ഡോ. ​ദീ​പ​ക്​ മി​ത്ത​ൽ

(ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ ​ഖ​ത്ത​ർ)

'ഇന്ത്യ സുവർണ യുഗത്തിലേക്കുള്ള പാതയിൽ'

ഭാരതം സ്വാതന്ത്ര്യത്തിന്റെ 75 വർഷം പിന്നിടുന്ന വേളയിൽ ഖത്തറിലെ എല്ലാ ഇന്ത്യക്കാർക്കും ആശംസകളും അഭിനന്ദനങ്ങളും നേരുകയാണ്. ഖത്തറിലെ ഇന്ത്യൻ സമൂഹത്തിന് അകമഴിഞ്ഞ പിന്തുണ നൽകുന്ന അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി, പിതാവ് അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനി, രാജ കുടുംബാംഗങ്ങൾ, ഖത്തർ സർക്കാർ എന്നിവർക്ക് സ്വതന്ത്ര ഇന്ത്യ 75 വർഷം പിന്നിടുന്ന സന്ദർഭത്തിൽ നന്ദിയും കടപ്പാടും രേഖപ്പെടുത്തുന്നു.

സ്വാതന്ത്ര്യം നേടി 75 വർഷം പിന്നിടുന്ന ഇന്ത്യ പുതിയ നാഴികക്കല്ല് കൂടി അടയാളപ്പെടുത്തുകയാണ്. സുവർണ യുഗ (അമൃത് കാൽ)ത്തിലേക്ക് നാം ചുവടുവെച്ചിരിക്കുകയാണ്. സ്വാതന്ത്ര്യത്തിന്‍റെ നൂറു വർഷത്തിലേക്കുള്ള യാത്രയാണത്.

ഈ ചരിത്ര മുഹൂർത്തത്തിൽ, എല്ലാ ഇന്ത്യക്കാരും പ്രത്യേകിച്ച് സ്വതന്ത്ര ഇന്ത്യയിൽ ജനിച്ചവർ നമ്മുടെ ധീരരായ സ്വാതന്ത്ര്യ സമര സേനാനികളെയും നമുക്ക് സ്വാതന്ത്ര്യം നേടിത്തരുന്നതിൽ ജീവത്യാഗം ചെയ്ത വിസ്മൃതിയിലാണ്ടവരെയും ഈ വേളയിൽ ഓർക്കുകയും അവർക്ക് വേണ്ടി ആദരാഞ്ജലി അർപ്പിക്കുകയും ചെയ്യണം. 140 കോടിയിലധികം ജനങ്ങൾക്ക് അഭിമാനത്തോടെയും അന്തസ്സോടെയും ജീവിക്കുന്നതിൽ അവരുടെ ജീവത്യാഗത്തെയും പോരാട്ടങ്ങളെയും നാം വിസ്മരിച്ചു കൂടാ. നമ്മുടെ രാഷ്ട്രപിതാവായ മഹാത്മ ഗാന്ധി, പണ്ഡിറ്റ് ജവഹർലാൽ നെഹ്റു, ബാബാ സാഹേബ് അംബേദ്കർ, നേതാജി സുഭാഷ് ചന്ദ്രബോസ്, സർദാർ വല്ലഭ് ഭായി പട്ടേൽ തുടങ്ങിയ മഹത്തായ നേതാക്കളെയും ഈ വേളയിൽ നാം സ്മരിക്കുകയാണ്.

സ്വതന്ത്ര ഇന്ത്യയുടെ 75ാം വാർഷികത്തിൽ ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാനും ആഘോഷിക്കാനുമേറെയുണ്ട്. നാനാത്വത്തിൽ ഏകത്വം, ഏക് ഭാരത് ശ്രേഷ്ഠ് ഭാരത് തുടങ്ങിയവ ഇതിലുൾപ്പെടും. ജാതി, മത, ദേശ, വർണ, ലിംഗ ഭേദമില്ലാതെ എല്ലാവർക്കും സ്വാതന്ത്ര്യവും തുല്യ അവസരങ്ങളും നമ്മുടെ മഹത്തായ ഭരണഘടന ഉറപ്പുനൽകുന്നു. ഭരണത്തിൽ എല്ലാവരെയും ഉൾപ്പെടുത്തിയും മുഴുവൻ ആളുകളുടെയും പ്രാതിനിധ്യം ഉറപ്പുവരുത്തുന്നതാണ് നമ്മുടെ ജനാധിപത്യം. ഗോത്രവർഗത്തിൽ നിന്ന് ആദ്യത്തെയും വനിതകളിൽ രണ്ടാമത്തെയും രാഷ്ട്രപതിയായി ഇന്ത്യയുടെ പ്രഥമ വനിതയെ നാം ഈയടുത്ത നാളുകളിൽ തിരഞ്ഞെടുക്കപ്പെടുകയുണ്ടായി. ഭരണഘടന വിഭാവനം ചെയ്യുന്ന അടിസ്ഥാന മൂല്യങ്ങൾക്കുള്ള സുന്ദരമായ ഉദാഹരണമാണിത്.

