അന്താരാഷ്ട്ര സമ്മേളനത്തിൽ തൊഴിൽമന്ത്രി ഡോ. അലി ബിൻ സിമൈഖ് അൽ മർറി സംസാരിക്കുന്നു

ചൂട്: തൊഴിലാളികളുടെ സുരക്ഷയിൽ വിട്ടുവീഴ്ചയില്ല നിയമം കടുപ്പിക്കുമെന്ന് തൊഴിൽ മന്ത്രി

ദോഹ: വേനൽചൂടിൽ പുറം ജോലികളിലേർപ്പെടുന്ന തൊഴിലാളികളുടെ സുരക്ഷയും സംരക്ഷണവും ഉറപ്പാക്കാൻ നിയമങ്ങൾ കടുപ്പിക്കുമെന്ന് തൊഴിൽമന്ത്രി അലി ബിൻ സിമൈഖ് അൽ മർറി. ദേശീയ തൊഴിൽ സുരക്ഷക്കും ആരോഗ്യ സംവിധാനത്തിനും മുൻഗണന നൽകി പ്രാദേശിക, അന്തർദേശീയ പങ്കാളികളുമായി തൊഴിൽ മന്ത്രാലയം നിരന്തര സഹകരണത്തിന് ഊന്നൽ നൽകുന്നുണ്ടെന്നും കനത്ത ചൂടിൽ പ്രതിരോധ നടപടികൾ മെച്ചപ്പെടുത്താനും കേസുകൾ നിരീക്ഷിക്കുന്നതിനുള്ള ശേഷി വർധിപ്പിക്കാനുമാണ് രാജ്യം ലക്ഷ്യമിടുന്നതെന്നും ഡോ. അലി ബിൻ സിമൈഖ് അൽ മർറി പറഞ്ഞു.

തൊഴിൽ മേഖലയിലെ താപ സമ്മർദവുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊഴിലാളികളുടെ സംരക്ഷണവും സുരക്ഷയും ആരോഗ്യകരവുമായ തൊഴിൽ അന്തരീക്ഷം പ്രോത്സാഹിപ്പിക്കുന്നതിന് പുതിയ നടപടികൾ ഫലപ്രദമായി നടപ്പാക്കുന്നതിൽ തൊഴിലാളികളും തൊഴിലുടമകളും തമ്മിലുള്ള സാമൂഹിക സംവാദത്തിന്റെ പ്രാധാന്യവും അദ്ദേഹം ഊന്നിപ്പറഞ്ഞു.അന്താരാഷ്ട്ര തൊഴിൽ സംഘടന പ്രതിനിധികൾ, അമേരിക്ക, യൂറോപ്യൻ യൂനിയൻ, സിംഗപ്പൂർ, മെക്‌സികോ, ഗ്രീസ്, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലെ സർവകലാശാലകളിലെ അക്കാദമിക വിദഗ്ധരിൽനിന്ന് തൊഴിൽ രംഗത്തെ താപസമ്മർദം തടയുന്നതിൽ വൈദഗ്ധ്യമുള്ളവരും അറബ് രാജ്യങ്ങളിൽനിന്നുള്ള തൊഴിലാളികളുടെയും തൊഴിലുടമകളുടെയും പ്രതിനിധികളും പങ്കെടുക്കുന്നുണ്ട്. അന്താരാഷ്ട്ര പങ്കാളികളുമായുള്ള ഏകോപനത്തിലും സഹകരണത്തിലും തൊഴിൽപരമായ താപ സമ്മർദത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച എക്കാലത്തെയും വലിയ പഠനമാണ് ഖത്തർ 2019 മുതൽ നടപ്പാക്കുന്നതെന്നും തൊഴിൽ മന്ത്രി ചൂണ്ടിക്കാട്ടി.

വേനൽക്കാലത്ത് തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നത് നിരോധിക്കുന്ന കാലയളവ് മന്ത്രാലയം വർധിപ്പിച്ചതായി അദ്ദേഹം വ്യക്തമാക്കി. തൊഴിലുടമകൾക്കും തൊഴിലാളികൾക്കുമായുള്ള ബോധവത്കരണ കാമ്പയിൻ, തൊഴിലിടങ്ങളിലെ നിരന്തര പരിശോധന ഉൾപ്പെടെ ഇത് ഉറപ്പാക്കാൻ വിവിധ രീതികൾ സ്വീകരിക്കുന്നതായും അദ്ദേഹം സൂചിപ്പിച്ചു. ആഗോള താപനവുമായി ബന്ധപ്പെട്ട വെല്ലുവിളികൾക്കും ജോലിയിൽ അതിന്റെ ആഘാതത്തിനും പുറമേ, ലോകമൊന്നടങ്കം ബാധിച്ച കാലാവസ്ഥ വ്യതിയാന പ്രതിസന്ധിയിൽ പ്രയാസപ്പെടുകയാണെന്നും ഡോ. അലി അൽ മർറി ചൂണ്ടിക്കാട്ടി.

തൊഴിൽ മേഖലയിലെ താപ സമ്മർദത്തിന്റെ പ്രത്യാഘാതങ്ങളിൽനിന്ന് തൊഴിലാളികൾക്ക് സുരക്ഷ ഉറപ്പാക്കുന്നതിൽ ഖത്തർ മുന്നിലാണ്. ജോലിസ്ഥലത്തെ ഉൽപാദനക്ഷമതയിൽ താപ സമ്മർദത്തിന്റെ ദോഷകരമായ ഫലങ്ങൾ കുറക്കുന്നതിന് സമഗ്ര പദ്ധതി നടപ്പാക്കിയ ആദ്യ രാജ്യങ്ങളിലൊന്നും ഖത്തറാണ്. തൊഴിൽ മേഖലയിലും തൊഴിലാളികളിലും കാര്യക്ഷമമായ പങ്കിന് അന്താരാഷ്ട്ര തൊഴിൽ സംഘടനയെ പ്രശംസിച്ച അദ്ദേഹം, തൊഴിലാളികളുടെ സുരക്ഷയാണ് പ്രഥമ മുൻഗണനകളിലൊന്നെന്നും വിശദീകരിച്ചു.

Tags:    
News Summary - Heat: There will be no compromise on the safety of workers, says Labor Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-18 07:50 GMT