ദോഹ: ഒമിക്രോൺ റിപ്പോർട്ട് ചെയ്യുകയും, കോവിഡ് രോഗവ്യാപനം വർധിക്കുകയും ചെയ്ത പശ്ചാത്തലത്തിൽ മുൻകരുതലുകൾ ഓർമിപ്പിച്ച് പൊതുജനാരോഗ്യ മന്ത്രാലയം. മാസ്ക് അണിയുക, സാമൂഹിക അകലം പാലിക്കുക, കൈകൾ സാനിറ്റൈസ് ചെയ്യുക തുടങ്ങിയ കരുതലുകൾ കർശനമായി പിന്തുടരണമെന്ന് മന്ത്രാലയം പൊതുജനങ്ങളെ ഉണർത്തി. നേരത്തേ കോവിഡ് വ്യാപനം കുറഞ്ഞതോടെ മാസ്ക് അണിയുന്നതിൽ ഇളവുകൾ നൽകിയിരുന്നെങ്കിലും പുതിയ സാഹചര്യത്തിൽ കാര്യങ്ങൾ ഗൗരവത്തിലെടുക്കണമെന്ന് വിദഗ്ധർ നിർദേശിക്കുന്നു. പൊതുഇടങ്ങളിൽ മാസ്ക് ഒഴിവാക്കാൻ അനുവാദമുണ്ടെങ്കിലും ചില സാഹചര്യങ്ങളിൽ അവിടെയും മാസ്ക് അണിയണമെന്ന് അധികൃതർ വ്യക്തമാക്കി.
ഇൻഡോർ
ഇൻഡോറിൽ മാസ്ക് അണിയൽ നിർബന്ധമാണ്. മാളുകൾ, പള്ളി, സ്കൂൾ, ജോലി സ്ഥലങ്ങൾ, പൊതുഗതാഗത മാർഗങ്ങൾ, മജ്ലിസ്, വിവാഹ ചടങ്ങുകൾ, മരണാനന്തര ചടങ്ങുകൾ, സ്വകാര്യ സന്ദർശന സ്ഥലങ്ങൾ എന്നിവിടങ്ങളിൽ മാസ്ക് അണിയണമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു.
ഔട്ട്ഡോർ
തുറസ്സായ സ്ഥലങ്ങളിൽ മാസ്ക് അണിയൽ നിർബന്ധമില്ല. എന്നാൽ, താഴെ പറയുന്ന ചില സന്ദർഭങ്ങളിൽ മാസ്ക് നിർബന്ധമായും ഉപയോഗിക്കണം.
•മാർക്കറ്റ്, എക്സിബിഷൻ സെന്റർ, പൊതുപരിപാടികൾ എന്നീ വേദികളിൽ മാസ്ക് അണിയണം.
•പള്ളിയിലും പരിസരങ്ങളിലും, സ്കൂൾ, സർവകലാശാലകൾ, ആശുപത്രികൾ എന്നിവക്ക് അകത്തും പുറത്തും മാസ്ക് അണിയണം.
•തുറസ്സായ സ്ഥലത്താണ് ജോലിയെങ്കിലും ഉപഭോക്താക്കളുമായി പെരുമാറുന്ന ജീവനക്കാർ മാസ്ക് അണിയണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.