ദോഹ: ഹരിതഗൃഹ വാതകങ്ങൾ പുറന്തള്ളുന്ന നിരക്ക് പൂജ്യത്തിലെത്തിക്കുക എന്ന ‘നെറ്റ് സീറോ എമിഷൻ’ ലക്ഷ്യം വ്യോമയാന വ്യവസായ മേഖലക്ക് ഏറെ അകലെയുള്ള ലക്ഷ്യമെന്ന് ഖത്തർ എയർവേസ് സി.ഇ.ഒ അക്ബർ അൽ ബാകിർ. 2050ൽ നെറ്റ് സീറോ എമിഷനിലെത്തുക എന്നത് സമീപകാലത്ത് കൈവരിക്കാൻ പോകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. എയർലൈനുകളുടെ പി.ആർ വ്യായാമം മാത്രമാണ് ഇതെന്നും അദ്ദേഹം പരിഹസിച്ചു.
ഇക്കാര്യത്തിൽ നാം സ്വയം വിഡ്ഢികളാകരുതെന്നും 2030ലെ ലക്ഷ്യങ്ങളിൽ പോലും നാം എത്തുകയില്ലെന്നും സി.എൻ.എന്നിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ അൽ ബാകിർ വ്യക്തമാക്കി. ഇക്കാര്യം ഉറപ്പുപറയാകാനുകമെന്നും സുസ്ഥിര വ്യോമയാന ഇന്ധനത്തിനാവശ്യമായ (എസ്.എ.എഫ്) അസംസ്കൃത വസ്തുക്കൾ നമുക്ക് ലഭ്യമല്ലെന്നും അൽ ബാകിർ ചൂണ്ടിക്കാട്ടി.
അയാട്ട (ഇന്റർനാഷനൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷൻ)യുടെ വാർഷിക യോഗത്തിനിടെയാണ് സി.എൻ.എന്നുമായി അഭിമുഖം നടന്നത്. 2050ഓടെ കാർബൺ പുറന്തള്ളൽ പൂജ്യമാക്കാനുള്ള റോഡ് മാപ് പ്രഖ്യാപനവും യോഗത്തിൽ നടന്നിരുന്നു.
നിലവിൽ ഉൽപാദിപ്പിക്കുന്ന എസ്.എ.എഫിന്റെ അളവ് കണക്കിലെടുക്കുമ്പോൾ ഏവിയേഷൻ മേഖലയുടെ ലക്ഷ്യങ്ങൾ സമീപകാലത്ത് യാഥാർഥ്യമാവുകയില്ലെന്നും എയർലൈൻ മേഖലയിലെ ദീർഘകാല പരിചയസമ്പത്തുള്ള എക്സിക്യൂട്ടിവുകളിലൊരാളും അയാട്ട ചെയർമാനുമായ അൽബാകിർ വ്യക്തമാക്കി.
അതേസമയം, 2050ൽ നെറ്റ് സീറോ ആവുകയെന്ന ലക്ഷ്യം മുൻനിർത്തി 2030ഓടെ എസ്.എ.എഫിന്റെ ഉപയോഗം വർധിപ്പിക്കുമെന്ന് യോഗത്തിനിടെ അയാട്ട പ്രതിജ്ഞയെടുത്തു. ഈ ലക്ഷ്യങ്ങൾ നേടും അല്ലെങ്കിൽ അത് നടപ്പാക്കും. അതുമല്ലെങ്കിൽ ഇതെല്ലാം സാക്ഷാത്കരിക്കുമെന്ന് പറയുന്നത് കേവലം ഒരു പി.ആർ പ്രവർത്തനങ്ങളുടെ ഭാഗമാണെന്നും എന്നാൽ ആ ലക്ഷ്യം നേടുകയെന്നത് അപ്രാപ്യമാണെന്നും ആവർത്തിച്ചു. ലക്ഷ്യം ഒരിക്കലും എത്തിപ്പിടിക്കാൻ കഴിയില്ലെന്ന് പറയില്ല. എന്നാൽ, 2050 എന്ന സമയപരിധി ഇതിന് മതിയാവുകയില്ലെന്നും നമ്മൾ ഏറെ പിറകിലാണെന്നും കൂട്ടിച്ചേർത്തു. സി.എൻ.എൻ പുറത്തുവിട്ട കണക്കുകൾ പ്രകാരം നെറ്റ് സീറോ എന്ന ലക്ഷ്യത്തിലേക്ക് ആവശ്യമായ എസ്.എ.എഫ് ഉൽപാദനം ഇപ്പോഴും 0.1 ശതമാനത്തിനും താഴെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.