ദോഹ: ലോകകപ്പിന് പന്തുരുളാനുള്ള ദിനങ്ങൾ കുറഞ്ഞ് വരവെ ഫൈനൽ വേദിയായ ലുസൈൽ ഐക്കണി സ്റ്റേഡിയവും മത്സര സജ്ജമാവുന്നു. നിർമാണ പ്രവൃത്തികളെല്ലാം പൂർത്തിയായ ലുസൈൽ സ്റ്റേഡിയം അധികം വൈകാതെ ഉദ്ഘാടനം ചെയ്യുമെന്ന് പ്രദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി അറിയിച്ചു. നവംബർ 21ന് കിക്കോഫ് കുറിക്കുന്ന ലോകകപ്പിന്‍റെ മറ്റ് ഏഴ് വേദികളും ഇതിനകം മത്സരങ്ങൾകൊണ്ട് സജീവമായതാണ്. ഏറ്റവും കൂടുതൽ ഇരിപ്പിട സൗകര്യവും, ഫൈനൽ ഉൾപ്പെടെ പ്രധാന മത്സരങ്ങളുടെ വേദിയുമായ ലുസൈൽ സ്റ്റേഡിയത്തിൽ മാത്രമാണ് ഇനി പന്തുരുളാനുള്ളത്.
ലോകകപ്പിന് 287 ദിനം ബാക്കിനിൽക്കെ എല്ലാ സ്റ്റേഡിയങ്ങളും പൂർണമായും മത്സര സജ്ജമായതായി സുപ്രീം കമ്മിറ്റി ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഖാലിദ് അൽ മൗലവി അറിയിച്ചു. ലുസൈൽ സ്റ്റേഡിയത്തിന്റെ ഉദ്ഘാടന പ്രഖ്യാപനം വൈകാതെ നടക്കും. 'ഒമ്പതു മാസത്തിലേറെ സമയം മുന്നിലിരിക്കെ ലോകകപ്പിന്‍റെ എല്ലാ വേദികളും മത്സര സജ്ജമായെന്ന് പ്രഖ്യാപിക്കുന്നതിൽ അഭിമാനമുണ്ട്. ലുസൈൽ സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം നിശ്ചയിച്ചിട്ടില്ല. എന്നാൽ, എല്ലാ നിർമാണ പ്രവർത്തനങ്ങളും പൂർത്തിയാക്കി ഏത് സമയവും ഉദ്ഘാടനത്തിന് സജ്ജമായി കഴിഞ്ഞു. വൈകാതെ സ്റ്റേഡിയം കാൽപന്ത് ആരാധകർക്കായി തുറന്നുനൽകാൻ കഴിയും. സ്റ്റേഡിയവും, അതുമായി ബന്ധപ്പെട്ടതുമായ മുഴുവൻ അടിസ്ഥാന സൗകര്യ നിർമാണവും പൂർത്തിയായി ' -ലോകകപ്പ് യോഗ്യത നേടിയ ടീമുകളുടെ പതാക ഉയർത്തൽ ചടങ്ങിൽ പങ്കെടുത്താണ് ഖാലിദ് അൽ മൗലവി ഇക്കാര്യം പറഞ്ഞത്.
2026 ലോകകപ്പിന്‍റെ സംയുക്ത ആതിഥേയരായ കാനഡ, അമേരിക്ക, മെക്സികോ എന്നീ മൂന്ന് രാജ്യങ്ങളും 'കോൺകകാഫ്' മേഖലയിൽ നിന്നും ഖത്തറിലേക്ക് യോഗ്യത നേടുന്നത് സ്വാഗതാർഹമാണെന്ന് അദ്ദേഹം പറഞ്ഞു. അടുത്ത ലോകകപ്പിന്‍റെ ആതിഥേയർ എന്ന നിലയിൽ അവരുടെ സാന്നിധ്യം ഖത്തറിനും, ഖത്തറിന്‍റെ ഒരുക്കങ്ങൾ അറിയാനും അനുഭവിക്കാനും അവർക്കുമുള്ള അവസരമായി ലോകകപ്പ് മാറുമെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ നവംബർ 30 മുതൽ ഡിസംബർ 18 വരെ നടന്ന ഫിഫ അറബ് കപ്പ് മത്സരങ്ങളോടെ ഖത്തറിന്‍റെ മുഴുവൻ സംവിധാനങ്ങളുടെയും ട്രയൽ റൺ പൂർത്തിയാക്കിയിരുന്നു. ലുസൈൽ സ്റ്റേഡിയവും ഖലീഫ ഇന്‍റർനാഷനൽ സ്റ്റേഡിയവും ഒഴികെ ആറ് വേദികളിലും മത്സരങ്ങൾ നടന്നു.
ഉദ്ഘാടന മത്സരവേദിയായ അൽബെയ്ത് സ്റ്റേഡിയം, റാസ് അബൂഅബൂദിലെ കണ്ടെയ്നർ സ്റ്റേഡിയം എന്നിവയുടെ ഉദ്ഘാടനവും അറബ് കപ്പിനിടെ നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.