ദോഹ: ദോഹ എക്സ്പോ 2023ൽ പങ്കാളിത്തം സ്ഥിരീകരിച്ച് ലബനാൻ. ലബനാൻ കൃഷി മന്ത്രി അബ്ബാസ് ഹജ് ഹസന്റെ ഖത്തർ സന്ദർശനത്തിന് പിന്നാലെയാണ് പ്രഖ്യാപനം. അറബ് ലോകത്ത് ഏറ്റവുമധികം കൃഷിയോഗ്യമായ ഭൂമിയുള്ള രാജ്യമെന്ന സവിശേഷതയുള്ളതിനാൽ, റോബോട്ടിക്, ഡിജിറ്റൽ ആപ്ലിക്കേഷനുകൾ, അക്വാ-കൾച്ചറൽ ഫാമിങ് സിസ്റ്റം, വിളവെടുപ്പിന് ശേഷമുള്ള അടിസ്ഥാന സൗകര്യങ്ങളുടെ വിപുലീകരണം തുടങ്ങിയവയുൾപ്പെടെ നിരവധി നൂതന കാർഷിക രീതികൾ വികസിപ്പിച്ചെടുത്ത രാജ്യമാണ് ലബനാൻ.
കാർഷിക രീതികൾ, ഭക്ഷ്യശേഖരണത്തിന്റെയും സംരക്ഷണത്തിന്റെയും പരമ്പരാഗത രീതിയായ ‘മൗനെ’ എന്നിവ എക്സ്പോയിലെ ലബനീസ് പവിലിയനിലെ സവിശേഷതകളായിരിക്കും. മേഖലയിലെ മറ്റു രാജ്യങ്ങളെപ്പോലെ ലബനാൻ വരൾച്ച പ്രതിസന്ധി നേരിടുന്നതായും ഭൂഗർഭജല ദൗർലഭ്യവും കാലാവസ്ഥ വ്യതിയാന പ്രത്യാഘാതങ്ങളും അവിടെ രൂക്ഷമായിരിക്കുന്നുവെന്നും ഡോ. അബ്ബാസ് ഹജ് ഹസൻ പറഞ്ഞു. ദോഹ എക്സ്പോ 2023 ആഗോള പ്രശ്നങ്ങൾക്കുള്ള പ്രായോഗികവും ദീർഘകാലവുമായ പരിഹാരങ്ങളെക്കുറിച്ച് അവബോധം ഉയർത്തുമെന്ന് ഞങ്ങൾക്കുറപ്പുണ്ടെന്നും ലബനീസ് കൃഷി മന്ത്രി കൂട്ടിച്ചേർത്തു.
ഖത്തറും ലബനാനും പ്രധാനപ്പെട്ട പങ്കാളികളാണെന്നും എക്സ്പോയിൽ ലബനീസ് പവിലിയന് വേദിയാകുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ടെന്നും എക്സ്പോ കമീഷണർ ബദർ അൽ ദഫ പറഞ്ഞു. 2023 ഒക്ടോബർ രണ്ടു മുതൽ 2024 മാർച്ച് 28 വരെയായി ആറുമാസം നീണ്ടുനിൽക്കുന്ന എക്സ്പോയിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി മൂന്ന് ദശലക്ഷം സന്ദർശകരെയാണ് പ്രതീക്ഷിക്കുന്നത്.
179 ദിവസം നീണ്ടുനിൽക്കുന്ന എക്സ്പോക്ക് അൽബിദ്ദ പാർക്ക് വേദിയാകും. ഇന്റർനാഷനൽ സോൺ, ഫാമിലി സോൺ, കൾച്ചറൽ സോൺ എന്നിങ്ങനെ മൂന്ന് പ്രധാന മേഖലകളാക്കി പാർക്കിനെ വിഭജിക്കുമെന്നും കുടുംബങ്ങൾക്കും കുട്ടികൾക്കും വിനോദസഞ്ചാരികൾക്കും പൂന്തോട്ട നിർമാണ പ്രേമികൾക്കും ബിസിനസ് സന്ദർശകർക്കും വ്യത്യസ്ത പ്രവർത്തനങ്ങളാണ് എക്സ്പോ വാഗ്ദാനം ചെയ്യുകയെന്നും എക്സ്പോ സെക്രട്ടറി ജനറൽ മുഹമ്മദ് അൽ ഖൂരി നേരത്തെ വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.