ദോഹ: ഹമദ് മെഡിക്കൽ കോർപറേഷന് (എച്ച്.എം.സി) കീഴിലെ അവയവമാറ്റ ശസ്ത്രക്രിയ വിഭാഗം മേഖലയിലെതന്നെ മുൻനിര കേന്ദ്രമായി മാറുന്നു. അവയവമാറ്റ ശസ്ത്രക്രിയയിലെ അത്യാധുനിക സംവിധാനങ്ങളാണ് ഹമദ് മെഡിക്കൽ കോർപറേഷനിൽ സജ്ജീകരിച്ചിരിക്കുന്നത്. രാജ്യത്തെ പ്രഥമ ശ്വാസകോശം മാറ്റിവെക്കൽ ശസ്ത്രക്രിയ ഈയടുത്ത് വിജയകരമായി പൂർത്തിയാക്കിയത് എച്ച്.എം.സിയുടെ അവയവ മാറ്റിവെക്കൽ പദ്ധതിയിലെ നാഴികക്കല്ലായി.
1986ലാണ് ഖത്തറിൽ അവയവം മാറ്റിവെക്കുന്ന ശസ്ത്രക്രിയകൾക്ക് തുടക്കം കുറിക്കുന്നത്. ഇതിന് ശേഷം ഓരോ വർഷവും നാൽപതോളം വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയകളാണ് എച്ച്.എം.സിയിൽ നടക്കുന്നത്. വൃക്ക, കരൾ തുടങ്ങിയവയും മാറ്റിവെച്ചിരുന്നു. ഇപ്പോൾ ശ്വാസകോശം മാറ്റിവെക്കൽ ശസ്ത്രക്രിയക്കും തുടക്കംകുറിച്ചതാണ് നിർണായക നേട്ടം. മേഖലയിലെതന്നെ ഏറ്റവും സമഗ്രമായ അവയവമാറ്റ ശസ്ത്രക്രിയ കേന്ദ്രമായി എച്ച്.എം.സി മാറിക്കൊണ്ടിരിക്കുകയാണ്.
അവയവം മാറ്റിവെക്കൽ രംഗത്തെ വിദഗ്ധരും പരിചയസമ്പന്നരായ സർജൻമാരും നഴ്സുമാരും സാമൂഹിക പ്രവർത്തകരും പുനരധിവാസ ജീവനക്കാരും ഡയറ്റീഷ്യൻസുമടങ്ങുന്ന വലിയ സംഘമാണ് അവയവയമാറ്റ ശസ്ത്രക്രിയ പരിപാടിക്ക് പിന്നിൽ പ്രവർത്തിക്കുന്നതെന്ന് ചീഫ് മെഡിക്കൽ ഓഫിസർ ഡോ. അബ്ദുല്ല അൽ അൻസാരി പറഞ്ഞു.
ദേശമോ വംശമോ നോക്കാതെ എല്ലാവർക്കും തുല്യവും ഗുണമേന്മയുള്ളതുമായ ചികിത്സ ഉറപ്പുവരുത്തുകയാണ് ലക്ഷ്യം. 2019ലാണ് ഹൃദയ, ശ്വാസകോശ മാറ്റിവെക്കൽ കർമസേനയെ നിയോഗിച്ചത്. വലിയ കടമ്പകൾക്ക് ശേഷം പ്രഥമ ശ്വാസകോശം മാറ്റിവെക്കൽ ശസ്ത്രക്രിയക്കാണ് എച്ച്.എം.സി സാക്ഷ്യം വഹിച്ചിരിക്കുന്നത്. എച്ച്.എം.സിക്കും ഖത്തറിനും ഇത് അഭിമാനനേട്ടമാണ് -ഡോ. അൽ അൻസാരി കൂട്ടിച്ചേർത്തു.
അവയവദാനത്തിലൂടെയും അവയവം മാറ്റിവെക്കലിലൂടെയും വർഷങ്ങളായെടുത്ത പ്രവർത്തനങ്ങളുടെ ഫലമാണ് വിജയകരമായ ശ്വാസകോശം മാറ്റിവെക്കൽ ശസ്ത്രക്രിയയെന്ന് ഹമദ് ജനറൽ ആശുപത്രി മെഡിക്കൽ ഡയറക്ടർ ഡോ. യൂസുഫ് അൽ മസ്ലമാനി പറഞ്ഞു. പ്രാദേശികമായും അന്തർദേശീയതലത്തിലുള്ളതുമായ പരിചയസമ്പന്നരും വിദഗ്ധരുമാണ് ഇതിൽ പ്രവർത്തിക്കുന്നതെന്നും ഡോ. അൽ മസ്ലമാനി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.