ഫിറോസ് സെയ്ദിന്റെ അവാർഡ് അർഹമായ ചിത്രം

പൈതൃകം പറയുന്ന ക്ലിക്ക്

ദോഹ: ഫോട്ടോഗ്രാഫർമാർ മിന്നും ചിത്രങ്ങളുമായി പോരടിച്ച കതാറ ദൗ ഫെസ്റ്റിന്റെ ഫോട്ടോഗ്രഫി മത്സരത്തിൽ വീണ്ടും വിജയം വരിച്ച് ഖത്തർ മലയാളി ഫോട്ടോഗ്രാഫർ ഫിറോസ് സെയ്ദ്. ഖത്തർ ആഭ്യന്തര മന്ത്രാലയത്തിനു കീഴിൽ 13 വർഷത്തോളമായി ഫോട്ടോഗ്രാഫറായി ജോലി ചെയ്യുന്ന തൃശൂർ ഗുരുവായൂർ സ്വദേശി ഫിറോസി​നെ തേടി നാലാം തവണയാണ് ഏറെ ശ്രദ്ധേയമായ കതാറ ഫോട്ടോ​ഗ്രഫി അവാർഡ് എത്തുന്നത്. കഴിഞ്ഞ നവംബർ 28 മുതൽ ഡിസംബർ രണ്ടുവരെ അഞ്ചു ദിവസങ്ങളിലായി നടന്ന ദൗ ഫെസ്റ്റവിൽ ഖത്തറിലെയും മേഖലയിലെയും പൈതൃക പ്രദർശനമെന്ന നിലയിൽ ശ്രദ്ധേയമാണ്.

ഇന്ത്യ, പോർചുഗൽ, വിവിധ ജി.സി.സി രാജ്യങ്ങൾ, അറബ് നാടുകൾ ഉൾപ്പെടെ 12 രാജ്യങ്ങൾ പങ്കാളികളാകുന്ന ദൗ ഫെസ്റ്റിവൽ സമുദ്ര ജീവിതത്തിന്റെയും പായക്കപ്പലുകളുടെയുമെല്ലാം പഴങ്കഥകൾ പുതു തലമുറയിലേക്ക് പകർന്നു നൽകുന്നതിൽ ശ്രദ്ധേയമാണ്. ഈ സന്ദേശം, എല്ലാവരിലും എത്തിക്കുന്നതിന്റെ ഭാഗമായാണ് ​ഖത്തറിലെ സ്വദേശികൾക്കും താമസക്കാർക്കുമായി എല്ലാ വർഷങ്ങളിലും ഫോട്ടോഗ്രഫി മത്സരവും സംഘടിപ്പിക്കുന്നത്.

ഖത്തറിലുള്ള പ്രഫഷനൽ ഫോട്ടോഗ്രാഫർമാർ മികച്ച ചിത്രങ്ങളുമായി മാറ്റുരക്കുന്ന ​മത്സരത്തിൽ ചുരുങ്ങിയത് 300ഓളം പേരുടെ ചിത്രങ്ങളെങ്കിലും മാറ്റുരക്കാറുമുണ്ട്. അവയിൽ നിന്നാണ് ഫിറോസിന്റെ ചിത്രം ഏറ്റവും മികച്ചതായി തെരഞ്ഞെടുക്കപ്പെട്ടത്. നിഴലും വെളിച്ചവും ചേർന്ന ഫ്രെയിമിൽ, പാരമ്പര്യ അറിവുകൾ പുതു തലമുറയിലേക്ക് പകരുന്ന മനോഹരമായ ചിത്രമാണ് ഫിറോസ് തന്റെ കാമറയിൽ പകർത്തിയത്. തലമുറകൾ തമ്മിലെ അറിവിന്റെ കൈമാറ്റവും കരുതലും സ്നേഹവുമെല്ലാം ചിത്രം കാഴ്ചക്കാരനിലേക്ക് പകരുന്നു.

കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലേറെയായി ഫോട്ടോ​ഗ്രഫിയിൽ സജീവമാണ് ഫിറോസ് സെയ്ദ്. നാട്ടിൽ കൊമേഴ്ഷ്യൽ ഫോട്ടോഗ്രാഫറായി പ്രവർത്തിച്ച ഇദ്ദേഹം 2008ലാണ് ദോഹയിലെത്തുന്നത്. പരിസ്ഥിതി മന്ത്രാലയത്തിലും പിന്നീട് ആഭ്യന്തര മന്ത്രാലയത്തിലുമായി ജോലി ചെയ്തു.

പ്രകൃതിയും, ജീവിതവും, പൈതൃകങ്ങളുമെല്ലാം തേടി നടക്കുന്ന കാമറ യാത്രക്കിടയിൽ ഇതിനടം 40ഓളം അവാർഡുകളും നേടി. സോണി വേൾഡ് ​ഫോട്ടോഗ്രഫി അവാർഡ്, നാഷനൽ ജ്യോഗ്രഫി അവാർഡ്, അൽ ജസീറ ഫോട്ടോഗ്രഫി, ഖത്തർ ഒളിമ്പിക് കമ്മിറ്റി തുടങ്ങി നിരവധി പുരസ്കാരങ്ങൾ ഇതിനകം സ്വന്തമാക്കി. 2015, 2018, 2019 വർഷങ്ങളിലാണ് നേരത്തെ കതാറ പുരസ്കാരം നേടിയത്.

Tags:    
News Summary - Heritage click

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-18 07:50 GMT