ദോഹ: ഒന്നും രണ്ടുമല്ല... ഒരു നൂറു കൂട്ടും ക്യാമ്പുകൾ തന്നെയായിരുന്നു കഴിഞ്ഞ ഒരു മാസക്കാലം കതാറ കൾച്ചറൽ വില്ലേജ് ഫൗണ്ടേഷൻ വേദിയായത്. വേനലവധി കാലത്ത് സ്കൂളുകളെല്ലാം അടച്ചപ്പോൾ കനത്ത ചൂടിനിടയിലും ഒട്ടും മുഷിയാൻ അനുവദിച്ചില്ല. ഖത്തറിലെ വിദ്യാർഥികൾക്കായി ഒരു ഡസനിലേറെ കല-കായിക-കരകൗശല വിരുന്നുകളോടെയായിരുന്നു കതാറ കൾചറൽ വില്ലേജ് ഇത്തവണ വേനലവധി ക്യാമ്പ് സംഘടിപ്പിച്ചത്.
രണ്ടുമാസത്തെ വേനൽ അവധിയും കഴിഞ്ഞ് സ്കൂളുകളെല്ലാം ആഗസ്റ്റ് 27ഓടെ സജീവമാകുന്നതിന് മുമ്പായി കഴിഞ്ഞ ദിവസത്തോടെ തന്നെ ആഘോഷങ്ങളുടെ വേനലവധി ക്യാമ്പിന് കതാറയില സമാപനമായി.
ഖത്തർ ആഭ്യന്തര മന്ത്രാലയം, സിവിൽ ഡിഫൻസ് ജനറൽ അഡ്മിനിസ്ട്രേഷൻ, ഡ്രഗ് കൺട്രോൾ ജനറൽ അഡ്മിനിസ്ട്രേഷൻ, ഇസ്ലാമിക മതകാര്യ മന്ത്രാലയം, ഖത്തർ റെഡ് ക്രസന്റ്, അൽ ജസീറ മീഡിയ ഇൻസ്റ്റിറ്റ്യൂട്ട്, നൊമാസ് സെന്റർ, ഷൂട്ടിങ് ക്ലബ് എന്നിവയുടെ നേതൃത്വത്തിലായിരുന്നു ഏതാണ്ട് ഒരു മാസത്തോളം നീണ്ട വൈവിധ്യമാർന്ന ക്യാമ്പുകൾക്ക് കതാറ സാക്ഷിയായത്.
വേനലവധിയെ പഠനത്തിന്റെയും പരിശീലനത്തിന്റെയും നന്മയുള്ള കാലമാക്കിമാറ്റാൻ വിദ്യാർഥികൾക്ക് കഴിഞ്ഞു. കുട്ടികളിലെ കല,കായിക, വിനോദ മികവുകൾക്ക് പ്രോത്സാഹനം നൽകുക, നിത്യജീവിതത്തിലെ പ്രതിസന്ധികളെ നേരിടാനുള്ള ശേഷി വികസിപ്പിക്കുക, വ്യക്തിത്വ വികസനം തുടങ്ങിയവയെല്ലാം ലക്ഷ്യമിട്ടായിരുന്നു വിവിധ വിഷയങ്ങൾ ഉൾക്കൊള്ളിച്ചുള്ള ക്യാമ്പ് അരങ്ങേറിയത്.
വിദ്യാഭ്യാസം, സംസ്കാരം, വിനോദ പരിപാടികൾ എന്നിവയിൽ ഊന്നൽ നൽകിയായിരുന്നു ക്യാമ്പെന്ന് പബ്ലിക് റിലേഷൻസ് ആൻഡ് കമ്യൂണിക്കേഷൻസ് ഡയറക്ടർ സലിം മബ്ഖൂത് അൽ മർറി പറയുന്നു.
കുട്ടികളുടെ വ്യക്തിത്വ വികസനത്തിൽ ഏറെ സഹായകമായ ഒരുപാട് പ്രവൃത്തികൾ അടങ്ങിയതായിരുന്നു ജൂലൈയിൽ ആരംഭിച്ച് ആഗസ്റ്റ് പകുതിവരെ നീണ്ടുനിന്ന ക്യാമ്പ്. അറിവും, കഴിവും വർധിപ്പിക്കാനും, വിവിധ കാര്യങ്ങളിൽ പ്രായോഗിക ജ്ഞാനം നൽകാനും ഒപ്പം തങ്ങളുടെ കഴിവുകളും ഹോബിയും തിരിച്ചറിയാനുമെല്ലാം അവസരം നൽകി. ഒപ്പം, ദേശീയത, സംസ്കാരം, പൈതൃക, വിശ്വാസം തുടങ്ങിയ പലമേഖലകളിലും വികസനത്തിനും വഴിയൊരുക്കി - സലിം മബ്ഖൂത് പറഞ്ഞു.
സിവിൽ ഡിഫൻസിന്റെ നേതൃത്വത്തിൽ സേഫ് സമ്മർ എന്ന തീമിൽ അപകട ഘട്ടങ്ങളിൽ എങ്ങനെ പ്രവർത്തിക്കണമെന്നതിൽ പരിശീലനം നൽകുന്ന സെഷനുകളും ഉൾപ്പെടുത്തിയിരുന്നു.
ഷൂട്ടിങ് താൽപര്യമുള്ളവർക്കുള്ള പരിശീലനങ്ങൾ, ഖത്തറിന്റെ പാരമ്പര്യങ്ങളിലൊന്നായ ദൗ ബോട്ടുകളുടെയും കടൽജീവിതത്തിന്റെയും ഉള്ളറകൾ തേടിയുള്ള അന്വേഷണം, സൗരയൂഥവും ഗ്രഹങ്ങളും ആകാശ രഹസ്യങ്ങളും നൽകുന്ന പ്ലാനറ്റേറിയം അനുഭവം, വിവിധ കായിക ഇനങ്ങളിലെ പരിശീലനം തുടങ്ങിയവയെല്ലാം ഉൾക്കൊള്ളുന്നതായിരുന്ന വേനലവധി ക്യാമ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.