ദോഹ: പെരുന്നാൾ ആഘോഷങ്ങൾക്കുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കി മുനിസിപ്പാലിറ്റി മന്ത്രാലയം ഉൾപ്പെടെ വിവിധ വിഭാഗങ്ങൾ. ഈദ് നമസ്കാരത്തിനുള്ള മൈതാനങ്ങൾ ഉൾപ്പെടെ 165ഓളം സ്ഥലങ്ങൾ ശുചീകരിച്ചും അണുനശീകരണം നടത്തിയും വിശ്വാസികളെ സ്വീകരിക്കാൻ ഒരുങ്ങിയതായി മുനിസിപ്പാലിറ്റി മന്ത്രാലയം അറിയിച്ചു. പെരുന്നാളിന്റെ നാലു ദിനങ്ങളിൽ പതിനായിരങ്ങൾ എത്തുന്ന പൊതുപാർക്കുകൾ, കടൽത്തീരങ്ങൾ ഉൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ജനങ്ങൾ ഒത്തുകൂടുന്ന കേന്ദ്രങ്ങളെല്ലാം ശുചീകരിച്ച് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി സജ്ജമായതായി മന്ത്രാലയം വിശദീകരിച്ചു.
ബലിമൃഗങ്ങളുടെ പരിശോധനക്കായി കൂടുതൽ വെറ്ററിനറി ഡോക്ടർമാരുടെ സേവനം ഉറപ്പാക്കി. ബലിമൃഗങ്ങളുടെ ആരോഗ്യം, സുരക്ഷ എന്നിവ ഉറപ്പാക്കുന്നതിനുവേണ്ടിയാണ് എല്ലാ അറവുശാലകളിലും കൂടുതൽ മൃഗഡോക്ടർമാരുടെ സേവനം ഉറപ്പിച്ചത്. മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ ഇ-സേവനം 24 മണിക്കൂറും ലഭ്യമാകും.
പൊതുപാർക്കുകളുടെ ശുചിത്വം ഉറപ്പാക്കാൻ മുനിസിപ്പാലിറ്റി മന്ത്രാലയത്തിനു കീഴിലെ ജനറൽ ക്ലീനിങ് വിഭാഗം മുഴുസമയവും പ്രവർത്തന സജ്ജമായിരിക്കും. ഇതിനുപുറമെ, ആരോഗ്യസുരക്ഷ ഉറപ്പാക്കുന്നതിനായി വിവിധ മുനിസിപ്പാലിറ്റികളുടെ നേതൃത്വത്തിൽ ഹോട്ടൽ, ബേക്കറി ഉൾപ്പെടെ ഭക്ഷ്യകേന്ദ്രങ്ങളിൽ പരിശോധന സജീവമാണ്. പെരുന്നാൾ അവധി ദിനങ്ങളിലും ഇത് തുടരും. വിൽപന നടത്തുന്ന ഭക്ഷ്യവസ്തുക്കൾ, മാംസങ്ങൾ എന്നിവയുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പരിശോധനകൾ.
അൽഷഹാനിയ മുനിസിപ്പാലിറ്റിയുടെ ആരോഗ്യവിഭാഗം നേതൃത്വത്തിൽ മാർക്കറ്റുകൾ, സൂപ്പർമാർക്കറ്റ്, മാംസവിൽപന ശാലകൾ, ബേക്കറികൾ എന്നിവടങ്ങളിൽ കഴിഞ്ഞ ദിവസം പരിശോധന നടത്തി. അൽവക്റ മുനിസിപ്പാലിറ്റിയിൽ മുനിസിപ്പൽ കൺേട്രാൾ വിഭാഗം ഡയറക്ടർ ജമാൽ അൽബുഐനാന്റെ നേതൃത്വത്തിൽ അറവുശാലകളിൽ പരിശോധന നടത്തി. ബലിമൃഗങ്ങളെ അറുക്കാനുള്ള ഒരുക്കങ്ങളുടെ ഭാഗമായാണ് പരിശോധന. അൽ വക്റ, അൽഷമാൽ, ദോഹ മുനിസിപ്പാലിറ്റി, ഉം സലാൽ തുടങ്ങി വിവിധ മുനിസിപ്പാലിറ്റികൾക്കു കീഴിൽ ശുചീകരണം, പരിശോധനകൾ, ബോധവത്കരണം തുടങ്ങിയവ പുരോഗമിക്കുന്നു.
ദോഹ: അറബ്, ഇസ്ലാമിക ലോകത്തെ സൗഹൃദ രാഷ്ട്രത്തലവന്മാർക്ക് ഈദ് ആശംസ നേർന്ന് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി. ഫോണിൽ വിളിച്ചായിരുന്നു വിവിധ രാജ്യങ്ങളിലെ നേതാക്കൾക്ക് അമീർ പെരുന്നാൾ ആശംസ കൈമാറിയത്. ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ്, ജിബൂതി പ്രസിഡന്റ് ഇസ്മായിൽ ഉമർ ഗുലേ, ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫതാഹ് അൽ സിസി എന്നിവരെ അമീർ ഫോണിൽവിളിച്ച് ആശംസ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.