ദോഹ: ഖത്തറിലെ ഇന്ത്യൻ എംബസിയുടെ പുതിയ ആസ്ഥാന മന്ദിരത്തിന്‍റെ നിർമാണ പ്രവർത്തനങ്ങളുടെ ശിലാസ്ഥാപനം നിർവഹിച്ചു. ബുധനാഴ്ച ദോഹ വെസ്റ്റ്ബേയിലെ നയതന്ത്ര മേഖലയിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറും, ഖത്തർ ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനിയും ചേർന്നാണ് ശിലാസ്ഥാപനം നിർവഹിച്ചത്. ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തൽ ചടങ്ങിൽ പങ്കെടുത്തു.
ഇരു രാജ്യങ്ങളുടേയും ദേശീയ ഗാനാലാപനത്തോടെയാണ് ചടങ്ങ് ആരംഭിച്ചത്. തുടർന്ന് ശിലാസ്ഥാപന ഫലകത്തിന്‍റെ കർട്ടൻ നീക്കി ഇരുവരും ഉദ്ഘാടനം നിർവഹിച്ചു. ഇന്ത്യ - ഖത്തർ നയതന്ത്ര ബന്ധം സ്ഥാപിച്ചതിന്‍റെ 50ാം വാർഷികം 2023ൽ നടക്കാനിരിക്കെയാണ് പുതിയ എംബസി കാര്യാലയം ഒരുങ്ങുന്നതെന്ന് ഡോ. എസ്. ജയശങ്കർ പറഞ്ഞു.
രാവിലെ ദോഹയിലെത്തിയ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ ഉദ്ഘാടന ചടങ്ങുകൾക്കു ശേഷം ഖത്തർ വിദേശകാര്യമന്ത്രിയുമായി കൂടികാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലെ ഉഭയകക്ഷി ബന്ധവും മേഖലയിലെ പുതിയസംഭ വികാസങ്ങളും ചർച്ച ചെയ്തതായി ഖത്തർ വിദേശകാര്യ മന്ത്രി ട്വീറ്റു ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.