ദോഹ: ഒളിമ്പിക്സ് നഗരിയിൽ സുരക്ഷ ദൗത്യത്തിലേർപ്പെടുന്ന ഖത്തറിന്റെ ആഭ്യന്തര സുരക്ഷ വിഭാഗമായ ‘ലഖ്വിയ’യുടെ സേവനങ്ങൾ വിലയിരുത്തി ആഭ്യന്തര മന്ത്രിയും ലഖ്വിയ കമാൻഡറുമായ ശൈഖ് ഖലീഫ ബിൻ ഹമദ് ബിൻ ഖലീഫ ആൽഥാനി. പാരിസിലെ ഒളിമ്പിക് വേദിയിലായിരുന്നു മുതിർന്ന ലഖ്വിയ ഉദ്യോഗസ്ഥരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയത്. ഒളിമ്പിക്സ് സുരക്ഷയുടെ ഭാഗമായുള്ള ദൗത്യങ്ങളും, സേവനങ്ങളും ഓപറേഷനും ഉദ്യോഗസ്ഥർ മന്ത്രിക്കു മുമ്പാകെ വിശദീകരിച്ചു.
ഫ്രാൻസിന്റെ വിവിധ സേന വിഭാഗങ്ങളുമായി ചേർന്നാണ് ലഖ്വിയയും ഒളിമ്പിക്സ് സുരക്ഷയുടെ ഭാഗമായി പ്രവർത്തിക്കുന്നത്. ഒളിമ്പിക്സിന് കൊടിയേറുന്നതിന് രണ്ടാഴ്ച മുമ്പുതന്നെ രണ്ടായിരത്തോളം പേരുടെ സംഘം പാരിസിലെത്തിയിരുന്നു. സ്റ്റേഡിയം, വിമാനത്താവളം, യാത്രാ മാർഗങ്ങൾ, കാണികളുടെ മേഖലകൾ, വി.ഐ.പി തുടങ്ങിയ ഇടങ്ങളിലെ സുരക്ഷ ദൗത്യങ്ങളിൽ ഖത്തർ സജീവമാണ്. സന്ദർശനത്തിന്റെ ഭാഗമായി ഫ്രഞ്ച് സായുധസേന വിഭാഗമായ നാഷനൽ ജെൻഡർമിയർ കമാൻഡർ ലഫ്. ജനറൽ ക്രിസ്റ്റ്യൻ റോഡ്രിഗസുമായി കൂടിക്കാഴ്ച നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.