ദോഹ: അടുത്ത 10 വർഷത്തിനുള്ളിൽ രാജ്യത്ത് കൂടുതൽ മ്യൂസിയങ്ങൾ നിർമിക്കാൻ പദ്ധതിയുണ്ടെന്ന് ഖത്തർ മ്യൂസിയംസ് ചെയർപെഴ്സൻ ശൈഖ അൽ മയാസ ബിൻത് ഹമദ് ആൽ ഥാനി. അൽ ജസീറ മീഡിയ നെറ്റ്വർക്കിന്റെ ഏറ്റവും പുതിയ സ്ട്രീമിങ് പ്ലാറ്റ്ഫോമായ 360 ചാനലിൽ ‘ദി അദർ സൈഡ്’ എന്ന പ്രത്യേക അഭിമുഖത്തിൽ ഒല അൽ ഫാരിസുമായി സംസാരിക്കുകയായിരുന്നു അവർ.
90കളുടെ അവസാനത്തിൽ നിർമിച്ച ഖത്തർ മിൽസ് പുതിയ മ്യൂസിയമാക്കി മാറ്റുന്നതിന് പുറമെ, ലുസൈൽ മ്യൂസിയം, ഓട്ടോ മ്യൂസിയം തുടങ്ങിയ പുതിയ പദ്ധതികൾ നിർമാണത്തിലിരിക്കുകയാണെന്നും അഭിമുഖത്തിനിടെ ചൂണ്ടിക്കാട്ടി. വൈവിധ്യമാർന്ന സാംസ്കാരിക പദ്ധതികളിലൂടെ അറബ്, ഇസ് ലാമിക സ്വത്വം ഏകീകരിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അവർ വ്യക്തമാക്കി. ഫലസ്തീനിലെ ഇസ്രായേൽ ആക്രമണം ഉൾപ്പെടെ വിഷയങ്ങളിലും അവർ നിലപാട് വ്യക്തമാക്കി.
സ്വതന്ത്ര ഫലസ്തീൻ എന്നതാണ് ഖത്തറിന്റെ ആവശ്യമെന്ന് ആവർത്തിച്ച ശൈഖ മയാസ, ഫലസ്തീൻ വിഷയത്തിൽ ഖത്തറിന് പ്രത്യേക ശ്രദ്ധയുണ്ടെന്നും ചില അറബ് രാജ്യങ്ങൾ ഫലസ്തീൻ വിഷയത്തിൽ നിലപാട് മാറ്റിയെങ്കിലും ഖത്തറിന്റെ നിലപാടിൽ മാറ്റമില്ലെന്നും വ്യക്തമാക്കി. കുടുംബ വിശേഷങ്ങളും അഭിമുഖത്തിനിടെ അവർ പങ്കുവെച്ചു. പിതാവ് അമീർ മികച്ച കേൾവിക്കാരൻ കൂടിയാണെന്ന് പറഞ്ഞ ശൈഖ, ഉപദേശത്തിനായി തേടുന്ന ആദ്യ വ്യക്തിയും അദ്ദേഹമാണെന്നും പറഞ്ഞു. വിശ്വാസമുള്ള ശക്തയായ സ്ത്രീയാണ് മാതാവെന്നും അഭിപ്രായങ്ങൾ പ്രകടിപ്പിക്കേണ്ടതിന്റെയും മാറ്റത്തിനായി പരിശ്രമിക്കേണ്ടതിന്റെയും പ്രാധാന്യം അവർ പഠിപ്പിച്ചതായും ശൈഖ അൽ മയാസ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.