ദോഹ: കുട്ടികളുടെ റമദാൻ നോമ്പ് ആഘോഷമായ ‘ഗരങ്കാവു’വിന് വേദിയൊരുക്കി ഖത്തറിലെ ലുലു ഹൈപ്പർമാർക്കറ്റും. ദോഹ മാൾ ലുലു ഹൈപ്പർമാർക്കറ്റിൽ നടന്ന ചടങ്ങിൽ പ്രമുഖ ഖത്തരി സോഷ്യൽ മീഡിയ താരം അബ്ദുല്ല അൽ ഗഫ്റി ഉദ്ഘാടനം ചെയ്തു.
ലുലു ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു. ഖത്തറി പൈതൃകത്തിന്റെ ഉത്സവമായി റമദാനിലെ 14ാമത്തെ നോമ്പിനാണ് ഗരങ്കാവു ആഘോഷിക്കുന്നത്. വൈവിധ്യമാർന്ന ‘ഗരങ്കാവു’ ഉൽപന്നങ്ങളുടെ ശേഖരവുമായി വമ്പൻ ഷോപ്പിങ് അനുഭവം ഒരുക്കിയാണ് ലുലു പൈതൃകാഘോഷത്തെ വരവേറ്റത്. സമ്മാനങ്ങളും, മിഠായികൾ, വസ്ത്രങ്ങൾ ഉൾപ്പെടെ ഗരങ്കാവു ഉൽപന്നങ്ങൾ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുന്നതാണ് ഷോപ്പിങ് ഫെസ്റ്റ്.
ആഘോഷങ്ങളുടെ ഭാഗമായി കുട്ടികൾക്ക് വിവിധ മത്സരങ്ങളും ഒരുക്കി. പത്തു വയസ്സിനു താഴെയുള്ളവർക്കായി നടന്ന കോസ്റ്റ്യൂം മത്സരത്തിൽ 200ലേറെ കുരുന്നുകൾ പങ്കെടുത്തു. ഒന്നാം സ്ഥാനം നേടിയവർക്ക് 1000 റിയാലിന്റെ ഗിഫ്റ്റ് വൗച്ചറും, രണ്ടാം സ്ഥാനക്കാർക്ക് 750ഉം, മൂന്നാം സ്ഥാനക്കാർക്ക് 500ഉം റിയാലിന്റെ വൗച്ചറുകൾ സമ്മാനിച്ചു.
രക്ഷിതാക്കൾ ഉൾപ്പെടെ നിരവധിപേർ കാഴ്ചക്കാരായെത്തിയിരുന്നു. കുട്ടികൾക്ക് സമ്മാനങ്ങളും മിഠായിയും നിറച്ച ബാഗുകൾ നൽകിയാണ് യാത്രയാക്കിയത്. പലനിറങ്ങളിലുള്ള വസ്ത്രങ്ങളണിഞ്ഞ് പങ്കെടുത്ത കുടികളുടെ കാഴ്ചയും ഹൃദ്യമായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.