കുറഞ്ഞ വരുമാനമുള്ള രാജ്യങ്ങൾക്കിടയിൽ നിന്നും നാം ലോകത്തെ അഞ്ചാമത് സാമ്പത്തിക ശക്തിയായി വളർന്നതിൽ ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാം. ഇന്നവേഷൻ, ഐ.ടി മേഖലയിൽ ഇന്ത്യ ആഗോളതലത്തിലെ സുപ്രധാന ഹബ്ബാണ്. ലോകത്തിന്‍റെ ഫാർമസിയാണ് ഇന്ത്യ. ലോകോത്തര ഉൽപാദക, നിർമാണ ശക്തികളിലൊന്നുമാണ്. മാനവികത നേരിടുന്ന പുതിയ പ്രതിസന്ധികളെ നേരിടുന്നതിലെ ആഗോള പങ്കാളിത്തത്തിൽ വലിയ സ്വാധീനമുണ്ട്. 'ഹർ ഘർ തിരംഗ'യിലൂടെ ത്രിവർണ പതാകയെ ആഘോഷിക്കുകയാണ്. വൈവിധ്യത്തിന്‍റെയും ഐക്യത്തിന്‍റെയും സ്വാതന്ത്ര്യത്തിന്‍റെയും അടയാളമാണീ പതാക.

ഊഷ്മളം ഇന്ത്യ- ഖത്തർ സൗഹൃദം

സ്വാതന്ത്ര്യദിനാഘോഷമായ 'ആസാദി കാ അമൃത് മഹോത്സവ'ത്തിൽ ഖത്തറിലെ ഇന്ത്യൻ സമൂഹത്തിന്‍റെ പങ്കാളിത്തത്തിൽ വലിയ സന്തോഷവും അഭിമാനവുമുണ്ട്. ഖത്തറിലെ സുഹൃത്തുക്കൾക്കും ഖത്തർ സർക്കാറിനും ഇന്ത്യൻ സമൂഹത്തിന്‍റെ സന്തോഷം പങ്കുവെക്കുന്നതിലും മഹോത്സവിൽ പങ്കാളികളായതിലും കൃതജ്ഞത രേഖപ്പെടുത്തുകയാണ്.

പുതിയ ഇന്ത്യയുടെ യഥാർഥ പങ്കാളികളായ ഖത്തറിനെക്കുറിച്ച് പരാമർശിക്കാതെ മുന്നോട്ടു പോകാൻ കഴിയില്ല. ശക്തമായ അടിത്തറയിലൂന്നിയ ചരിത്രപരമായ ബന്ധമാണ് ഖത്തറും ഇന്ത്യയും തമ്മിലുള്ളത്. ഇന്ത്യയുടെ വളർച്ചയിലേക്കും പുരോഗതിയിലേക്കുമുള്ള യാത്രയിലെ വിശ്വസ്തരായ പങ്കാളി കൂടിയാണ് ഖത്തർ.

ഇന്ത്യയും ഖത്തറും തമ്മിലുള്ള രാഷ്ട്രീയ ബന്ധം അതിന്‍റെ ഉന്നതിയിലെത്തിയ സാഹചര്യമാണുള്ളത്. ഇന്ത്യയുടെ ഉപരാഷ്ട്രപതി ആദ്യമായി ഖത്തർ സന്ദർശിക്കുകയും ബന്ധം ഊഷ്മളമാക്കുകയും ചെയ്തു. ഉഭയകക്ഷി ബന്ധത്തിന്‍റെ പുതിയ അധ്യായത്തിനാണ് അദ്ദേഹം തുടക്കം കുറിച്ചത്. കേന്ദ്ര വിദേശകാര്യ മന്ത്രി ഖത്തർ സന്ദർശിക്കുകയും ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനിയുമായി കൂടിക്കാഴ്ച നടത്തുകയും ഇന്ത്യൻ എംബസിയുടെ പുതിയ കെട്ടിടത്തിന് ശിലാസ്ഥാപനം നിർവഹിക്കുകയും ചെയ്തു. ഈ വർഷം മേയിൽ തന്നെ കേന്ദ്ര വിദേശകാര്യ സഹമന്ത്രിയും ഖത്തർ സന്ദർശിച്ചു.

