ഇന്ത്യയുടെ 77ാമത് സ്വാതന്ത്ര്യദിനത്തിൽ ഖത്തറിലെ എല്ലാ ഇന്ത്യക്കാർക്കും ഹൃദ്യമായ അഭിനന്ദനങ്ങളും ആശംസകളും നേരുന്നു. ഖത്തറിലെ ഇന്ത്യൻ സമൂഹത്തോടുള്ള അകമഴിഞ്ഞ പിന്തുണക്ക് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി, പിതാവ് അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനി, രാജ കുടുംബാംഗങ്ങൾ, ഖത്തർ ഗവൺമെന്റ് എന്നിവരോട് നന്ദി അറിയിക്കാനും ഈ അവസരം ഉപയോഗപ്പെടുത്തുകയാണ്.
അഭിമാനത്തോടെയും അന്തസ്സോടെയും ജീവിക്കാൻ വേണ്ടി തങ്ങളുടെ ജീവൻ ത്യജിച്ച നമ്മുടെ സ്വാതന്ത്ര്യസമര സേനാനികളെ ഈ ദിനത്തിൽ സ്മരിക്കുകയും ആദരിക്കുകയും ചെയ്യുന്നു.കഴിഞ്ഞ ഏഴര പതിറ്റാണ്ടുകാലം രാജ്യത്തെ സംരക്ഷിക്കുകയും അതിന്റെ പുരോഗതി ഉറപ്പാക്കുന്നതിലും വിലമതിക്കാനാവാത്ത സംഭാവനകളർപ്പിച്ച സഹ ഇന്ത്യക്കാരെയും സ്നേഹപൂർവം സ്മരിക്കുകയും നന്ദി നേരുകയും ചെയ്യുന്നു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായി ഇന്ത്യ ഇന്ന് അഭിമാനിക്കുകയാണ്.
ഇന്ത്യ ഇന്ന് ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ സമ്പദ് വ്യവസ്ഥയാണ്. അഞ്ച് ട്രില്യൻ ഡോളർ സമ്പദ് വ്യവസ്ഥയായി മാറാനുള്ള പാതയിലാണ് നമ്മുടെ രാജ്യം. ആഗോള മാന്ദ്യത്തിനിടയിലും 2022-23ൽ നമ്മുടെ ജി.ഡി.പി വളർച്ച 7.2 ശതമാനമായിരുന്നു. ലോകത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ് വ്യവസ്ഥയായി ഇന്ത്യ മുന്നേറുകയാണ്.
നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം, ജൻധർമൻ യോജന, ആയുഷ്മാൻ ഭാരത്, കൂടാതെ കോവിഡ് മഹാമാരിക്കാലത്ത് 800 ദശലക്ഷം വരുന്ന ഇന്ത്യക്കാർക്ക് സൗജന്യ ഭക്ഷ്യധാന്യങ്ങൾ നൽകൽ തുടങ്ങിയ പദ്ധതികളിലൂടെ ഇന്ത്യയിലെ എല്ലാ ജനവിഭാഗങ്ങളുടെയും ശാക്തീകരണം നമ്മുടെ സർക്കാർ ഉറപ്പാക്കിയിരിക്കുകയാണ്.
വ്യാപാര, നിക്ഷേപ രംഗത്തും ശക്തമായ വളർച്ചക്ക് ഇന്ത്യ സാക്ഷ്യം വഹിച്ചു. 2022-23 മുൻ സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ കയറ്റുമതി 770 ബില്യൻ ഡോളറിലെത്തിയിരിക്കുകയാണ്. മുമ്പുള്ള സാമ്പത്തിക വർഷത്തേക്കാൾ 94 ബില്യൻ ഡോളറിന്റെ വർധനവാണ് ഈ വിഭാഗത്തിൽ രേഖപ്പെടുത്തിയത്.
