എൻെറ ടീച്ചർ സ്​നേഹം പകരുന്ന ഗുരുക്കന്മാർ

'നിങ്ങൾക്കിതു വായിക്കാൻ സാധിക്കുന്നുവെങ്കിൽ നിങ്ങളുടെ അധ്യാപകരെ ഓർക്കുക' - വളരെ അർഥവത്തായ ഈ ചിന്തയുടെ അനുസ്മരണമാണ് ഓരോ അധ്യാപക ദിനവും പേറുന്നത്. അബ്്ദുൾ കലാമിനെപ്പോലെ മഹാന്മാരായ പല വ്യക്തികളും തങ്ങളുടെ ജീവിതത്തിന് അവരുടെ അധ്യാപകരോട് കടപ്പെട്ടിരിക്കുന്നതായി പറയാറുണ്ട്. മഹാനായ അലക്സാണ്ടറുടെ അഭിപ്രായത്തിൽ 'എനിക്ക് ജീവൻ തന്നത് സ്വന്തം മാതാപിതാക്കളാണ്, എങ്കിലും ജീവിക്കേണ്ടത് എങ്ങനെയെന്ന് പഠിപ്പിച്ചത് അധ്യാപകരാണ്'.

ആധുനിക സാങ്കേതിക വളർച്ചയുടെ ഈ ലോകത്തു അധ്യാപകരോടുള്ളതിനേക്കാൾ കൂടുതൽ വിശ്വാസം കുട്ടികൾക്ക് ഗൂഗ്​ളിനോടും അലക്​സയോടും സിരിയോടും ആണുള്ളത്. പക്ഷേ, സാങ്കേതികവിദ്യ എത്രത്തോളം വളർന്നാലും, നാം ഒന്നോർക്കണം, അലക്സയോ, ഗൂഗ്​ളോ ഒരു കുട്ടിയെ സ്നേഹിക്കുന്നില്ല. ജ്ഞാനം, അനുഭവങ്ങൾ, ദയ, അച്ചടക്കം, അനുകമ്പ എന്നിവയുടെ ആകെത്തുകയാണ് അധ്യാപകൻ.

ഗുരു എന്ന വാക്കിൻെറ അർഥം, ഇരുട്ട് അകറ്റുന്നവൻ എന്നാണ്. നമ്മുടെ ജീവിതത്തെ സ്വാധീനിക്കുന്ന ഒരു പ്രധാന വ്യക്തിയാണ് ഗുരു. ഇന്നത്തെ വിദ്യാർഥികളെ നാളത്തെ നേതാക്കളായി വാർത്തെടുക്കാൻ ഒരു നല്ല അധ്യാപകന് കഴിയും. ഒരു അധ്യാപക െൻറ സ്നേഹവും വാത്സല്യവും സ്വഭാവവും കഴിവും ധാർമിക പ്രതിബദ്ധതയും വിദ്യാർഥികളെ ആഴത്തിൽ സ്വാധീനിക്കുന്നതാണ്. ഓരോ വിദ്യാർഥിക്കും അവരെ ഏറ്റവും കൂടുതൽ സ്വാധീനിച്ച ഒരു അധ്യാപകനുണ്ടാകും, അവരെ ജീവിതത്തിൻെറ യാഥാർഥ്യങ്ങൾ പഠിപ്പിച്ചുകൊടുത്ത ഒരു അധ്യാപകൻ. നമുക്കെല്ലാവർക്കും അറിയാവുന്നതുപോലെ കഴിഞ്ഞ രണ്ടു വർഷങ്ങളായി, കോവിഡ് സാഹചര്യം മൂലം, ഓൺലൈൻ വിദ്യാഭ്യാസത്തിനാണ് നാം കൂടുതൽ പ്രാധാന്യം നൽകുന്നത്. ഇങ്ങനെയൊരു സാഹചര്യത്തിൽ സ്വാഭാവികമായും പണ്ടത്തെപ്പോലെയൊന്നും ഒരു കുട്ടികൾക്ക്​ ക്ലാസ്സുകളിൽ ശ്രദ്ധയോടുകൂടി പങ്കെടുക്കുവാനോ അധ്യാപകരോട് തുറന്നു സംസാരിക്കുവാനോ സംശയങ്ങൾ ചോദിക്കുവാനോ സാധിച്ചെന്നു വരില്ല. കഴിഞ്ഞ വർഷത്തെ എൻെറ പത്താംക്ലാസ് ബോർഡ് പരീക്ഷയും ഓൺലൈൻ ക്ലാസും വളരെയധികം അലട്ടിയിരുന്നു. അങ്ങനെയിരിക്കെ ക്ലാസിൽ പഠിപ്പിച്ച ഒരു പ്രധാനപ്പെട്ട വിഷയം എനിക്ക് മനസ്സിലാകാതെ വന്നപ്പോൾ, ഞങ്ങളുടെ അധ്യാപിക, അന്ന് രാത്രിതന്നെ എന്നെ വിളിച്ചു പന്ത്രണ്ടുമണി വരെ കൂടെയിരുന്നു പഠിപ്പിച്ചു തരുകയും എന്നെ സാന്ത്വനിപ്പിക്കുകയും ചെയ്തു. എനിക്ക് ഇപ്പോൾ ആ വിഷയം (ജീവശാസ്ത്രം) പണ്ടത്തേക്കാൾ ഇഷ്്ടമാണ്. അതുപോലെ തന്നെ ആ അധ്യാപികയെയും. അവർക്കു വേണമെങ്കിൽ എന്നെ മാറ്റിനിർത്താമായിരുന്നു, പക്ഷേ, അത് ചെയ്തില്ല. ഒരു യഥാർഥ അധ്യാപികയുടെ സ്നേഹം എനിക്കന്നു മനസ്സിലായി. വർഷങ്ങൾ ഏറെ കഴിഞ്ഞ്​ ചിലപ്പോൾ ആ അധ്യാപിക എന്നെ പഠിപ്പിച്ചതെന്തെന്നു ഞാൻ മറന്നേക്കാം. എന്നാൽ, അവർ എനിക്ക് വേണ്ടി ചെലവഴിച്ച സമയവും, എനിക്ക് പകർന്നു തന്ന സ്നേഹവും കരുതലും ഒരിക്കലും മറക്കില്ല.