വാണിജ്യ, നിക്ഷേപ, ഊർജ, പ്രതിരോധ, വിദ്യാഭ്യാസ, സാംസ്കാരിക, ആരോഗ്യ, സാങ്കേതികവിദ്യ മേഖലകളിൽ പുതിയ സഹകരണത്തിന്‍റെ വാതിലുകൾ തുറക്കുന്നതിന് ഈ സന്ദർശനങ്ങളും ഉഭയകക്ഷി കൂടിക്കാഴ്ചകളും വലിയ പങ്കു വഹിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള വാണിജ്യം 15 ബില്യൻ ഡോളറിലെത്തിയിരിക്കുകയാണ്. പ്രതി വർഷ കണക്കുകളിൽ 63 ശതമാനം വർധന. പ്രതിരോധ, സുരക്ഷ മേഖലകളിലും ഇന്ത്യ-ഖത്തർ ബന്ധം ശക്തമായി തുടരുകയാണ്.

സ്വതന്ത്ര്യ ഇന്ത്യയുടെ 75ാം വാർഷികത്തോടനുബന്ധിച്ച ആസാദി കാ അമൃത് മഹോത്സവ് വ്യത്യസ്തമായ സാംസ്കാരിക, കായിക, വ്യാപാര, ക്ഷേമ, പാരിസ്ഥിതിക പരിപാടികളിലൂടെയാണ് ഖത്തറിലെ ഇന്ത്യൻ സമൂഹം ആഘോഷിച്ചത്. ഖത്തർ-മിനാസ ഇയർ 2022ലെ പങ്കാളികളായി ഇന്ത്യയുണ്ടെന്നതിൽ നമുക്ക് അഭിമാനിക്കാം. ഖത്തറും ഇന്ത്യയും തമ്മിലുള്ള ശക്തമായ സാംസ്കാരിക ബന്ധത്തിന്റെ ഭാഗമായിരുന്നു വൻ ജനപങ്കാളിത്തത്തോടെ സംഘടിപ്പിച്ച പാസേജ് ടു ഇന്ത്യ.

വിദ്യാഭ്യാസ മേഖലയിലും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം സുശക്തമാണ്. ഇരുപതോളം ഇന്ത്യൻ സ്കൂളുകളാണ് ഖത്തറിൽ പ്രവർത്തിക്കുന്നത്. എജുടെക് കമ്പനിയായ ബൈജൂസിൽ ഖത്തർ ഇൻവെസ്റ്റ്മെൻറ് അതോറിറ്റിയുടെ നിക്ഷേപം മറ്റൊരുദാഹരണമാണ്. കഴിഞ്ഞ വർഷം ഖത്തറിലെ ആദ്യ ഇന്ത്യൻ സർവകലാശാല ഓഫ് കാമ്പസ് (സാവിത്രിഭായ് ഫൂലെ സർവകലാശാല) ഇവിടെ ആരംഭിച്ചിരിക്കുകയാണ്.

സ്വതന്ത്രഭാരതം 75 വർഷം പിന്നിടുമ്പോൾ നിരവധി നേട്ടങ്ങളാണ് വ്യത്യസ്ത മേഖലകളിലായി കൈപ്പിടിയിലൊതുക്കിയിരിക്കുന്നത്. ഈ സാഹചര്യത്തിലും വിവിധ മേഖലകളിൽ നഗര-ഗ്രാമ വിഭജനം വലിയ വെല്ലുവിളിയായി തുടരുകയാണ്. ഈ പ്രതിസന്ധി മറികടക്കാനും ഇവക്കിടയിൽ പുതിയ പാലം രൂപപ്പെടുത്താനുമുള്ള അവസരമാണ് 'അമൃത് കാൽ'അഥവ സുവർണയുഗം. കർഷകരുടെ വേതനം ഇരട്ടിപ്പിക്കുന്നതിനും അവരുടെ സാമ്പത്തിക സുരക്ഷിതത്വം വർധിപ്പിക്കുന്നതിനും നിരവധി നടപടി കേന്ദ്രം സ്വീകരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ കാർഷിക മേഖലയുടെ വളർച്ചക്ക് പൊതു താൽപര്യപ്രകാരം ഖത്തറിലെ ഭക്ഷ്യസുരക്ഷയും ഇന്ത്യയിലേക്കുള്ള നിക്ഷേപവും നമുക്ക് മുന്നിലെ അവസരമാണ്.