ഇന്ന് ലോകത്തിലെ ഏറ്റവും വലിയ സ്റ്റാർട്ടപ് ഇക്കോ സിസ്റ്റങ്ങളിലൊന്നാണ് ഇന്ത്യക്കുള്ളത്. 2030ഓടെ ഇന്ത്യയുടെ ഇന്റർനെറ്റ് സമ്പദ് വ്യവസ്ഥ ഒരു ട്രില്യൻ ഡോളറിലെത്തുമെന്നാണ് പ്രവചനം. ഉൽപാദന രംഗത്തും മുന്നേറ്റം തുടരുകയാണ്. ആഗോളാടിസ്ഥാനത്തിൽ ഏറ്റവും വലിയ രണ്ടാമത്തെ മൊബൈൽ ഫോൺ നിർമാതാക്കളായി ഇന്ത്യ മാറിക്കഴിഞ്ഞു. ലോകത്തിന്റെ ഫാർമസി എന്ന പദവിയും ഇന്ത്യക്കാണ്.
ശാസ്ത്ര-സാങ്കേതിക രംഗങ്ങളിലും രാജ്യം വൻ കുതിപ്പാണ് തുടരുന്നത്. ചന്ദ്രനിൽ ഒരു റോവർ ഇറക്കുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ മാസം ഇന്ത്യ ചന്ദ്രയാൻ-3 ദൗത്യം വിജയകരമായി വിക്ഷേപിച്ചപ്പോൾ ലോകമെമ്പാടുമുള്ള ഇന്ത്യക്കാർക്ക് അഭിമാനിക്കാനേറെയായിരുന്നു.
ആറുലക്ഷം കിലോമീറ്റർ ഒപ്റ്റിക്കൽ ഫൈബർ കേബിളുമായി ലോകത്തിലെ ഏറ്റവും വലിയ ഗ്രാമീണ ബ്രോഡ്ബാൻഡ് കണക്ടിവിറ്റിയാണ് ഇന്ത്യക്കുള്ളത്. മൂന്നുലക്ഷം സൈറ്റുകളുള്ള ഏറ്റവും വേഗതയേറിയ 5ജി റോളൗട്ടിന്റെ പിൻബലത്തിൽ ലോകത്തിലെ രണ്ടാമത്തെ 5ജി ശൃംഖലയും ഇന്ത്യക്കുണ്ട്.
തദ്ദേശീയമായി വികസിപ്പിച്ച ഡിജിറ്റൽ പേയ്മെന്റ് സംവിധാനമായ യു.പി.ഐ വഴി ഇന്ത്യ ലോകത്തെ നയിക്കുകയാണ്. 2023 മേയ് മാസത്തിൽ മാത്രം ഏകദേശം 180 ബില്യൻ ഡോളർ മൂല്യമുള്ള 940 കോടിയിലധികം ഇടപാടുകളാണ് യു.പി.ഐ വഴി നടന്നത്.
2070ഓടെ നെറ്റ് സീറോ എമിഷൻ ലക്ഷ്യം കൈവരിക്കുന്നതിനുള്ള പ്രതിജ്ഞ ഇന്ത്യ പ്രഖ്യാപിച്ചു കഴിഞ്ഞിരിക്കുകയാണ്. 2047ഓടെ ഇന്ത്യയെ ഊർജ സ്വതന്ത്രമാക്കാൻ ദേശീയ ഹരിത ഹൈഡ്രജൻ മിഷനും ആരംഭം കുറിച്ചു.
ജ20 അധ്യക്ഷ പദവിയിലൂടെയും എസ്.സി.ഒ (ഷാങ്ഹായ് കോഓപറേഷൻ ഓർഗനൈസേഷൻ)യിലൂടെയും ആഗോളാടിസ്ഥാനത്തിൽ വ്യക്തിമുദ്ര പതിപ്പിച്ചതിനാൽ ഇന്ത്യയെ സംബന്ധിച്ച് ഈ വർഷം ഏറെ പ്രാധാന്യമുള്ളതാണ്.
