദ്യ റൗണ്ടിൽ പുറത്തായത് ഒരു ദുഃസ്വപ്നം പോലെ ഇന്നും ഓർമയിലുണ്ട്. ബ്രസീൽ ലോകകപ്പിൽ ക്വാർട്ടർവരെ എത്തിയത് ആശ്വാസമായി.

പേക്ഷ റഷ്യയിൽ അക്ഷരാർഥത്തിൽ ഫ്രഞ്ച് വിപ്ലവമായിരുന്നു. യൂറോപ്പിലെ മുൻനിര ക്ലബുകളിൽ കളിക്കുന്ന മിന്നും താരങ്ങളുമായാണ് ഫ്രാൻസ് റഷ്യയിലേക്ക് വിമാനം കയറിയത്. കളി എഴുത്തുകാരും ഫുട്ബാൾ നിരീക്ഷകരും കിരീടം പാരിസിലെത്തിക്കുമെന്ന് മുൻകൂട്ടി പ്രവചിച്ചു.

അർജന്റീനയെയും ഉറുഗ്വായിയെയും ബെൽജിയത്തെയും ക്രൊയേഷ്യയും തോൽപ്പിച്ചു ഹ്യൂഗോ ലോറിസ് കിരീടത്തിൽ മുത്തമിട്ടു.റഷ്യൻ ലോകകപ്പിൽ എല്ലാവരുടെയും ഓർമയിലുണ്ടാവുന്നത് ഫ്രാൻസും അർജന്റീനയും തമ്മിലുള്ള മത്സരമായിരിക്കും. മെസ്സിക്കും റൊണാൾഡോക്കും ശേഷം ഞാനാണ് ഫുട്ബാൾ ലോകത്തെ രാജാവ് എന്ന എംബാപ്പയുടെ പ്രഖ്യാപനമായിരുന്നു ആ മത്സരം. എംബാപ്പയെ പിടിച്ചുകെട്ടാൻ അർജന്റീനൻ ഡിഫൻസ് നന്നായി വിയർത്തു.

4 -3 ന് മത്സരം ഫ്രാൻസ് ജയിച്ചു. കണ്ണീരണിഞ്ഞ മെസ്സിയെ പോഗ്ബ കെട്ടിപ്പിടിക്കുന്ന ദൃശ്യം മായാക്കാഴ്ചയാണ്.ഫ്രാൻസിന് ആരാധകർ കുറവായതുകൊണ്ട് ഒരുമിച്ചിരുന്നു കളി കാണാനോ മറ്റു തരത്തിലുള്ള ആഘോഷങ്ങൾക്കോ അവസരമുണ്ടാവാറില്ല. എന്നാലും എനിക്ക് ഫ്രാൻസ് ടീമിനോട് ഒരു വൈകാരികമായ ഇഷ്ടമാണ്. 2018 റഷ്യൻ ലോകകപ്പ് നടക്കുമ്പോൾ ഖത്തറിലായിരുന്നു. ഇന്ന് വേൾഡ് കപ്പ് നടക്കാൻ പോകുന്ന സ്റ്റേഡിയങ്ങൾ എന്‍റെ റൂമിൽ നിന്നും പത്തും പതിനഞ്ചും കിലോ മീറ്റർ അകലെ മാത്രം.

ഫ്രഞ്ച് ഫാൻസ്‌ ഖത്തർ എന്ന കൂട്ടായ്മ ഇവിടെ രൂപവത്കരിച്ചിട്ടുണ്ട്. ഇഷ്ടടീമിന്റെ കളി സ്റ്റേഡിയത്തിൽ പോയി കാണാനുള്ള ആവേശത്തിലാണ് ഞങ്ങൾ എല്ലാവരും. ലുസൈലും അൽബൈത്തും ഒളിപ്പിച്ചുവെച്ച അത്ഭുതങ്ങൾ നേരിട്ടു കാണാനുള്ള കാത്തിരിപ്പും ഫ്രാൻസ് കിരീടം നിലനിർത്തുമെന്ന പ്രതീക്ഷയും.

Tags:    
News Summary - Heart breaking 'head butt'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.