ഇന്ത്യയുടെ വികസനത്തിലും വളർച്ചയിലും പ്രവാസി ഇന്ത്യൻ സമൂഹത്തിന്റെ പങ്ക് നിസ്തുലമാണ്. സുവർണ യുഗത്തിലും അതിന് ശേഷവും അത് തുടരും. ഖത്തറിന്‍റെ വളർച്ചയിലും പുരോഗതിയിലും ഇന്ത്യൻ സമൂഹം വഹിച്ച പങ്കിനെ അഭിനന്ദിക്കുകയാണ്, മാതൃരാജ്യത്തിനും സുഹൃദ് രാജ്യത്തിനും അവർ സംഭാവന നൽകുന്നു.

ഖത്തറിലെ ഇന്ത്യൻ ജനതയുടെ ക്ഷേമത്തിനും ഐശ്വര്യത്തിനുമായി പ്രവർത്തിക്കാൻ ഇന്ത്യൻ എംബസി പ്രതിജ്ഞാബദ്ധമാണ്. കുറഞ്ഞ വേതനക്കാരായ, ബ്ലൂ കോളർ തൊഴിലാളികൾക്ക് പ്രത്യേക പരിഗണനയും പിന്തുണയും നൽകുന്നത് തുടരും. ഇന്ത്യ ഇൻ ഖത്തർ എന്ന മൊബൈൽ ആപ്ലിക്കേഷനും പ്രവാസി ഭാരതീയ സഹായതാ കേന്ദ്രയും അവരുമായി ആശയവിനിമയം കൂടുതൽ സാധ്യമാക്കുന്നുണ്ട്.

തമിഴ്, കന്നട, തെലുങ്ക്, ഹിന്ദി, മലയാളം, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളിൽ തത്സമയ ചാറ്റ് സേവനവും പ്രവാസി ഭാരതീയ സഹായതാ കേന്ദ്രയിലുണ്ട്. തങ്ങളുടെ പരാതികളും നിർദേശങ്ങളും സമർപ്പിക്കുന്നതിനായി കൃത്യമായ ഇടവേളകളിൽ ഇന്ത്യൻ എംബസി ഓപൺ ഹൗസുകളും സംഘടിപ്പിക്കുന്നുണ്ട്.

ഖത്തറിൽ ഇനി നമ്മുടെ മുന്നിലുള്ളത് ഫിഫ ലോകകപ്പ് ആണ്. ലോകകപ്പിന്‍റെ വളന്റിയർമാരാകുന്നതിന് നിരവധി ഇന്ത്യക്കാരാണ് രജിസ്റ്റർ ചെയ്തത്. ഇക്കാര്യത്തിൽ ഏറെ അഭിമാനവും സന്തോഷവും രേഖപ്പെടുത്തുന്നു. കൂടാതെ വമ്പൻ കായിക മാമാങ്കവുമായി ബന്ധപ്പെട്ട സാംസ്കാരിക പരിപാടികളിലും ഇന്ത്യൻ സാന്നിധ്യം നിർണായകമാണ്. ലോകത്തിലെ ഏറ്റവും വലിയ കായിക മാമാങ്കത്തിനായുള്ള നൂറുദിന കൗണ്ട്ഡൗൺ ആരംഭിച്ചിരിക്കുകയാണ്. ഖത്തർ ആതിഥ്യം വഹിക്കുന്ന ഈ വലിയ ചാമ്പ്യൻഷിപ് അവിസ്മരണീയവും വിജയകരവുമാക്കുന്നതിന് എല്ലാ ഇന്ത്യക്കാരും അവരുടെ പിന്തുണ ഉറപ്പുവരുത്തണമെന്ന് ഈ വേളയിൽ അഭ്യർഥിക്കുകയാണ്.

ഒരിക്കൽ കൂടി, ഖത്തറിലെ എല്ലാ ഇന്ത്യക്കാർക്കും സ്വാതന്ത്ര്യദിനാശംസകൾ നേരുന്നതോടൊപ്പം ഇന്ത്യ പുതിയ ഘട്ടത്തിലേക്ക് പ്രവേശിക്കുകയാണ് എന്ന് ഓർമപ്പെടുത്തുകയും ചെയ്യുന്നു. ഖത്തറിന്‍റെയും ഇന്ത്യയുടെയും വളർച്ചയിലും പുരോഗതിയിലും പങ്ക് വഹിക്കുന്ന എല്ലാ ഇന്ത്യക്കാർക്കും നന്ദി രേഖപ്പെടുത്തുന്നു. പുതിയ ഇന്ത്യയുടെ വളർച്ചക്കായി നമുക്ക് കൈകോർക്കാം; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സങ്കൽപിത് ഭാരത്, സശക്ത് ഭാരത്, ആത്മനിർഭർ ഭാരത്, ശ്രേഷ്ഠ ഭാരത് എന്നിവക്കായി നമുക്ക് പ്രവർത്തിക്കാം. 

Tags:    
News Summary - 'India on the Road to a Golden Age'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-18 07:50 GMT