വസുദൈവ കുടുംബകം എന്നതിന്റെ ധാർമികത പ്രദർശിപ്പിക്കാനുള്ള സുവർണാവസരമായിരുന്നു ഈ രണ്ട് അധ്യക്ഷ പദവികളും.ജി20 അധ്യക്ഷതയിൽ സമഗ്രവും പ്രതിരോധശേഷിയുള്ളതുമായ വളർച്ച, കാലാവസ്ഥ വ്യതിയാനം, ഹരിത വികസനം, എസ്.ഡി.ജികൾ, സാങ്കേതിക പരിവർത്തനം, ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ, സ്ത്രീകൾ നയിക്കുന്ന വികസനം തുടങ്ങിയ പൊതു വിഷയങ്ങളിൽ ആഗോള അജണ്ട ഇന്ത്യ രൂപപ്പെടുത്തി.
വികസനത്തിനും വളർച്ചക്കും വേണ്ടിയുള്ള പ്രയാണത്തിൽ ഇന്ത്യയുടെ മുൻനിര പങ്കാളികളിലൊന്നാണ് ഖത്തർ. ഇരുരാജ്യത്തിനുമിടയിൽ ചരിത്രപരമായ ബന്ധമാണുള്ളത്. ഇന്ത്യയും ഖത്തറും തമ്മിലുള്ള ബന്ധം വിവിധ മേഖലകളിൽ ശക്തമായിരിക്കുകയാണ്.
2022ൽ ഫിഫ ലോകകപ്പ് ഉദ്ഘാടനമുൾപ്പെടെ രണ്ടുതവണ ഇന്ത്യയുടെ വൈസ് പ്രസിഡന്റ് ഖത്തർ സന്ദർശിച്ചു. ഫിഫ ലോകകപ്പ് വിജയത്തിൽ ഇന്ത്യൻ സമൂഹവും ഏറെ ആഹ്ലാദിച്ചു. 2023 ഫെബ്രുവരിയിൽ ഖത്തർ ഗതാഗത മന്ത്രി ജാസിം ബിൻ സൈഫ് അൽ സുലൈതിയുടെ സന്ദർശനത്തിന് ഇന്ത്യ ആതിഥേയത്വം വഹിച്ചു. 2023ൽ ഐക്യരാഷ്ട്രസഭയുടെ എൽ.ഡി.സി 5 സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി വിദേശകാര്യ മന്ത്രി രാജ്കുമാർ രഞ്ജൻ സിങ് ഖത്തർ സന്ദർശിച്ചു.
ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണത്തിന്റെ പ്രധാന സ്തംഭങ്ങളിലൊന്നാണ് ഊർജം. അത് ഇനിയും തുടരും. ഊർജ സഹകരണം കൂടുതൽ വിപുലീകരിക്കുന്നതിനായുള്ള സംയുക്ത കർമസമിതി സജീവമായി പ്രവർത്തന രംഗത്തുണ്ട്. ഇന്ത്യയും ഖത്തറും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരവും നിക്ഷേപ പങ്കാളിത്തവും വളരുകയാണ്.
പോയ സാമ്പത്തിക വർഷത്തിൽ 1870 കോടി ഡോളറിന്റെ വ്യാപാരമാണ് രേഖപ്പെടുത്തിയത്. മുൻ വർഷത്തെ അപേക്ഷിച്ച് 24 ശതമാനം വർധനവുണ്ടായി. ഖത്തറിന്റെ ഏറ്റവും വലിയ മൂന്നാമത്തെ കയറ്റുമതി ലക്ഷ്യസ്ഥാനവും ഇറക്കുമതിയിൽ മൂന്നാമതുമാണ് ഇന്ത്യ. ഇന്ത്യയിൽ ഖത്തർ ഇൻവെസ്റ്റ്മെന്റ് അതോറിറ്റിയുടെ നിക്ഷേപം വളർച്ചയുടെ പാതയിലാണ്. സ്വാഗതാർഹമായ കാര്യമാണത്.
ഖത്തറിന്റെ വ്യാപാര പരിപാടികളിൽ ഇന്ത്യ നിരന്തരം പങ്കെടുക്കുന്നു. വരാനിരിക്കുന്ന ദോഹ ഹോർട്ടികൾചറൽ എക്സ്പോയുടെ വിജയത്തിനായി കാത്തിരിക്കുകയാണ്.
