ദോഹ: ഇന്ത്യൻ എംബസി അപെക്സ് സംഘടനയായ ഇന്ത്യൻ കമ്യൂണിറ്റി ബെനവലന്റ് ഫോറം (ഐ.സി.ബി.എഫ്) ഇൻഷുറൻസ് പദ്ധതിയുടെ പ്രചാരണ ഭാഗമായി പ്രവാസി ഇന്ത്യക്കാരുടെ വിവിധ കൂട്ടായ്മകളുടെ സംഗമം സംഘടിപ്പിച്ചു. എല്ലാ കമ്യൂണിറ്റി സംഘടനകളുടെയും അംഗങ്ങളെ ഇൻഷുറൻസ് പരിധിയിലെത്തിക്കുക എന്ന ലക്ഷ്യവുമായാണ് പ്രത്യേക സംഗമം സംഘടിപ്പിച്ചത്.
ഐ.ഐ.സി.സി കാഞ്ഞാണി ഹാളിൽ നടന്ന ചടങ്ങിൽ 150ഓളം സംഘടന പ്രതിനിധികൾ പങ്കെടുത്തു. ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ അധ്യക്ഷത വഹിച്ചു. കഴിഞ്ഞ കാലങ്ങളിൽ സംഘടന നടത്തിയ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ അദ്ദേഹം പങ്കുവെച്ചു. ഇൻഷുറൻസ് ദാതാക്കളായ ഭീമയുമായി ചർച്ച നടത്തി ഇൻഷുറൻസ് സ്കീമിനായി ഓൺലൈൻ സംവിധാനം നടപ്പാക്കുന്നതിന്റെ സാധ്യതകളെക്കുറിച്ചും അദ്ദേഹം സൂചിപ്പിച്ചു.
ഐ.സി.ബി.എഫ് ഇൻഷുറൻസിന്റെ ചാർജുള്ള എം.സി മെംബർ അബ്ദുൽ റഊഫ് കൊണ്ടോട്ടി ഇൻഷുറൻസ് സ്കീമിനെക്കുറിച്ചുള്ള വിശദമായ അവതരണം നടത്തി. പോളിസി പ്രത്യേകതകളെയും ആനുകൂല്യങ്ങളെയും കുറിച്ച് പ്രതിപാദിച്ചു. പങ്കെടുത്തവരുടെ സംശയങ്ങൾക്ക് അദ്ദേഹം മറുപടി നൽകി.
ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠൻ, ഐ.എസ്.സി പ്രസിഡന്റ് ഇ.പി. അബ്ദുൽ റഹ്മാൻ, ഐ.സി.ബി.എഫ് ഉപദേശക സമിതി ചെയർമാൻ സാം ബഷീർ, മുൻ ഐ.സി.ബി.എഫ് പ്രസിഡന്റ് പി.എൻ. ബാബുരാജൻ, സീനിയർ കമ്യൂണിറ്റി നേതാക്കളായ കെ.എസ്. പ്രസാദ്, വി.എം. നാരായണൻ തുടങ്ങിയവർ സംസാരിച്ചു. ഐ.സി.ബി.എഫ് ജനറൽ സെക്രട്ടറി വർക്കി ബോബൻ സ്വാഗതവും വൈസ് പ്രസിഡന്റ് ദീപക് ഷെട്ടി നന്ദിയും പറഞ്ഞു. ചടങ്ങിൽ ഇ.ടി.സി ഗ്രൂപ്പിലെ 35 ജീവനക്കാരുടെ ഇൻഷുറൻസ് ഫോറങ്ങൾ എം.ഡി കെ.കെ. അൻവറും തമിഴ് സംഘടനയായ വെളിനാട് വാൽ തമിഴർ നളസംഘം (വി.വി.ടി.എൻ.എസ്) തങ്ങളുടെ 30 അംഗങ്ങളുടെ ഫോറങ്ങളും കൈമാറി. ഐ.സി.ബി.എഫ് സെക്രട്ടറി മുഹമ്മദ് കുഞ്ഞി, ട്രഷറർ കുൽദീപ് കൗർ, മാനേജിങ് കമ്മിറ്റി അംഗങ്ങളായ സമീർ അഹമ്മദ്, സെറീന അഹദ്, ശങ്കർ ഗൗഡ്, ഹമീദ് റാസ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.