പഠിപ്പിക്കുന്നതെന്താണെന്നു മനസ്സിലാക്കാൻ പാടുപെടുന്നതിനാൽ ചിലപ്പോൾ അധ്യാപകർ വിദ്യാർഥികളെ നിന്ദിക്കുകയോ ശകാരിക്കുകയോ ചെയ്യാറുണ്ട്. പക്ഷെ, തെറ്റുകൾ പഠന പ്രക്രിയയുടെ ഭാഗമാണെന്നും എന്തെങ്കിലും മനസ്സിലാകുന്നില്ലെങ്കിൽ ഒരു വിദ്യാർഥിയും ഒരിക്കലും ചോദ്യങ്ങൾ ചോദിക്കാൻ ലജ്ജിക്കേണ്ടതില്ലെന്നും ഓരോ അധ്യാപകരും വിദ്യാർഥികളും മനസ്സിലാക്കണം.

ഇന്ന് വിദ്യാഭ്യാസം ഒരു കച്ചവട സംസ്കാരമായി മാറിയിരിക്കുകയാണ്. ഒന്നോർക്കണം, വിദ്യാർഥികളുടെ ബുദ്ധിയെ മാത്രമല്ല, അവരുടെ മനസ്സിനെയും ആത്മാവിനെയും സ്പർശിക്കുവാൻ അധ്യാപകർക്ക് സാധിക്കും. അതുകൊണ്ട് അധ്യാപനം ഒരു തൊഴിൽ എന്നതിനെക്കാളുപരി ദൈവദത്തമായ ഒരു നിയോഗമായി കരുതിയാൽ മാത്രമേ ഈ പുണ്യപ്രവൃത്തിയുടെ മാഹാത്മ്യം മനസ്സിലാവുകയുള്ളു.

പ്രിയപ്പെട്ട അധ്യാപകരെ, നിങ്ങൾ പറയുന്നതും ചെയ്യുന്നതും യുഗങ്ങളായി പ്രതിധ്വനിക്കപ്പെടും. നിങ്ങളുടെ പാഠങ്ങൾ അനശ്വരമായിരിക്കും. ഇതുവരെയും ജനിക്കാത്തവരെയും നിങ്ങൾ കാണുകയോ അറിയുകയോ ചെയ്യാത്ത വരുംതലമുറയെയും അത് ബാധിക്കും. ലോകത്തിൻെറ ഭാവി ക്ലാസ് മുറികളിലാണ്. നിരവധി ഭാവി നേതാക്കളും പ്രസിഡൻറുമാരും, മഹത്തായ എഴുത്തുകാരും, ജനാധിപത്യത്തിൽ തീരുമാനമെടുക്കുന്ന സാധാരണക്കാരും ഇന്ന് നിങ്ങൾ പഠിപ്പിക്കുന്ന ക്ലാസ്സിൽ ഉണ്ട്. ഒരു നല്ല നാളെ സൃഷ്്ടിക്കാൻ ക്ലാസ്​മുറികൾക്ക്​ സാധിക്കും, വാക്കുകൾക്കും പെരുമാറ്റത്തിനും സാധിക്കും.

അധ്യാപകരേ, നിങ്ങൾ കാരണം ഞങ്ങൾക്ക് ഒരു ശക്തമായ അടിത്തറ പണിയാൻ കഴിയണം. അതിന് മുകളിൽ ഞങ്ങൾക്ക് ഒരു നല്ല ജീവിതം കെട്ടിപ്പടുക്കാൻ കഴിയണം. 

Tags:    
News Summary - My Teachers who spread love

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-18 07:50 GMT