ദോഹ: ഔദ്യോഗിക-തിരിച്ചറിയൽ രേഖകളിലെ തട്ടിപ്പുകളെ കൈയോടെ പിടികൂടാനുള്ള വിദഗ്ധ പരിശീലനവുമായി ആഭ്യന്തര മന്ത്രാലയം. മന്ത്രാലയത്തിലെ വിവിധ വകുപ്പുകളിൽനിന്നുള്ള ഉദ്യോഗസ്ഥർ, ജി.സി.സി രാജ്യങ്ങളിൽനിന്നുള്ള ഉദ്യോഗസ്ഥ ട്രെയിനികൾ ഉൾപ്പെടെയുള്ളവർക്കുവേണ്ടിയാണ് വ്യക്തിഗത, ഔദ്യോഗിക തിരിച്ചറിയൽ രേഖകളിലെ തട്ടിപ്പുകൾ എങ്ങനെ കണ്ടെത്താമെന്നതിനെക്കുറിച്ച് അഞ്ചുദിന ശിൽപശാല സംഘടിപ്പിച്ചത്.
സുരക്ഷയും സംരക്ഷണവും വർധിപ്പിക്കുക, വ്യാജരേഖകൾ കണ്ടെത്തുക, ഐഡന്റിറ്റി സ്ഥിരീകരിക്കുക, പാസ്പോർട്ട് മേഖലയിലുള്ളവർക്ക് വൈദഗ്ധ്യവും അറിവും കൈമാറ്റം ചെയ്യുക തുടങ്ങിയ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് കോഴ്സ് നടത്തിയത്.
ശാസ്ത്രീയ സംവിധാനങ്ങളും, ഒപ്പം പരിചയ സമ്പത്തും ഉപയോഗപ്പെടുത്തി തട്ടിപ്പുകളെ എളുപ്പം തിരിച്ചറിയാനുള്ള മാർഗങ്ങൾ ശിൽപശാലയിൽ പകർന്നുനൽകി.
ജി.സി.സി രാജ്യങ്ങളിലെ പാസ്പോർട്ട് വകുപ്പുകളുടെ യോഗത്തിന്റെ ഫലങ്ങളുടെയും പരിശീലന മേഖലയിലെ വൈദഗ്ധ്യം കൈമാറ്റം ചെയ്യുന്നതുമായി ബന്ധപ്പെട്ട അവരുടെ ശിപാർശകളുടെയും അടിസ്ഥാനത്തിലാണ് ഈ കോഴ്സ് നടക്കുന്നതെന്ന് ഖത്തർ ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്പോർട്ട് അഡ്മിനിസ്ട്രേറ്റിവ് അഫേഴ്സ് വിഭാഗം അസി.ഡയറക്ടർ ലെഫ്. കേണൽ ഫൈസൽ ദുഹൈം അൽ ദോസരി പറഞ്ഞു.
ഔദ്യോഗിക രേഖകളിലും ഐഡന്റിറ്റിയിലും നടത്തുന്ന കൃത്രിമങ്ങൾ തിരിച്ചറിയുന്നതിന് ആധുനിക രീതികൾ ഉപയോഗിച്ച് പങ്കാളികളെ സജ്ജരാക്കുകയെന്നതാണ് കോഴ്സ് കൊണ്ട് ഉദ്ദേശിക്കുന്നതെന്നും അൽ ദോസരി കൂട്ടിച്ചേർത്തു.
സാധുവായ രേഖകളും പേപ്പറുകളും, വ്യാജരേഖകളിൽനിന്ന് സുരക്ഷയും സംരക്ഷണവും ഉറപ്പാക്കുന്നതിനുള്ള സംവിധാനം, രേഖകളിലും പേപ്പറുകളിലും വ്യാജരേഖ ചമക്കുന്നതിന്റെ തരങ്ങളും രീതികളും തുടങ്ങിയ വിഷയങ്ങളാണ് കോഴ്സിൽ ഉൾപ്പെടുത്തിയതെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്പോർട്ട് അഡ്മിനിസ്ട്രേറ്റിവ് അഫേഴ്സ് വിഭാഗം പരിശീലന വകുപ്പ് മേധാവി ഫസ്റ്റ്. ലെഫ്. മുഹമ്മദ് ജാറല്ല അൽ നാബിത് പറഞ്ഞു.
വ്യാജരേഖാ നിർമാണവും അനന്തരഫലങ്ങളും, പാസ്പോർട്ടുകളും യാത്രാരേഖകളും പരിശോധിക്കുന്നതിലെ പ്രധാന ഘട്ടങ്ങൾ എന്നിവയും കോഴ്സിന്റെ ഭാഗമായിരുന്നു.വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട രേഖകളും പേപ്പറുകളും പരിശോധിക്കുന്നതിനുള്ള പ്രായോഗിക പരിശീലന പരിപാടികളും കോഴ്സിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് എയർപോർട്ട് പാസ്പോർട്ട് വകുപ്പ് ഇൻസ്പെക്ഷൻ ആൻഡ് വെരിഫിക്കേഷൻ ഉദ്യോഗസ്ഥനായ ഫസ്റ്റ്. ലെഫ്. ഖാലിദ് സുൽത്താൻ അൽ ഖഹൂമി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.