ദോഹ: നാട്ടിലെ മാമ്പഴക്കാലത്തിന്റെ മധുരമൂറുന്ന ഓർമകളുമായി പ്രവാസത്തിൽ ദിവസങ്ങളെണ്ണി തീർക്കുന്ന മാമ്പഴപ്രേമികൾക്കായി സൂഖ് വാഖിഫിലൊരു മേളയെത്തുന്നു. ഇന്ത്യയിലെ എണ്ണിയാൽ തീരാത്ത തരം മാമ്പഴങ്ങളും, മാമ്പഴ അനുബന്ധ ഉൽപന്നങ്ങളും അണിനിരക്കുന്ന മേളക്ക് സൂഖ് വാഖിഫ് വേദിയാകും.
ഇന്ത്യൻ എംബസിയും സൂഖ് വാഖിഫും ചേർന്ന് മേയ് 30 മുതൽ ജൂൺ എട്ടു വരെ സൂഖിലെ ഈസ്റ്റേൺ സ്ക്വയറിലാണ് മേള. ‘അൽ ഹംബ’ മാംഗോ എക്സിബിഷൻ എന്ന പേരിൽ ആദ്യമായാണ് സൂഖിൽ മാമ്പഴ പ്രദർശനവും വിൽപനയുമെത്തുന്നത്. ചൂടുകാലമാണെങ്കിലും ശീതീകരിച്ച പ്രദർശന വേദിയിലെത്തി പഴുത്തതും മധുരമൂറുന്നതുമായ ഒരുപിടി മാമ്പഴങ്ങൾ വാങ്ങാനും കാണാനും അവസരമാകും. ഈ മാസം 30 ന് തുടങ്ങുന്ന മേളയിൽ വൈകുന്നേരം നാല് മുതൽ രാത്രി ഒമ്പത് വരെയാണ് പ്രദർശനം. എല്ലാവർക്കും സൗജന്യമായിരിക്കും പ്രവേശനമെന്ന് സൂഖ് വാഖിഫ് അധികൃതർ അറിയിച്ചു. ഖത്തറിന്റെ പൈതൃക തെരുവായ സൂഖിലൊരുക്കുന്ന മാമ്പഴ മേള, ഇന്ത്യൻ രുചി വൈവിധ്യം സ്വദേശികൾക്കും വിവിധ രാജ്യക്കാർക്കും അനുഭവിച്ചറിയാനുള്ള വേദിയായി മാറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.