ദോഹ: വിദേശികൾക്ക് നൂറ് ശതമാനം ഉടമസ്ഥതയിൽ രാജ്യത്ത് നിക്ഷേപത്തിന് മന്ത്രിസഭയുടെ അംഗീകാരം. സാമ്പത്തിക വാണിജ്യ വകുപ്പ് മന്ത്രി ശൈഖ് അഹ്മദ് ബിൻ ജാസിം ബിൻ മുഹമ്മദ് ആൽഥാനി അവതരിപ്പിച്ച കരട് രേഖ മന്ത്രിസഭ വിശദമായ പഠനത്തിന് ശേഷം അംഗീകരിക്കുകയായിരുന്നു. രാജ്യാന്താര തലത്തിൽ പ്രവർത്തിക്കുന്ന പ്രമുഖ വ്യാപാര പ്രമുഖർക്ക് ഈ തീരുമാനം വലിയ തോതിൽ ഗുണം ചെയ്യുമെന്ന് സാമ്പത്തികകാര്യ മന്ത്രി അഭിപ്രായപ്പെട്ടു. രാജ്യത്തിെൻറ സാമ്പത്തിക മേഖലയിൽ ഈ തീരുമാനം വലിയ മുതൽ കൂട്ടായിരിക്കും. വിേദശനിക്ഷേപം എത്തുന്നതോടെ സമാനമായ തോതിൽ ഗവൺമെൻറ് നിക്ഷേപവും അനുവദിക്കും. ഇതോടെ വിപണി ഏറെ സജീവമാകും.
വിദേശ നിക്ഷേപത്തിെൻറ സാധ്യതകൾ വ്യക്തമാക്കുന്ന ഒരു പട്ടിക തന്നെ മന്ത്രാലയം തയ്യാറാക്കിയതായി മന്ത്രി അറിയിച്ചു. നിക്ഷേപ പദ്ധതിക്ക് ഭൂമി വിട്ടുനൽകുകയോ പാട്ട വ്യവസ്ഥയിൽ നൽകുകയോ ചെയ്യും. പദ്ധതിയുടെ വ്യാപനത്തിനും വികസനത്തിനും ആവശ്യമായ ഉപകരണങ്ങൾ ഇറക്കുമതി ചെയ്യുന്നതിന് നികുതി ഇളവ് ചെയ്യുന്നതടക്കമുള്ള ആനകൂല്യങ്ങളും ഈ പ്രഖ്യാപനത്തിൽ അടങ്ങുന്നു. ഇത്തരം പദ്ധതികൾക്ക് ആവശ്യമായ അസംസ്കൃത വസ്തുക്കൾ ഇറക്കുമതി ചെയ്യുന്നതിൽ നിന്ന് കസ്റ്റംസ് നികുതികൾ ഒഴിവാക്കുമെന്നും മന്ത്രി അറിയിച്ചു.
നിക്ഷേപ വ്യവസ്ഥകൾ പൊതുതാൽപര്യത്തിന് വിധേയമായിരിക്കും. നിലവിൽ രാജ്യത്ത് വിദേശ നിക്ഷേപം 49 ശതമാനം മാത്രമാണ് അനുവദിച്ചുവരുന്നത്. 51 ശതമാനം നിക്ഷേപം സ്വദേശിയുടേതാകണമെന്ന കർശന നിയമമാണ് ഇപ്പോൾ നിലവിലുള്ളത്. പുതിയ വ്യവസ്ഥ നിലവിൽ വരുന്നതോടെ നൂറ് ശതമാനവും വിദേശിയുടെ ഉടമസ്ഥയിൽ പദ്ധതികൾ ആരംഭിക്കാനാകും. ഉപരോധം തുടരുന്ന സാഹചര്യത്തിൽ പുതിയ തീരുമാനം വലിയ തോതിൽ വിദേശ നിക്ഷേപം രാജ്യത്തേക്ക് ആകർഷിക്കാൻ കാരണമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.