ദോഹ: സിറ്റി എക്സ്ചേഞ്ച് ഖിയ ചാമ്പ്യൻസ് ലീഗ് ഫുട്ബാൾ ടൂർണമെന്റിൽ ഈയാഴ്ച കിരീടപ്പോരാട്ടം. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയിൽ ദോഹ സ്റ്റേഡിയം വേദിയായ ആവേശകരമായ സെമിഫൈനലിനൊടുവിൽ സിറ്റി എക്സ്ചേഞ്ച് എഫ്.സിയും സഫാരി ഫ്രൈഡേ ഫിഫ മഞ്ചേരി എഫ്.സിയും ഫൈനലിൽ കടന്നു. ജൂൺ 16നാണ് കലാശപ്പോരാട്ടം.
ആദ്യ സെമിയിൽ സഫാരി ഫ്രൈഡേ ഫിഫ മഞ്ചേരി എഫ്.സി, സ്പിരിറ്റ് ഇവന്റ്സ് ഒലെ എഫ്.സിയെ 3-0ത്തിന് തോൽപിച്ചാണ് ഫൈനലിലേക്ക് മുന്നേറിയത്. ആദ്യ പകുതിയിൽ മത്സരം ഗോൾരഹിതമായി. തുടർന്ന്, സഫാരി ഫ്രൈഡേ ഫിഫ മഞ്ചേരി ഉണർന്നുകളിച്ചു. മികച്ചൊരു ഹെഡറിലൂടെ താഹിർ സമാൻ ടീമിന് ലീഡ് നൽകി.
സ്പിരിറ്റ് ഇവന്റ്സ് ഒലെ എഫ്.സിയുടെ തിരിച്ചുവരവിനുള്ള ശ്രമങ്ങൾക്കിടയിലും മുഹമ്മദ് മുഷറഫും ഫസലുറഹ്മാനുമാണ് സഫാരി ഫ്രൈഡേക്ക് വിജയ ഗോളുകൾ സമ്മാനിച്ചത്. രണ്ടാം സെമിഫൈനലിൽ, കഴിഞ്ഞ വർഷത്തെ ഫൈനലിൽ ഏറ്റുമുട്ടിയ ടീമുകൾ തമ്മിലായിരുന്നു അങ്കം. നിലവിലെ ചാമ്പ്യന്മാരായ സിറ്റി എക്സ്ചേഞ്ച് എഫ്.സി, സീഷോർ മേറ്റ്സ് ഖത്തറിനെ 2-1ന് പരാജയപ്പെടുത്തി.
കേരള സന്തോഷ് ട്രോഫി താരം ബുജൈറിന്റെ ഗോളിൽ സീഷോർ മേറ്റ്സ് ഖത്തർ ആദ്യ പകുതിയിൽ ലീഡ് നേടി. രണ്ടാം പകുതിയിൽ ആവേശകരമായ തിരിച്ചുവരവ് നടത്തിയ സിറ്റി എക്സ്ചേഞ്ചിനായി ശ്രീക്കുട്ടനും സാദിഖും സ്കോർ ചെയ്ത് വിജയം ഉറപ്പിച്ചു. ജൂൺ 16ന് ദോഹ സ്റ്റേഡിയത്തിൽ തന്നെയാണ് ഫൈനൽ മത്സരമെന്ന് സംഘാടകർ അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.