ഇന്ത്യയും ഖത്തറും സമ്പൂർണ നയതന്ത്രബന്ധം സ്ഥാപിച്ചതിന്റെ 50 വർഷം പിന്നിടുമ്പോൾ 2023 ഒരു ചരിത്രപരമായ നാഴികക്കല്ലിനുകൂടി സാക്ഷ്യം വഹിക്കും. ഈ പ്രത്യേക അവസരത്തിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണവും ഇരുരാജ്യങ്ങളിലെയും ജനങ്ങൾ തമ്മിലുള്ള സൗഹൃദബന്ധവും കൂടുതൽ ദൃഢമാകുമെന്ന് ഉറപ്പുപറയുന്നു. ഖത്തർ അധികാരികളുമായി സഹകരിച്ച് വിപുലമായി ആഘോഷിക്കാൻ ആഗ്രഹിക്കുകയാണ്.
ഖത്തറിലെ ഇന്ത്യൻ സമൂഹം വികസനത്തിന്റെ അവിഭാജ്യ ഘടകമാണ്. ഖത്തറിലെ പ്രമുഖരിൽ നിന്നും ഇന്ത്യൻ സമൂഹത്തെ അഭിനന്ദിക്കുന്ന വാക്കുകൾ കൂടിക്കാഴ്ചകളിൽ കേട്ടതിൽ അഭിമാനിക്കുകയാണ്. ഖത്തറിലെ ഇന്ത്യൻ അംബാസഡറായി ചുമതലയേൽക്കുമ്പോൾ ഇന്ത്യക്കാരുടെ പ്രത്യേകിച്ച് അത്യാവശ്യക്കാരുടെ ക്ഷേമത്തിന് മുൻഗണന നൽകും. സമയബന്ധിതവും സുതാര്യവുമായ രീതിയിൽ സമൂഹത്തിന് മികച്ച സേവനം നൽകുന്നത് എംബസി തുടരുകയും ചെയ്യും.
ഖത്തറിലെ ഇന്ത്യൻ സമൂഹം കഴിഞ്ഞ ഒരു വർഷമായി നിരവധി കലാ-സാംസ്കാരിക-വ്യാപാര പരിപാടികളാണ് സംഘടിപ്പിച്ചുകൊണ്ടിരിക്കുന്നത്. ആസാദ് കാ അമൃത് മഹോത്സവം ആഘോഷിച്ചതിൽ ഏറെ സന്തോഷിക്കുകയും അഭിമാനിക്കുകയും ചെയ്യുന്നു. സ്വാതന്ത്ര്യത്തിന്റെ 75 വർഷത്തിൽ നിന്ന് 2047ലെ ശതാബ്ദിയിലേക്ക് നാം നീങ്ങുമ്പോൾ അമൃത് കാലിൽ ഇന്ത്യയെ ഒരു വികസിത രാജ്യമാക്കുകയെന്ന ലക്ഷ്യത്തിലേക്ക് നാം വീണ്ടും സ്വയം സമർപ്പിക്കേണ്ടതുണ്ട്.
ഭാവിതലമുറകൾ ഉറ്റുനോക്കുന്ന പുതിയ ഒരു ഇന്ത്യയാണ് നമ്മുടെ ലക്ഷ്യം.ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തിൽ ഖത്തറിലെ എന്റെ സഹ ഇന്ത്യക്കാർക്ക് ഒരിക്കൽകൂടി ഊഷ്മളമായ ആശംസകളും അഭിനന്ദനങ്ങളും അറിയിക്കുന്നു. ഇന്ത്യയും ഖത്തറും തമ്മിലുള്ള സൗഹൃദത്തിന്റെയും സഹകരണത്തിന്റെയും ബന്ധങ്ങൾ ഉറപ്പിക്കുന്നത് നമുക്കെല്ലാം തുടരാം. ജയ് ഹിന്ദ്.
- വിപുൽ (ഇന്ത്യൻ അംബാസഡർ -ഖത്തർ)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.